നീണ്ട ആറര പതിറ്റാണ്ട് ദീനീ പ്രബോധന രംഗത്ത്്് ജ്വലിച്ചുനിന്ന അമീറുൽ ഖുത്തബാ വൈലിത്തറ മുഹമ്മദു കുഞ്ഞി മൗലവി എന്ന മഹാപ്രതിഭ വിടപറഞ്ഞു. പഴയ തലമുറക്കൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തത്ര തന്റെ വാഗ്‌ധോരണികൾ കൊണ്ടു ജനം ഹൃദയം കീഴടക്കിയ വൈലിത്തറ, മത ഭൗതിക വിഷയങ്ങൾ അപഗ്രഥിക്കുന്നതോടൊപ്പം ഖുർആൻ ഹദീസ് എന്നതിനും പുറമെ ബൈബിളും ഗീതയും ഉപനിഷത്തുകളും അനായാസം തന്റെ പ്രസംഗ ശകലങ്ങളിൽ പെടുത്തി. ആ പ്രഭാഷണ കല അനുപമമാണ്. തെക്കൻ കേരളത്തിൽ മാത്രമല്ല, മലബാറിലേക്കും ആ പ്രസംഗ വൈഭവം വ്യാപിച്ചു. സ്ഫുടമായ ഭാഷയിലുള്ള ഇസ്‌ലാമിക പ്രബോധനം അക്കാലത്ത്് മലബാറിലെ മുസ്‌ലിംകളെ പരിചയപ്പെടുത്തിയതും വൈലിത്തറയാണ്. ദൂരദിക്കുകളിൽ നിന്നു പോലും ആ വാചാലതയിൽ ആകൃഷ്ടരായി ആളുകൾ പ്രവഹിച്ചിരുന്നു. ആരാധനാ ക്രമങ്ങളിലെ കൃത്യനിഷ്്ഠയും ഭക്ഷണ വിഷയത്തിൽ അദ്ദേഹം അനുവർത്തിച്ചിരുന്ന പഥ്യവും സ്റ്റേജ്, സൗണ്ട്, സിസ്റ്റം എന്നിവയിലെല്ലാമുള്ള വേറിട്ട ശൈലിയും നിബന്ധനകളും മറ്റു പ്രഭാഷകരിൽ നിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കി. എന്റെ പിതാവിന്റെ സഹപാഠി കൂടിയായിരുന്നു വൈലിത്തറ.
1924 ൽ ആലപ്പുഴ ജില്ലയിലെ പല്ലനയിൽ പണ്ഡിത ശ്രേഷ്ഠനായ വൈലിത്തറ മുഹമ്മദ് മുസ്‌ലിയാരുടെ മകനായി ജനിച്ച അദ്ദേഹം വാഴക്കാടൻ മുഹമ്മദ് മുസ്‌ലിയാർ, വടുതല കുഞ്ഞുവാവാ മുസ്‌ലിയാർ, പാനിപ്പള്ളി മുഹമ്മദ് മുസ്‌ലിയാർ, ആലി മുസ്‌ലിയാർ ഹൈദ്രോസ് മുസ്‌ലിയാർ കളത്തിപ്പറമ്പിൽ മൊയ്തീൻ കുഞ്ഞു മുസ്ലിയാർ തുടങ്ങിയ പ്രമുഖ പണ്ഡിതരുടെ കീഴിലാണ് വൈജ്ഞാനിക കാലം കഴിച്ചു കൂട്ടിയത്.
1960 കൾ മുതൽ ഇസ്ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക സായാഹ്നങ്ങളിലേക്ക് കരുത്തുറ്റ ദാർശനിക ചിന്തകൾ പകർന്നുനൽകിയാണ് വൈലിത്തറ ശ്രദ്ധേയനായത്. മലയാള കവിതകളും വിശ്വസാഹിത്യ കൃതികളും ഉദ്ധരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രബോധന സദസ്സുകളെ സാംസ്‌കാരിക സദസ്സുകൾ കൂടിയാക്കിയ വൈലിത്തറയുടെ വൈഭവം ആഗോള മുസ്ലിം സമൂഹത്തിൽ ഗൗരവമേറിയ ചർച്ചയായിരുന്നു. ഖുർആന്റെ പ്രാഥമിക പഠനം നടത്തിയത് തന്റെ സ്വദേശമായ പാനൂരിൽ തന്നെയായിരുന്നു.
പന്ത്രണ്ടാം വയസ്സിൽ തകഴിക്കടുത്തുള്ള കുന്നുമ്മയിലെ പള്ളി ദറസിൽ ചേർന്നു ദീനീ പഠനം ആരംഭിച്ചു പാപ്പിനിപ്പള്ളി മുഹമ്മദ് മുസ്‌ലിയാരായിരുന്നു അവിടത്തെ ഉസ്താദ്. അദ്ദേഹം പിന്നീട് പരിശുദ്ധ മക്കയിലേക്ക് കുടിയേറിപ്പാർക്കുകയും അവിടെ മസ്ജിദുൽ ഹറമിന് അടുത്ത് ദീർഘകാലം ദറസ് നടത്തുകയും ചെയ്തു. ഉസ്താദ് അവിടെ തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
14 വയസ്സായപ്പോൾ പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടൻ മുഹമ്മദ് മുസ്‌ലിയാർ അവർകളുടെ ദറസിൽ ചേർന്നു. ഓച്ചിറ ഉസ്താദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ കാലഘട്ടം ജീവിതത്തിൽ മറക്കാനാകാത്ത ഒട്ടേറെ സന്ദർഭങ്ങളാണ് വൈലിത്തറക്ക് സമ്മാനിച്ചത്.
ആദ്യ പ്രഭാഷണം 18 ാമത്തെ വയസ്സിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാർഷികത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനമായിരുന്നു വേദി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യൻ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോൾ ആര്യഭട്ട സ്വാമി കൈ പിടിച്ച് അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു 'വണ്ടർഫുൾ മാൻ' എന്ന്. പിന്നീട് നിരന്തരം വേദികൾ ലഭിച്ചു. ഹരിപ്പാട് താമല്ലാക്കൽ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര. മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുൽ ഉലൂം മദ്രസ വാർഷികമായിരുന്നു. ആദ്യകാലത്തെ മറ്റൊരു അവിസ്മരണീയ പ്രഭാഷണം കോഴിക്കോട് കുറ്റിച്ചിറ അൻസ്വാറുൽ മുസ്ലിമീൻ മദ്രസാങ്കണത്തിലേതാണ്. ഏഴു ദിവസത്തേക്കാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അത് 17 ദിവസം നീണ്ടു. അവസാന ദിവസങ്ങളിൽ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളും കേൾവിക്കാരനായി എത്തി. രാത്രി 10 മണി വരെ മാത്രമാണ് സാധാരണ പ്രഭാഷണം അനുവദിക്കുക. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗം പുലർച്ചെ രണ്ടു മണിവരെ നീണ്ടു. ആർക്കും ഒരു പരാതിയും ഉണ്ടായില്ല. കാരണം അവർ പറഞ്ഞതൊക്കെ മുസ്ലിമിന് വേണ്ടി മാത്രമായിരുന്നില്ല. എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ്.
മതപ്രഭാഷണത്തിന് ഒരു നിശ്ചിത ഘടനയും ശൈലിയുമൊക്കെ ഉണ്ടായിരുന്ന ഒരു കാലത്താണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. പരമ്പരാഗത ശൈലിയിലുള്ള പ്രഭാഷണങ്ങൾ കേട്ട് യുവാക്കളും അഭ്യസ്തവിദ്യരുമൊക്കെ അതിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയിരുന്നു. പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് വടക്കൻ കേരളത്തിലാകെ നല്ല സ്വീകാര്യത ലഭിച്ചു.ദേശീയ പാതയിൽ തോട്ടപ്പള്ളി മുതൽ പല്ലനയും പാനൂരും വരെ നീണ്ടുകിടക്കുന്ന തീരഭൂമിയിൽ ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമെന്യേ ആർക്കും കടന്നുവരാവുന്നൊരു ഇടമാണ് വൈലിത്തറ വീട്.
മതവും സാമൂഹികവും രാഷ്ട്രീയവും ശാസ്ത്രവും സമഞ്ജസമായി സമന്വയിപ്പിച്ചുള്ള തുല്യതയില്ലാത്ത വൈലിത്തറ എന്ന പ്രസംഗകന്റെ വിയോഗം വലിയ നഷ്ടം തന്നെയാണ് സമുദായത്തിനു ഏൽപിച്ചിട്ടുള്ളത്.






