മുസ്ലിം സ്ത്രീകളുടെ പളളി പ്രവേശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സമസ്ത സംസ്ഥാന അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. സ്ത്രീകളോട് പുറത്തിറങ്ങുമ്പോൾ സുഗന്ധം അണിയരുത് എന്ന നിർദ്ദേശത്തിന് കാരണം സ്ത്രീകളുടെ പള്ളി പ്രവേശനം തടയുക എന്ന ലക്ഷ്യമാണെന്നായിരുന്നു ജിഫ്രി തങ്ങൾ പ്രസംഗിച്ചത്. ജിഫ്രി തങ്ങളുടെ പ്രസ്താവനയോട് പ്രതികരിച്ചിരിക്കുകയാണ് റിയാദിലെ പ്രവാസി എഴുത്തുകാരി ഷിംന സീനത്ത്
ഷിംനയുടെ കുറിപ്പ് വായിക്കാം.
ശുചിത്വം ദൈവവിശ്വാസത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന ഒരു മതത്തിന്റെ അമരത്തിരുന്നാണ് ഇത് പറയുന്നതെന്നെങ്കിലും ജിഫ്രി തങ്ങൾ ഓർക്കണമായിരുന്നു.
ഇത്രയും കാലം മുസ്ലിം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കാൻ പാടില്ല എന്ന് പറഞ്ഞിരുന്നവർ അവർ പള്ളിയിൽ പോകാൻ ശ്രമിക്കുകയാണെങ്കിൽ തടയാൻ പാടില്ല എന്ന് റസൂൽ പറഞ്ഞിട്ടുണ്ടെന്ന നിലപാടിലേക്ക് എത്തിയിട്ടുണ്ട്, നല്ല കാര്യം.
പക്ഷെ, നിങ്ങളെത്രയോ സ്ത്രീകളെ തടഞ്ഞിട്ടുണ്ട്. നാട്ടിലുള്ള കാര്യം പോട്ടെ, ഉംറക്ക് വരുന്ന സ്ത്രീകളെ മക്ക, മദീന പ്രവേശനം മാത്രം അനുവദിച്ച് മസ്ജിദുൽ ഖുബ പോലുള്ള മറ്റ് ചരിത്രപള്ളികളിൽ തടയുന്ന ഉംറ ഗ്രൂപ്പുകളെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്.
സ്ത്രീകൾ പള്ളിയിൽ പോവുകയാണെങ്കിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച് ദുർഗന്ധം വമിക്കുന്നവരായി പോകണമെന്ന് റസൂൽ പറഞ്ഞിട്ടുണ്ടത്രെ . ഇതാണ് പുതിയ വാദം ( പുതിയതല്ല രണ്ടുമൂന്ന് വർഷം മുൻപുള്ള പ്രസംഗമാണ്. ഞാനിന്നാണ് കേട്ടത്).
പറഞ്ഞു പറഞ്ഞു പിടിച്ചു നിർത്താൻ കഴിയാത്ത ഒഴുക്കിലേക്ക് വീഴുമ്പോൾ പുതിയ കടുത്ത വൃത്തികെട്ട വാദങ്ങളുമായിട്ട് ഇറങ്ങുകയാണ്.
മുസ്ലിം ആൺകുട്ടികൾ ലൗജിഹാദ് നടത്തുന്നുണ്ടെന്ന ആരോപണവുമായി ക്രിസ്ത്യൻ പുരോഹിതൻ രംഗത്ത് വന്നപ്പോൾ ഉത്തരവാദിത്തത്തോടെ അതിൽ നിലപാടെടുത്ത് പുകഴ്ത്തലുകൾ ലഭിച്ച വ്യക്തിയാണ് ജിഫ്രി തങ്ങൾ. അന്നേ എനിക്ക് തോന്നിയിട്ടുണ്ട് അത് മുസ്ലിം പുരുഷന്മാരെ കുറിച്ചുള്ള വിഷയമായതുകൊണ്ടാണ് . മറിച്ച് മുസ്ലിംസ്ത്രീകൾക്കെതിരെയുള്ള വല്ല ആരോപണവുമായിരുന്നെങ്കിൽ ഉന്നയിച്ചവരോടൊപ്പം ചേർന്ന് സ്ത്രീകൾ വീട്ടിൽനിന്നിറങ്ങരുതെന്ന് പ്രസ്താവന ഇറക്കുന്നതിൽ മുൻപന്തിയിൽ ഇവരൊക്കെയുണ്ടായേനെ.






