ജിദ്ദ - പ്രവാസികളെ അവഗണിച്ച യൂണിയൻ ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് പ്രവാസി വെൽഫെയർ വെസ്‌റ്റേൺ പ്രോവിൻസ് സെൻട്രൽ കമ്മിറ്റി. 2022 ൽ പ്രവാസികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി 100 ബില്യൺ ഡോളർ അഥവാ 8,17,915 കോടി രൂപ ഇന്ത്യയിലേക്കയച്ചു എന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ പ്രവാസി ദിവസിൽ പറഞ്ഞത്.
കോവിഡിന് ശേഷമുള്ള പ്രതിസന്ധികൾക്കിടയിലും ഒരു വർഷത്തിനിടെ 12 ശതമാനം വർധനവ് പ്രവാസി പണ വരവിലുണ്ടായി എന്നാണ് ധനകാര്യ മന്ത്രി വ്യക്തമാക്കിയത്. രാജ്യ പുരോഗതിയിൽ ഇത്ര ഭീമമായ പങ്കു വഹിക്കുന്ന പ്രവാസികൾക്ക് ഒന്നും തന്നെ പ്രഖ്യാപിച്ച യൂണിയൻ ബജറ്റിലില്ല. കോവിഡാനന്തര പ്രവാസ ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാത്ത ഒരു ബജറ്റായിപ്പോയി കേന്ദ്രം അവതരിപ്പിച്ചത്.
പ്രവാസി ക്ഷേമ കാര്യങ്ങളിൽ ഇന്ത്യൻ മിഷനുകൾക്ക് ഒരു വിഹിതം പോലും ഉൾപ്പെടുത്താത്ത, പ്രവാസികളിൽ നിന്നും ശേഖരിക്കുന്ന എമിഗ്രേഷൻ ഫണ്ട്, കമ്യൂണിറ്റി വെൽഫെയർ ഫണ്ട് തുടങ്ങിയ തുക പോലും ശരിയായ രൂപത്തിൽ ഉപയോഗിക്കാനുള്ള ക്രിയാത്മകമായ ഒരു നിർദേശവും ഇല്ലാത്ത, സ്വദേശിവൽക്കരണമടക്കുള്ള വിവിധ കാരണങ്ങളാൽ തിരിച്ചെത്തിയ പ്രവാസികൾക്കുള്ള ഒരു പുനരധിവാസ പദ്ധതികളും പ്രഖ്യാപിക്കാത്ത യൂണിയൻ ബജറ്റ് തീർത്തും നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് പ്രവാസി വെൽഫെയർ വെസ്‌റ്റേൺ പ്രോവിൻസ് സെൻട്രൽ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.






