Sorry, you need to enable JavaScript to visit this website.

മരുഭൂമിയിലെ ഹരിതവൽക്കരണം

ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ഇതിനകം വിവിധ പദ്ധതികൾ രാജ്യത്ത് നടപ്പാക്കിക്കഴിഞ്ഞു. പലതും പുരോഗമിച്ചു വരികയുമാണ്. സ്വകാര്യ മേഖലയുമായും കാർഷിക വികസന നിധിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2030 ഓടെ കാർഷിക പ്രദേശങ്ങളിൽ നാലര കോടി ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാനും പുനരുപയോഗ ജലം ഉപയോഗിച്ച് 40 ലക്ഷം ചെറുനാരങ്ങ മരങ്ങൾ കൃഷി ചെയ്യാനുമാണ് തീരുമാനം. 

 

ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കാലാവസ്ഥ വ്യതിയാനമാണ്. അതിന്റെ പ്രതിഫലനങ്ങൾ വൻ ശക്തികളെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളുൾപ്പെടെ വികസിത, അവികസിത രാജ്യങ്ങളും ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രളയവും ഭൂമികുലുക്കവും അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയുമെല്ലാം ലോകമെങ്ങും വ്യാപക നാശമാണ് വിതയ്ക്കുന്നത്. ഇതിനു പുറമെ കാർബൺ പ്രസരണത്തിന്റെ പ്രത്യാഘാതങ്ങൾ മനുഷ്യ കുലത്തെ ഒന്നാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ്.  
പരിസ്ഥിതിയെയും പ്രകൃതിയെയും അതു പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ഇതുമൂലം ലോക ജനത നേരിടുന്ന പ്രയാസങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും അറുതി വരുത്താൻ ഹരിതവൽക്കരണവും വനനശീകരണത്തെ ചെറുക്കലുമാണ് പോംവഴി. ഈ തിരിച്ചറിവാണ് കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ ചേർന്ന ലോക കാലാവസ്ഥ ഉച്ചകോടിയിൽ വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും വനനശീകരണം ചെറുക്കുന്നതിനും 19 ബില്യൺ ഡോളറിന്റെ പദ്ധതി ആവിഷ്‌കരിച്ചത്. നൂറിലേറെ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചുകൊണ്ട് പദ്ധതിയിൽ ഭാഗഭാക്കായിട്ടുള്ളത്. ഇതിൽ എടുത്തു പറയേണ്ടത് സൗദി അറേബ്യ ഇക്കാര്യത്തിൽ സ്വീകരിച്ചു വരുന്ന നയനിലപാടുകളാണ്. മറ്റേതൊരു രാജ്യത്തിനും മാതൃകാപരമായ നടപടികളാണ് മരുഭൂ പ്രദേശമായ സൗദിയെ ഹിതാഭമാക്കാൻ ആവിഷ്‌കരിച്ചിട്ടുള്ള സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതി.
കാലാവസ്ഥ വ്യതിയാന വെല്ലുവിളിയെ ഫലപ്രദമായി നേരിടാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി പദ്ധതിയെന്നു വിശേഷിപ്പിക്കാവുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹരിതവൽക്കരണ പദ്ധതിയാണിത്.  കഴിഞ്ഞ വർഷം മാർച്ച് അവസാനത്തിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പദ്ധതി പ്രഖ്യാപിച്ചത്.  ഗ്രീൻ സൗദി ഇനീഷ്യേറ്റീവ്, ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനീഷ്യേറ്റീവ് സംരംഭങ്ങളുടെ പ്രഖ്യാപനത്തിലൂടെ മിഡിൽ ഈസ്റ്റ് മേഖലയിൽ കാർബൺ പ്രസരണം 60 ശതമാനം കുറച്ച് ശോഭനമായ ഭാവി രൂപപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ 5000 കോടി മരങ്ങളാണ് നട്ടുപിടിപ്പിക്കുക. ലോകത്തെ ഏറ്റവും വലിയ വനവൽക്കരണ പദ്ധതിയാണിത്. മരുഭൂമികൾ, സമുദ്ര തീരങ്ങൾ എന്നീ ആവാസ വ്യവസ്ഥകളെ പരിരക്ഷിച്ചും നഗര പ്രദേശങ്ങളിൽ പരമാവധി സസ്യങ്ങൾ വെച്ചുപിടിപ്പിച്ചുമുള്ള പരിസ്ഥിതി സംരക്ഷണ നയമാണ് ഇതിനായി രാജ്യം സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക പരിസ്ഥിതി മേഖലയുടെ പരിപോഷണത്തോടൊപ്പം പ്രകൃതി സമ്പത്ത് വർധിപ്പിക്കുന്ന പദ്ധതികളാണ് ഇതിനായി ആവിഷ്‌കരിച്ചിരിക്കുന്നത്.  ജി20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ടു തന്നെ ഈ പദ്ധതി സൗദി പ്രഖ്യാപിച്ചിരുന്നു.  
ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ഇതിനകം വിവിധ പദ്ധതികൾ രാജ്യത്ത് നടപ്പാക്കിക്കഴിഞ്ഞു. പലതും പുരോഗമിച്ചു വരികയുമാണ്. ഇതിൽ അവസാനമായി പ്രഖ്യാപിച്ചതാണ് നാലര കോടി ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്ന പദ്ധതി. സ്വകാര്യ മേഖലയുമായും കാർഷിക വികസന നിധിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2030 ഓടെ കാർഷിക പ്രദേശങ്ങളിൽ നാലര  കോടി ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാനും പുനരുപയോഗ ജലം ഉപയോഗിച്ച് 40 ലക്ഷം ചെറുനാരങ്ങ മരങ്ങൾ കൃഷി ചെയ്യാനുമാണ് തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടത്തിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുടക്കമിട്ടു. മക്ക, അസീർ, അൽബാഹ, ജിസാൻ പ്രവിശ്യകളിലാണ് നാലര കോടി ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുക. റിയാദ്, മക്ക, മദീന, നജ്‌റാൻ, അൽഖസീം, അൽബാഹ, അസീർ, ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് 40 ലക്ഷം ചെറുനാരങ്ങ മരങ്ങൾ വെച്ചുപിടിപ്പിക്കുക. ഈ പദ്ധതിയിലൂടെ പഴവർഗങ്ങളുടെ ഇറക്കുമതിയിൽ പകുതിയിലേറെയും പ്രതിവർഷം 450 കോടി റിയാലും ലാഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തിന്റെ ഹരിത പ്രദേശങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും കാർബൺ ബഹിർഗമനം കുറക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനും ഉപകരിക്കും. നിക്ഷേപക സാധ്യതകളും ഉയർത്തും. ഇതുവഴി ഭക്ഷ്യ സുരക്ഷക്കൊപ്പം രാജ്യത്തിന്റെ സുസ്ഥിര വികസനവും സാധ്യമാവും. മഴവെള്ളവും പുനരുപയോഗ വെള്ളവും പ്രയോജനപ്പെടുത്താനും പദ്ധതി സഹായകമാവും. 
ഇതിനു പുറമേയാണ് നഗര വനവൽക്കരണ പദ്ധതിയും ഗ്രീൻ ഹറം സ്‌ക്വയർ പദ്ധതിയും. ഏറ്റവും വലിയ  നഗര വനവൽക്കരണ പദ്ധതിയായ 'ഗ്രീൻ റിയാദി'ന് അടുത്തിടെ തുടക്കമിട്ടിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷനായ കമ്മിറ്റി ഓഫ് ഗ്രാൻഡ് പ്രോജക്ടുകളുടെ മേൽനോട്ടത്തിൽ 2019 മാർച്ച് 19 ന് സൽമാൻ രാജാവ് റിയാദിൽ ആരംഭിച്ച നാല് വൻ പദ്ധതികളിൽ ഒന്നാണ് ഗ്രീൻ റിയാദ്. ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളിൽ ഒന്നാക്കി റിയാദിനെ മാറ്റുന്നതിനു കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. 
തലസ്ഥാനത്ത്  7.5 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതാണ് ഗ്രീൻ റിയാദ് പദ്ധതി. ഇത് പ്രതിശീർഷ ഹരിത ഇടം 1.7 ചതുരശ്ര മീറ്ററിൽ നിന്ന് 28 ചതുരശ്ര മീറ്ററായി വർധിപ്പിക്കാനും നഗരത്തിലെ മൊത്തം ഹരിത ഇടം 545 ചതുരശ്ര കിലോമീറ്ററായി വർധിപ്പിക്കാനും സഹായിക്കും. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം താപനില കുറക്കാനും ഇതുപകരിക്കും. ആരംഭഘട്ട പദ്ധതിയെന്ന നിലയിൽ അസീസിയയിലെ 54 പൂന്തോട്ടങ്ങൾ, 61 സ്‌കൂളുകൾ, 121 പള്ളികൾ, 78 പാർക്കിങ് സ്ഥലങ്ങൾ എന്നിവിടങ്ങളിലായി 6,23,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി  ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം തങ്ങളുടെ സമീപപ്രദേശങ്ങളിൽ വനവൽക്കരണം ആരംഭിക്കുന്നതിനെ കുറിച്ച് നഗരവാസികളിൽ അവബോധം വളർത്താനും ലക്ഷ്യമിടുന്നു. മസ്ജിദുൽ ഹറാമിന്റെ ചത്വരങ്ങളിലും സമീപപ്രദേശങ്ങളിലും വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്ന ഗ്രീൻ ഹറം സ്‌ക്വയർ പദ്ധതിയും നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി ഹറമിലെ 25 ഇടങ്ങളിലായി ഒഴിഞ്ഞുകിടക്കുന്ന 7,344.5 ചതുരശ്ര മീറ്റർ സ്ഥലത്ത് ചെടികൾ നട്ടുപിടിപ്പിച്ചു വരികയാണ്.  കൂടാതെ ചെറിയ ടണലുകളുടെ മുൻവശത്തും ഹറമിലെ ശൗച്യാലയങ്ങളിലും കുടിവെള്ള പൈപ്പുകളുടെ സമീപവും ചെടികൾ നട്ടുപിടിപ്പിക്കും. 
ഏതു പദ്ധതിയുടെയും വിജയം അതു യഥാസമയം പ്രാവർത്തികമാക്കുന്നതിലും സംരക്ഷിക്കപ്പെടുന്നതിലുമാണ്. ഇതിനായി കർശന നിരീക്ഷണവും നിയമങ്ങളുമാണ് നടപ്പാക്കിയിരിക്കുന്നത്. അനധികൃതമായി മരം മുറിക്കുന്നവർക്ക് 10 വർഷം തടവോ 3 കോടി റിയാൽ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ അുഭവിക്കേണ്ടുന്ന ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. മരം മുറിക്കുന്നതിനു പുറമെ, ഔഷധ സസ്യം, ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകൾ ഉരിയുകയോ, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുകയോ ചെയ്യുന്നതെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണ്. നിയമത്തിന്റെ ബലത്തിലും പദ്ധതി നടത്തിപ്പിലെ ഇഛാശക്തിയിലും സൗദി മരുഭൂ പ്രദേശം ഹരിതാഭമായി മാറുന്നത് അതിവിദൂരമല്ല. 

Latest News