റിയാദ് - പുതുതായി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ച മേഖലകളിലെ തൊഴിലുകളില്‍ അര ലക്ഷത്തിലേറെ സൗദി യുവതീയുവാക്കള്‍ക്ക് പരിശീലനം നല്കി വരികയാണെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ചേംബര്‍ ഓഫ് കൊമേഴ്സുകളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പുതിയ മേഖലകളിലെ തൊഴിലുകള്‍ സ്വീകരിക്കുന്നതിന് സൗദികളെ പ്രാപ്തരാക്കുന്നത്.
പന്ത്രണ്ടു മേഖലകളിലെ തൊഴിലുകളില്‍ അര ലക്ഷത്തിലേറെ സൗദി യുവതീയുവാക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ തൊഴില്‍ പരിശീലനം നല്‍കുന്നത്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും മന്ത്രാലയത്തിനു കീഴിലെ അനുബന്ധ സ്ഥാപനങ്ങളുമാണ് ചേംബര്‍ ഓഫ് കൊമേഴ്സുകളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
പന്ത്രണ്ടു മേഖലകളില്‍ കൂടി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ജനുവരി അവസാനത്തില്‍ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 11 മുതല്‍ മൂന്നു ഘട്ടങ്ങളിലായി ഇത് നടപ്പാക്കും. സൗദി യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ വിപണിയില്‍ സൗദികളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതിനും ശ്രമിച്ചാണ് 12 മേഖലകളിലേക്കു കൂടി സൗദിവല്‍ക്കരണം വ്യാപിപ്പിക്കുന്നത്.
വാച്ച് കടകള്‍, കണ്ണട കടകള്‍ (ഒപ്റ്റിക്കല്‍സ്), മെഡിക്കല്‍ ഉപകരണങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇലക്ട്രിക്-ഇലക്ട്രോണിക്സ് ഉല്പന്നങ്ങള് വില്‍ക്കുന്ന കടകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, കാര്‍-ബൈക്ക് ഷോറൂമുകള്‍, ഫര്‍ണിച്ചര്‍ കടകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍-കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍-പുരുഷ ഉല്പന്നങ്ങള്, പാത്ര കടകള്‍, ചോക്കലേറ്റ്-പലഹാര കടകള്‍ എന്നീ മേഖലകളിലാണ് സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നത്.
കാര്‍-ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍-കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍-പുരുഷ ഉല്പന്നങ്ങള്, ഫര്‍ണിച്ചര്‍ കടകള്‍, പാത്ര കടകള്‍ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 11 മുതലും വാച്ച് കടകള്‍, കണ്ണട കടകള്‍ (ഒപ്റ്റിക്കല്‍സ്), ഇലക്ട്രിക്-ഇലക്ട്രോണിക്സ് ഉല്പന്നങ്ങള് വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒമ്പതു മുതലും മെഡിക്കല്‍ ഉപകരണങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പെറ്റ് കടകള്‍, ചോക്കലേറ്റ്-പലഹാര കടകള്‍ എന്നീ സ്ഥാപനങ്ങളില്‍ 2019 ജനുവരി ഏഴു മുതലും വിദേശികള്‍ ജോലി ചെയ്യുന്നതിന് പൂര്‍ണ വിലക്കുണ്ടാകും. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിദേശ തൊഴിലാളികള്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ വിദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശികളില്‍ ഒരാള്‍ക്ക് 20,000 റിയാല്‍ വീതം പിഴ ചുമത്തും. ഇത്തരം കടകളിലെ കാഷ്യര്‍ തസ്തികകള്‍ മാത്രമല്ല, മുഴുവന്‍ തൊഴിലുകളും സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം.






