മക്ക - മക്കയിൽ വൃക്ഷത്തൈകൾ നടാൻ തീർഥാടകർക്കും സന്ദർശകർക്കും വൈകാതെ അവസരം ഒരുങ്ങും. ലൈസൻസുള്ള നഴ്‌സറികളുമായി ബന്ധമുള്ള ഓൺലൈൻ സ്റ്റോർ വഴിയാണ് ഇതിന് അവസരമൊരുക്കുക. പദ്ധതിപ്രകാരം മക്ക നഗരസഭ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ ഓൺലൈൻ സ്റ്റോർ വൃക്ഷത്തൈ നടുകയും ഇതിന്റെ ദൃശ്യങ്ങൾ വൃക്ഷത്തൈ വാങ്ങിയ ഗുണഭോക്താവിന് അയച്ചുകൊടുക്കുകയുമാണ് ചെയ്യുക.
മക്കയിൽ വൃക്ഷത്തൈ നടുക എന്ന ശീർഷകത്തിലുള്ള പദ്ധതി മക്ക സാംസ്‌കാരിക ഫോറത്തിൽ മക്ക ലിറ്റററി ക്ലബ്ബ് മുന്നോട്ടു വെച്ചതായി ക്ലബ്ബ് അംഗം ഡോ. അബ്ദുല്ല അൽഹാരിസി പറഞ്ഞു. മക്കയുടെ പരിസ്ഥിതി ഹരിത പരിസ്ഥിതിയായി വേഗത്തിലും ഉയർന്ന ഗുണനിലവാരത്തിലും മാറ്റാനും ഹരിത പ്രദേശങ്ങൾ വ്യാപിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിൽ പങ്കാളിത്തം വഹിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കും. സൂചന നിരക്കിൽ വൃക്ഷത്തൈകൾ വാങ്ങാൻ അവസരമൊരുക്കുന്ന ആകർഷകമായ ഓൺലൈൻ സ്റ്റോർ രൂപകൽപന ചെയ്യും.
വൃക്ഷത്തൈ നടൽ പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങൾ നിർണയിക്കലും നട്ടുവളർത്താൻ അനുമതിയുള്ള മരങ്ങൾ നിർണയിക്കലുമാണ് മക്ക നഗരസഭയുടെ ചുമതല. പദ്ധതി നടപ്പാക്കാൻ അവലംബിക്കുന്ന ആപ്പിന് മക്ക സാംസ്‌കാരിക ഫോറം അനുമതി നൽകിയിട്ടുണ്ട്. ഈ ആപ് ഇപ്പോൾ മക്ക ലിറ്റററി ക്ലബ്ബിന്റെ പക്കലുണ്ട്. വൈകാതെ ആപ് എല്ലാവർക്കും ലഭ്യമാവുകയും മക്കയിലെത്തുന്ന മുഴുവൻ സന്ദർശകർക്കും തീർഥാടകർക്കും മക്കയിൽ വൃക്ഷത്തൈകൾ നടാൻ അവസരമൊരുങ്ങുമെന്നും ഡോ. അബ്ദുല്ല അൽഹാരിസി പറഞ്ഞു.






