ദമാം- സൗദി കിഴക്കൻ പ്രിവിശ്യയിലെ സംഘടനാ നേതാക്കളുമായി കേരള സംസ്ഥാന റവന്യൂ മന്ത്രി കെ.രാജൻ നടത്തിയ കൂടിക്കാഴ്ച ഏറെ ശ്രദ്ധേയമായി. സൗദിയിലെ മുഖ്യധാരാ പ്രവാസി സംഘടനകളായ നവയുഗം, നവോദയ, കെ.എം.സി.സി, ഒ.ഐ.സി.സി, ഐ.എം.സി.സി, പ്രവാസി വെൽഫെയർ, തനിമ മുതലായവയ്‌ക്കൊപ്പം ഒട്ടേറെ പ്രാദേശിക, സാമുദായിക പ്രവാസി സംഘടനകളുടേതുമായി എൺപതിലേറെ പ്രതിനിധികൾ ലീഡേഴ്സ് മീറ്റിൽ പങ്കെടുത്തു.
സൗദിയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംഘടനാ നേതാക്കൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിമാനയാത്ര പ്രശ്‌നങ്ങളും, കഴുത്തറുക്കുന്ന വിമാന നിരക്കുകളെക്കുറിച്ചുള്ള പരാതികളും, നോർക്ക-പ്രവാസി ക്ഷേമനിധി എന്നിവയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും, പ്രവാസി പുനരധിവാസവും ലോക കേരളസഭയെക്കുറിച്ചുള്ള നിർദേശങ്ങളുമൊക്കെ ചർച്ചയിൽ സംഘടനാ നേതാക്കൾ ഉയർത്തി.
ഏറെ ശ്രദ്ധയോടെ എല്ലാ പരാതികളും, നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും കേട്ട മന്ത്രി, ചർച്ചകൾക്ക് വിശദമായ മറുപടി നൽകി. പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിയ്ക്കാൻ റവന്യൂ വകുപ്പിൽ ഏകജാലക സംവിധാനം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രവാസികളുടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും നൽകിയ നിവേദനങ്ങളും അദ്ദേഹം സ്വീകരിച്ചു. നവയുഗം സാംസ്‌ക്കാരിക വേദിയാണ് ദമാം ബദർ അൽ റാബി ഹാളിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി സുനീറും ലീഡേഴ്സ് മീറ്റിൽ പങ്കെടുത്തു സംസാരിച്ചു. നവയുഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, സെക്രെട്ടറി എം.എ വാഹിദ് കാര്യറ എന്നിവർ ലീഡേഴ്സ് മീറ്റിനു നേതൃത്വം നൽകി. കൊറോണ അപഹരിച്ച കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സർക്കാരിലെ ഒരു മന്ത്രി ദമാമിൽ എത്തുന്നത്. അതിന്റെ സന്തോഷം സംഘടനാ പ്രതിനിധികൾ പങ്കുവെച്ചു. നവയുഗം സാംസ്‌ക്കാരിക വേദി സംഘടിപ്പിച്ച 'നവയുഗസന്ധ്യ 2 കെ 22 എന്ന പരിപാടിയിൽ പങ്കെടുക്കാനും, സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് എറ്റുവാങ്ങാനുമാണ് കെ.രാജൻ ദമാമിൽ എത്തിയത്.






