ട്രംപ് അയഞ്ഞു; കിമ്മുമായുള്ള കൂടിക്കാഴ്ച ജൂണില്‍ തന്നെ

സോള്‍- ജൂണ്‍ 12ന് സിംഗപൂരില്‍ നടത്താന്‍ നിശ്ചിയിച്ച യുഎസ്-ഉത്തര കൊറിയ ഉച്ചകോടിക്കുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് നാടകീയമായി പ്രഖ്യാപിച്ചിരുന്നു. ഉച്ചകോടിയുമായി മുന്നോട്ടു പോകുമെന്ന് ഉത്തര കൊറിയയും വ്യക്തമാക്കി. ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന തന്റെ ഉറച്ച തീരുമാനം കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉച്ചകോടിക്കുളള ഒരുക്കങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ടു പോകുകയാണ്. ജൂണ്‍ 12ന് സിംഗപൂരില്‍ വച്ച് കാണാമെന്നാണ് പ്രതീക്ഷ. ഇതില്‍ മാറ്റമില്ല- ട്രംപ് പറഞ്ഞു.

അതിനിടെ ശനിയാഴ്ച കൊറിയന്‍ അതിര്‍ത്തിയിലെ സൈനികരഹിത മേഖലയില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. ഉത്തരകൊറിയയെ ആണവനിരായൂധീകരിക്കുന്നതിന് താന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഉന്‍ വ്യക്തമാക്കിയതായി ഇന്‍ പറഞ്ഞു. ജൂണ്‍ 12 ന് നടത്താന്‍ നിശ്ചിയിച്ച ഉച്ചകോടി വിജയകരമായി നടത്തുമെന്നും ഇന്‍ പറഞ്ഞു. 

ഉത്തര കൊറിയയുടെ ശത്രുതാ മനോഭാവം ചൂണ്ടിക്കാട്ടി ഉച്ചകോടിയില്‍ നിന്ന് പിന്മാറുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത് ഏവരേയും ഞെട്ടിപ്പിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹം നിലപാടില്‍ അയവു വരുത്തുകയും ചെയ്തിരുന്നു.
 

Latest News