റിയാദ് - സൗദി അറേബ്യ ഈ വർഷം രണ്ടര കോടി വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് പറഞ്ഞു. കഴിഞ്ഞ വർഷം ടൂറിസം മേഖല ധനവിനിയോഗം 18,500 കോടി റിയാൽ കവിഞ്ഞു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ടൂറിസം മേഖല ധനവിനിയോഗം 93 ശതമാനം തോതിൽ വർധിച്ചു. 2019 ലെ ധനവിനിയോഗ തോതും കഴിഞ്ഞ വർഷം മറികടന്നു.
ആഗോള തലത്തിൽ ഏറ്റവുമധികം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന 17 ാമത്തെ രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ വർഷം 1.6 കോടി ടൂറിസ്റ്റുകളാണ് സൗദിയിലെത്തിയത്. കൊറോണ മഹാമാരിക്കു മുമ്പ് രാജ്യം സന്ദർശിച്ച വിദേശ ടൂറിസ്റ്റുകളേക്കാൾ 94 ശതമാനം കൂടുതൽ പേർ കഴിഞ്ഞ കൊല്ലം സൗദിയിലെത്തി.
കഴിഞ്ഞ വർഷം മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന 3.2 ശതമാനമായിരുന്നു. 2030 ഓടെ ഇത് പത്തു ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ കൊല്ലം ടൂറിസം മേഖലയിലെ ആകെ ജീവനക്കാർ 8,80,000 ആയി ഉയർന്നു. തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ജീവനക്കാരുടെ എണ്ണം 15 ശതമാനം തോതിൽ വർധിച്ചു. ടൂറിസം മേഖലയിൽ സൗദി വനിത ജീവനക്കാരുടെ പങ്കാളിത്തവും വലിയ തോതിൽ ഉയർന്നു. ഈ മേഖലയിലെ ആകെ ജീവനക്കാരിൽ 44 ശതമാനം പേർ സൗദി വനിതകളാണ്.
ടൂറിസം മേഖലയിൽ പത്തു ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഇതിന് പരിശീലന ഇൻസ്റ്റിറ്റിയൂട്ടുകൾ സ്ഥാപിക്കലും പരിശീലന കോഴ്‌സുകളും സേവനങ്ങളും വികസിപ്പിക്കലും ആവശ്യമാണ്. ടൂറിസം, ആതിഥേയ മേഖലയിൽ പരിശീലനത്തിന് ടൂറിസം മന്ത്രാലയം വലിയ പ്രാധാന്യം കൽപിക്കുന്നു. ടൂറിസം മേഖലയിലെ ജീവനക്കാർക്ക് പരിശീലനങ്ങൾ നൽകി ഈ മേഖലയിൽ സേവന നിലവാരം ഉയർത്തണം. ഉയർന്ന ഗുണനിലവാരമുള്ള പരിശീലന പദ്ധതികളിലൂടെ ജീവനക്കാരുടെ ശേഷി ഉയർത്തി ടൂറിസം മേഖല വികസിപ്പിക്കാൻ നിക്ഷേപകർ ശ്രമിക്കണം.
ടൂറിസം മേഖല നിക്ഷേപകർ പുതിയ നിയമാവലി പാലിക്കണം. നീതിപൂർവമായ മത്സര അന്തരീക്ഷവും നിക്ഷേപ സാഹചര്യവും സൃഷ്ടിക്കുകയും സേവന നിലവാരം ഉയർത്തുകയും ചെയ്യുന്ന നിലക്കാണ് പുതിയ നിയമാവലി മന്ത്രാലയം തയാറാക്കിയത്. ടൂറിസം മേഖലയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് വായ്പകൾ നൽകാൻ ബാങ്കിംഗ് മേഖലയുമായി ചേർന്നുള്ള വായ്പ പദ്ധതികൾ ടൂറിസം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു പദ്ധതികളിലൂടെ 18,000 ലേറെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ആകെ 150 കോടി റിയാലിന്റെ വായ്പകളാണ് നൽകുന്നത്. സൗദിയില ടൂറിസം മേഖലയെ കുറിച്ച് പരിചയപ്പെടുത്താൻ കഴിഞ്ഞ വർഷം ടൂറിസം മന്ത്രാലയം 11 മാധ്യമ പ്രചാരണങ്ങൾ നടത്തി. സൗദിയിലെ നഗരങ്ങൾ, പ്രകൃതി, ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങൾ, ചരിത്ര, പൈതൃക കേന്ദ്രങ്ങൾ എന്നിവക്ക് ഊന്നൽ നൽകിയുള്ള ഈ പ്രചാരണങ്ങൾ 35 രാജ്യങ്ങളിലുള്ളവരിൽ എത്തിയതായും ടൂറിസം മന്ത്രി പറഞ്ഞു.






