ജിദ്ദ- ഗാന്ധിയുടെ ഇന്ത്യക്കായി ഭാരത് ജോഡോ യാത്ര എന്ന വിഷയത്തിൽ ഒ.ഐ.സി.സി ജിദ്ദ സംഘടിപ്പിച്ച ടേബിൾ ടോക്ക് ശ്രദ്ധേയമായി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടും മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തോടും അനുബന്ധിച്ചാണ് 'ഗാന്ധിയുടെ ഇന്ത്യക്കായി ഭരത് ജോഡോ യാത്ര' എന്ന വിഷയത്തിൽ ഒ.ഐ.സി.സി സൗദി വെസ്‌റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടേബിൾ ടോക്ക് പരിപാടി സംഘടിപ്പിച്ചത്.
വർഗീയ ശക്തികളിൽ നിന്നും മഹാത്മാ ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കാൻ, രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും നയിക്കുന്ന മതേതര മുന്നണിയിലൂടെ മാത്രമേ സാധ്യമാവൂ എന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗാന്ധിയെ വെടിവെച്ച് കൊന്ന വർഗീയതയുടെ 75-ാം വാർഷിക ദിനത്തിൽ വർഗീയ വിരുദ്ധ പോരാട്ടത്തിന് രാഹുൽ ഗാന്ധി കൂടുതൽ ശക്തി പകരുന്നുവെന്നത് പ്രതീക്ഷാജനകമാണെന്നും അവർ പറഞ്ഞു.
ചെറിയ തെറ്റുകളുടെ പേരിൽ പോലും മതേതര ചേരിയിലെ പല സംഘടനകളും, കോൺഗ്രസിന് വധശിക്ഷ വിധിച്ച പൂർവകാല സമീപനമാണ് സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ മൂർത്തീഭാവത്തിനു കാരണമായതെന്നും ആ തിരിച്ചറിവിനു ഭാരത് ജോഡോ യാത്ര കാരണമായെന്നു കരുതുന്നുവെന്നും അധ്യക്ഷത വഹിച്ചു സംസാരിച്ച റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ പറഞ്ഞു.
എല്ലാ ജനാധപത്യത്തിന്റെ കാവൽ സംവിധാനങ്ങളിലും കാതലായ വിള്ളലുകലുണ്ടായ കാലത്ത് വെറുപ്പിന്റെ രാഷ്ട്രീയം ഇല്ലാതാക്കാൻ തെരുവകളിൽ നടന്നു ബോധവത്കരണം മാത്രമാണ് വഴിയെന്നും അതിനു രാഹുൽ ഗാന്ധി നടത്തിയ പ്രയത്‌നം ചരിത്രത്തിന്റെ ഭാഗമാകുമെന്നും ഉദ്ഘാടനം ചെയ്ത്, സഹ്യ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും, മുൻ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കൂടിയായ പാപ്പറ്റ കുഞ്ഞിമുഹമ്മദ് പറഞ്ഞു. രാഷ്ട്രീയം പ്രത്യാശയുടെ പ്രയോഗവും പ്രതിനിധാനവുമാന്നെന്നിരിക്കെ പ്രത്യാശയുടെ പുതിയ കിരണങ്ങൾ ഭാരത് ജോഡോ യാത്ര നൽകുന്നുവെന്ന് വിഷയമവതരിപ്പിച്ച് റീജ്യണൽ കമ്മിറ്റി ട്രഷറർ ശ്രീജിത്ത് കണ്ണൂർ പറഞ്ഞു.

കോൺഗ്രസ് ശക്തിയാർജിക്കേണ്ടത് അനിവാര്യമാണെന്നും ആ തിരിച്ചറിവും ഊർജവും പകരുവാൻ ഭാരത് ജോഡോ യാത്രക്കായെന്നും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു. ത്രിപുരയിൽ സഖ്യത്തിലായിട്ടും ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്ന രാഷ്ട്രീയം അപകടമാണെന്ന് ന്യൂഏജ് ഇന്ത്യ ഫോറം രക്ഷാധികാരി പി.പി റഹീം അഭിപ്രായപ്പെട്ടു. വർഗീയതയാൽ കലുഷിതമായ വർത്തമാനകാല ഭാരതത്തിൽ വളരെ പോസിറ്റീവും അനുയോജ്യവുമായ രാഷ്ട്രീയ നീക്കമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് മലയാളം ന്യൂസ് എഡിറ്റർ എ.എം സജിത്ത് അഭിപ്രായപ്പെട്ടു. ലോകം കഴിഞ്ഞ കാലങ്ങളിൽ വിവിധ ഇടങ്ങളിലായി വസന്തമേള കണ്ടിട്ടുണ്ട്. ഒരു വേള ഭാരത് ജോഡോ യാത്ര പുതിയ ഇന്ത്യൻ വസന്തത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും എ.എം സജിത്ത് പറഞ്ഞു.
വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളായ പ്രിൻസാദ് കോഴിക്കോട്
(ഇസ് ലാഹി സെന്റർ), പി.വി അഷറഫ് (എം.ഇ.എസ്), സി.എച്ച് ബഷീർ (കെ.ഐ.ജി), ഷാനവാസ് വണ്ടൂർ (ഡബ്ല്യു.എം.എഫ്), സാദിഖലി തുവ്വൂർ (മാധ്യമം), ഇബ്രാഹിം അൽഹികമി (വിസ്ഡം), മുഹമ്മദ് കല്ലിങ്ങൽ (എസ്.ഐ.സി), സൈനുൽ ആബിദീൻ തങ്ങൾ (ഐ.സി.എഫ്), അബ്ദുൽ സത്താർ കണ്ണൂർ, അലി തേക്കുതോട്, ഹക്കീം പാറക്കൽ എന്നിവരും സംസാരിച്ചു.
ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ധീൻ മണനാക് നന്ദിയും പറഞ്ഞു. ഗാന്ധിജിയുടെ ഓർമകൾക്കു മുമ്പിൽ പ്രണാമമർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.






