ദമാം- കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസി ഇന്ത്യക്കാരെ പൂർണമായും അവഗണിച്ചതിൽ നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്ര കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വലിയ പ്രതീക്ഷകളോടെയാണ് പ്രവാസികൾ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരുന്നത്. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനും, കുത്തക കമ്പനികൾക്കും മുതലാളിമാർക്കും ധനികർക്കും നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങൾ വാരിക്കൊടുക്കാൻ ഒരു മടിയും കാണിയ്ക്കാത്ത കേന്ദ്ര ധനമന്ത്രി, പ്രവാസികളായ കോടിക്കണക്കിന് ഇന്ത്യക്കാർ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം തന്നെ മറന്ന പോലെയാണ് ബജറ്റ് അവതരിപ്പിച്ചത്.






