കോഴിക്കോട് - കെ.എസ്.ആര്‍.ടി.സി കോഴിക്കോട്ട് നഗരയാത്ര സര്‍വീസിന് തുടക്കമായി. തിരുവനന്തപുരത്ത് നഗരക്കാഴ്ചകള്‍ കാണാന്‍ ആരംഭിച്ച ബസ് സര്‍വീസിന്റെ മാതൃകയിലാണ് കോഴിക്കോട്ടെയും സര്‍വീസ്. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസിലാണ് യാത്ര ആരംഭിച്ചത്. യാത്രയുടെ ഭാഗമായി തളി ക്ഷേത്രത്തിലെത്തിയ സഞ്ചാരികള്‍ക്ക് ക്ഷേത്ര പരസരത്ത് സ്വീകരണം നല്‍കി.
'കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര' എന്ന പേരില്‍ ആരംഭിച്ച സര്‍വീസ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് തുടങ്ങി പ്ലാനറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാര്‍ക്ക്, ഭട്ട്‌റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയര്‍ എന്നിവ വഴിയാണ് കടന്നുപോവുക.
200 രൂപയാണ് ചാര്‍ജ്. ഉച്ചക്ക് ഒന്നുമുതല്‍ രാത്രി എട്ടുവരെ നഗരം ചുറ്റിക്കാണാം. ദിവസവും ഒരു സര്‍വീസാണുണ്ടാവുക. ഓരോ സ്ഥലങ്ങളിലും ഇറങ്ങി കാണാനും ഫോട്ടോയെടുക്കാനും സൗകര്യമുണ്ടാകും. എന്നാല്‍, സര്‍വീസ് തുടങ്ങിയാല്‍ ഇടയ്ക്കുള്ള സ്‌റ്റോപ്പുകളില്‍വെച്ച് ബസില്‍ കയറാനാവില്ല. മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ബസിലുണ്ട്.
മറ്റു ജില്ലകളില്‍നിന്ന് ട്രെയിനിലും മറ്റും നഗരത്തിലെത്തുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ നഗരംകാണാന്‍ അവസരമൊരുക്കുകയാണ് യാത്രയുടെ ലക്ഷ്യം. രാവിലെ 9.30 മുതല്‍ രാത്രി ഒമ്പതുവരെ 9544477954, 9846100728 എന്നീ നമ്പറുകളില്‍ ട്രിപ്പുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യാം.






