Sorry, you need to enable JavaScript to visit this website.

കേരളത്തിന് നിരാശ നല്‍കിയ ബജറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടുത്താത്തതും കേരളത്തിന്റെ റെയില്‍ വികസനത്തിനായുള്ള പരാമര്‍ശങ്ങളൊന്നും ഉള്‍പ്പെടുത്താത്തതുമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റത്.

സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുകയുണ്ടായി. 3 ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ് ഇത്. 15ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളില്‍ ഉള്ളത് ഒരാവര്‍ത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനകമാകുന്നവ ഏതൊക്കെയാണെന്ന് പരിശോധിച്ച് അവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും. കേരളത്തിന്റെ റെയില്‍വേ, മറ്റു പശ്ചാത്തല സൗകര്യ വികസന പദ്ധതികളോട് അനുഭാവപൂര്‍വ്വമായ സമീപനം ഉണ്ടാകണമെന്നും ആവശ്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റ് സമ്മേളനത്തില്‍ തന്നെ ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Latest News