മക്ക - വിശുദ്ധ ഹറമിൽ പുതുതായി നാലിനം ശുചീകരണ ഉപകരണങ്ങൾ ഏർപ്പെടുത്തി. ഹറം വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പുതിയ ഉപകരണങ്ങൾ ഉദ്ഘാടനം ചെയ്തു. ഹറമിന്റെയും ഹറം സന്ദർശകരുടെയും പരിചരണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ശുചീകരണ ഉപകരണങ്ങൾ ഏർപ്പെടുത്തിയത്.
ഹറമിലെ വാസ്തുവിദ്യ ഘടകങ്ങളിൽനിന്നുള്ള പൊടിപടലങ്ങൾ ആഗിരണം ചെയ്യൽ, പരവതാനികൾ തൂത്തുവാരൽ, ഗോവണികൾ ശുചീകരിക്കൽ-കഴുകൽ, എസ്‌കലേറ്ററുകൾ ശുചീകരിക്കൽ, നിലം കഴുകി വൃത്തിയാക്കൽ എന്നീ ജോലികളാണ് പുതിയ ശുചീകരണ ഉപകരണങ്ങൾ നിർവഹിക്കുന്നത്.
മൊബൈൽ ചാർജറുകൾ ഏകീകരിക്കാൻ നീക്കം
റിയാദ് - സൗദിയിൽ മൊബൈൽ ഫോണുകളുടെയും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും ചാർജറുകൾ യു.എസ്.ബി-സി ഇനമായി ഏകീകരിക്കുന്നതിനെ കുറിച്ച് കമ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്‌സും പഠിക്കുന്നു. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അധിക ചെലവുകൾ വരുത്താതിരിക്കാനും ഉയർന്ന നിലവാരമുള്ള ചാർജിംഗ്, ഡാറ്റ ട്രാൻസ്ഫർ സാങ്കേതികവിദ്യ നൽകാനും ഇ-മാലിന്യത്തിന്റെ അളവ് കുറക്കുന്നതിലൂടെ പാരിസ്ഥിതിക സുസ്ഥിരത തത്വങ്ങളെ പിന്തുണക്കാനുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ദീർഘകാല സാമൂഹിക, പാരിസ്ഥിതിക സ്വാധീനങ്ങളും ചാർജറുകൾ ഏകീകരിക്കാനുള്ള സമീപനം നടപ്പാക്കുന്നതിന്റെ സാധ്യതകളുമാണ് ഇരു ഏജൻസികളും വിവിധ ഘട്ടങ്ങളിലൂടെ പഠിക്കുന്നത്. ഇതിന്റെ ഭാഗമായി മാർക്കറ്റ് ഡാറ്റ വിശകലനം ചെയ്യുകയും ഫീൽഡ് സർവേ നടത്തുകയും എല്ലാതരം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും ചാർജറുകൾ പരിശോധിക്കുകയും ചെയ്യും. പഠന ഫലങ്ങളും വിപണിയുടെ സുസജ്ജതക്ക് അനുസൃതമായി പദ്ധതി നിർബന്ധമാക്കി തുടങ്ങുന്ന സമയവും പിന്നീട് പ്രഖ്യാപിക്കും.
ചാർജറുകളുടെ ഏകീകരണത്തിലൂടെ വ്യത്യസ്ത കമ്പനികൾ നിർമിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് ഒരുതരം ചാർജിംഗ് കാബിൾ ഉപയോഗിക്കാൻ സാധിക്കും. ആഗോള വിപണിയിൽ ടെലികോം, ഐ.ടി മേഖലകളിൽ നടക്കുന്ന മാറ്റങ്ങൾക്കനുസൃതമായാണ് സൗദിയിൽ ചാർജറുകൾ ഏകീകരിക്കാൻ ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ വിപണികളിൽ വ്യത്യസ്ത ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ചാർജറുകൾ ഏകീകരിക്കാൻ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇ-മാലിന്യങ്ങളുടെ അളവ് കുറക്കുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും പുതിയ നീക്കം സഹായിക്കും. സാങ്കേതിക ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്തി ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിലുള്ള പങ്ക് കണക്കിലെടുത്തു കൂടിയാണ് ചാർജറുകൾ ഏകീകരിക്കാൻ കമ്യൂണിക്കേഷൻസ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്‌സും ശ്രമം നടത്തുന്നത്.






