Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കരുത്- സമസ്ത 

കോഴിക്കോട്- വിദ്യാഭ്യാസ സഹായങ്ങള്‍ ഉള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയിലിന്നോളം അവകാശമായി അനുവദിച്ചിട്ടുള്ള ക്ഷേമ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കരുതെന്നും ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഇത് വലിയ സാമൂഹികാഘാതമായി മാറുമെന്നും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക വര്‍ഷം 2000ത്തോളം കോടി രൂപയുടെ ഫണ്ട് വെട്ടിക്കുറച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2400 കോടിരൂപയോളം വിനിയോഗിക്കാതെ പാഴാക്കിയെന്ന പരാതിയും നില നില്‍ക്കുന്നുണ്ട്. ന്യൂനപക്ഷ മന്ത്രാലയത്തെതന്നെ അപ്രസക്തമാക്കുന്ന തീരുമാനങ്ങളും നടപടികളുമാണ് സമീപകാാലത്ത് കേന്ദ്രത്തില്‍ നിന്നുണ്ടായത്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് വളരെ വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. സമസ്ത പ്രമേയത്തില്‍ പറഞ്ഞു. സ്‌കൂള്‍ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരള സര്‍ക്കാര്‍ ഗൗരവതരമായി കാണണമെന്നും വിവാദങ്ങളൊഴിവാക്കി പാഠ്യപദ്ധതി പരിഷ്‌കരണവുമായി മുന്നോട്ടുപോകണമെന്നും സമസ്ത ആവശ്യപ്പെട്ടു. 
കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തെത്തുടര്‍ന്ന് ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്തേക്ക് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയെ മുശാവറ തെരെഞ്ഞെടുത്തു.
കാരന്തൂര്‍ മര്‍കസില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച ഉലമാ കോണ്‍ഫ്രന്‍സ് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.  സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നിര്‍വഹിച്ചു. നവീനാശയങ്ങളെ കരുതിയിരിക്കുക, പണ്ഡിതര്‍ പ്രവാചകന്മാരുടെ പിന്‍ഗാമികള്‍, കെട്ടുറപ്പുള്ള കൂട്ടായ്മ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. സയ്യിദ് കെ എസ് ആറ്റക്കോയതങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കടലുണ്ടി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, പി എ ഹൈദറോസ് മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, അലവി സഖാഫി കൊളത്തൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Latest News