Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈ 25ന്

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാര്‍ലമെന്റിലേക്കും പ്രവിശ്യാ നിയമസഭകളിലേക്കുമുള്ള വോട്ടെടുപ്പ് ജൂലൈ 25-ന് നടക്കും. പ്രസിഡന്റ് മഅ്മൂന്‍ ഹുസൈന്‍ തെരഞ്ഞെടുപ്പ് തീയതി അംഗീകരിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. അഞ്ചു വര്‍ഷം ഭരിച്ച ദേശീയ, പ്രവിശ്യാ സര്‍ക്കാരുകളുടെ കാലാവധി ഈ മാസം 31-ന് അവസാനിക്കും. ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഇടക്കാല പ്രധാനമന്ത്രിയുടെ നേതൃത്തിലായിരിക്കും ഭരണം. കാവല്‍ പ്രധാനമന്ത്രി ആരായിരിക്കണമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. പ്രധാനമന്ത്രി ശാഹിദ് ഖഹ്ഖാന്‍ അബ്ബാസി, പ്രതിപക്ഷ നേതാവ് ഖുര്‍ഷീദ് ഷാ എന്നിവരില്‍ ഒരാളെയാകും കാവല്‍ പ്രധാനമന്ത്രിയാക്കുക.

പാക്കിസ്ഥാനില്‍ ആദ്യമായി 2013-ല്‍ നടന്ന ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ സര്‍ക്കാരാണ് കാലവധി പൂര്‍ത്തിയാക്കുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് പാര്‍ട്ടിയാണ് ഏറ്റവും വലിയ കക്ഷിയായി അധികാരത്തിലെത്തിയത്. പിന്നീട് അഴിമതിക്കേസിലുള്‍പ്പെട്ട നവാസിനെ സുപ്രീം കോടതി പ്രധാനമന്ത്രി പദത്തില്‍ നിന്നും നീക്കിയിരുന്നു. 

പത്തു കോടിയിലേറെ വോട്ടര്‍മാരാണ് പാക്കിസ്ഥാനിലുള്ളത്. നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍)ഉം മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയും തമ്മിലായിരിക്കും പ്രധാനമായും മത്സരം നടക്കുക. കോടതികളില്‍ നിന്ന് നിരവധി തിരിച്ചടികള്‍ നേരിട്ടിരുന്നെങ്കിലും ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മിക്കയിടത്തും ജയിച്ച നവാസിന്റെ മുസ്ലിം ലീഗ് തന്നെയാണ് ഏറ്റവും കരുത്തരായ പാര്‍ട്ടി.
 

Latest News