വിദ്വേഷം തോറ്റു, സ്‌നേഹം ജയിച്ചു

ഇന്റർനെറ്റും ടെലിവിഷൻ ചാനലുകളും ഇത്രയേറെ പ്രചാരത്തിലാവുന്നതിന് മുമ്പ് 90 കളുടെ തുടക്കം. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനവും ബോളിവുഡ് ആസ്ഥാനവുമായ മുംബൈ നഗരത്തിന്റെ ജീവനാഡിയാണ് ലോക്കൽ ട്രെയിനുകളെന്ന് വിളിക്കുന്ന സബ് അർബൻ ട്രെയിനുകൾ. അക്കാലത്ത് കേരളത്തിന്റെ പാതി ജനസംഖ്യയുണ്ടായിരുന്ന മഹാനഗരത്തിന്റെ വിദൂര കേന്ദ്രങ്ങളിൽ നിന്ന് ആളുകളെ വി.ടിയിലും ചർച്ച് ഗേറ്റിലും മുംബൈ സെൻട്രലിലും കുർളയിലുമെത്തിച്ചിരുന്നത് ലോക്കൽ ട്രെയിനുകൾ. ഈ തീവണ്ടികൾക്ക് അടുത്തടുത്ത് സ്‌റ്റോപ്പുകളുണ്ട്. എന്നാൽ ഒരിടത്തും പത്ത് സെക്കന്റിലധികം നിർത്താറില്ല. കമ്പാർട്ടുമെന്റുകളിൽ കയറാനും ഇറങ്ങാനും പ്രത്യേക പ്രാവീണ്യം നേടിയവരാണ് ഇതിലെ പതിവു യാത്രക്കാർ. വാശിയേറിയ ക്രിക്കറ്റ് മാച്ച് നടക്കുന്ന ഒരു ദിവസം ലോക്കൽ ട്രെയിൻ മസ്ജിദിലും  അന്ധേരിയിലുമെല്ലാം പതിവിൽ കൂടുതൽ നിർത്തുന്നത് കണ്ടു. റേഡിയോ കമന്ററി ശ്രവിച്ച് ഓരോ ലോക്കൽ സ്‌റ്റേഷനിലും അനൗൺസ് ചെയ്യാൻ പ്രത്യേക സംവിധാനമേർപ്പെടുത്തിയിരുന്നു. കൃത്യമായ സ്‌കോർ അറിഞ്ഞ് മുന്നേറുന്ന കാര്യത്തിൽ ലോക്കോ പൈലറ്റുമാരും അതീവ താൽപര്യം പ്രകടിപ്പിച്ചു. ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്ന വികാരമാണ് ക്രിക്കറ്റ്. അതിലേറെ ഇന്ത്യൻ മനസ്സുകളെ സ്വാധീനിക്കുന്ന ഒന്നാണ് ബോളിവുഡ് സിനിമകൾ. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ ബോളിവുഡ് ചിത്രങ്ങൾക്ക് മികച്ച പങ്കുണ്ട്. കശ്മീരിലും കേരളത്തിലും ബംഗളൂരുവിലും ജയ്പൂരിലും ഗുജറാത്തിലും കൊൽക്കത്തയിലുമെല്ലാം എല്ലാ കാലത്തും ഹിന്ദി ചലച്ചിത്രങ്ങൾക്ക് പ്രേക്ഷകരുണ്ട്. 
ഇന്ത്യക്ക് പുറത്ത് പോയാൽ  ഗൾഫിലോ, യൂറോപ്പിലോ, അമേരിക്കയിലോ ടാക്‌സിയിൽ കയറിയാൽ മറ്റു ദേശക്കാരായ ഡ്രൈവർമാർ ആദ്യം അന്വേഷിക്കുക ബോളിവുഡ് താരങ്ങളെ പറ്റിയായിരിക്കും. സൽമാൻ ഖാനും ബച്ചനുമൊക്കെ സുഖമായി കഴിയുന്നുവെന്ന് കേട്ടാൽ തന്നെ അവർക്ക് ആശ്വാസമായി. ഇന്ത്യയുടെ പ്രതീകമായാണ് ബോളിവുഡ് താരങ്ങളെയും ഗായകരെയും വിദേശ രാജ്യങ്ങളിലുള്ളവർ കാണുന്നത്. ജിദ്ദയിലെ വ്യാപാര കേന്ദ്രത്തിൽ അമിതാഭ് ബച്ചൻ ബ്രാൻഡ് പെർഫ്യൂം  കണ്ടിട്ടുണ്ട്. 
കോവിഡ് കാലത്തിന് ശേഷം തെക്കേ ഇന്ത്യയിലെ സിനിമ വ്യവസായം പഴയ നില കൈവരിച്ചപ്പോഴും ബോളിവുഡ് കടുത്ത പ്രതിസന്ധിയിലായിരുന്നു. കുറച്ചു കാലമായി ഹിറ്റുകളൊന്നുമുണ്ടായില്ല. 2020 ൽ നടൻ സുശാന്ത് സിംഗ് രജപുതിന്റെ മരണത്തോടെ ബോളിവുഡിൽ കടുത്ത ഭിന്നിപ്പും പ്രകടമായി. പ്രതികാര ബുദ്ധിയോടെ ബോളിവുഡ് താരങ്ങളെയും കുടുംബാംഗങ്ങളെയും മയക്കുമരുന്ന് കേസിൽ പെടുത്താനും സർക്കാർ ഏജൻസികളുടെ ശ്രമമുണ്ടായി. 
മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെ റീമേക്കിനെപ്പറ്റി വരെ ഹിന്ദി സിനിമക്കാർ ആലോചിക്കേണ്ടി വന്നു. ഇരുളടഞ്ഞ കാലഘട്ടത്തിന് അന്ത്യം കുറിച്ചാണ് ഷാരൂഖ് ഖാന്റെ പത്താൻ റിലീസ് ചെയ്തത്. അതും കടുത്ത വെല്ലുവിളികളെ നേരിട്ടാണ് ഈ സിനിമ തിയേറ്ററുകളിലെത്തിയത്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ മൾട്ടിപ്ലക്‌സുകൾ കത്തിക്കുമെന്ന് വരെ ഭീഷണി മുഴക്കിയിരുന്നു. ഏറെ വിവാദങ്ങൾക്ക് ശേഷം റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പത്താൻ ബോക്‌സ് ഓഫീസ് തകർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള കലക്ഷൻ 550 കോടി രൂപയിലെത്തി. ഒടിടിയും മറ്റും വരുമ്പോൾ കലക്്ഷൻ ഇനിയും കുതിച്ചുയരും. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്‌ക്രീനുകളിലാണ് പത്താൻ റിലീസ് ചെയ്തത്. ഇന്ത്യക്ക് പുറത്ത് 2500 സ്‌ക്രീനുകളാണ് ലഭിച്ചത്. കെജിഎഫ്2, ബാഹുബലി 2 ഹിന്ദി പതിപ്പുകളെ പിന്തള്ളി 200 കോടി ക്ലബ്ബിൽ പെട്ടെന്ന്് പ്രവേശിച്ച ചിത്രം കൂടിയാണിത്. 
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തിൽ ദീപിക പദുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇന്ത്യക്കെതിരെ പാരീസ് ആസ്ഥാനമായി ചാരപ്രവർത്തനം നടത്തുന്ന റുബീന മുഹ്്‌സിൻ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. ബി.ജെ.പിയുടെ അനുബന്ധ സംഘടനകളും മുഖ്യമന്ത്രിയും മന്ത്രിമാരും സിനിമക്കെതിരെ കടുത്ത പ്രതിഷേധമുയർത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇടപെടേണ്ടി വന്നു. രണ്ടാഴ്ച മുമ്പ് ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് പ്രധാനമന്ത്രി സിനിമക്കെതിരെ പ്രതിഷേധിക്കലൊന്നും പാർട്ടിക്കാരുടെ പണിയല്ലെന്ന് ഓർമിപ്പിച്ചത്. 
നാല് വർഷത്തിന് ശേഷമാണ് കിംഗ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്. സീറോ എന്ന സിനിമ തകർന്നടിഞ്ഞതോടെ ഷാരൂഖിന്റെ കരിയർ അവസാനിച്ചുവെന്ന് കരുതിയവരാണേറെയും. 1988 ൽ ഫൗജിയിൽ തുടങ്ങിയ എസ്.ആർ.കെ 35 വർഷങ്ങൾക്കിപ്പുറവും കരിയർ ബെസ്റ്റ് അവതരിപ്പിക്കാനായതിന്റെ ആഹ്ലാദത്തിലാണ്. ആക്്ഷൻ രംഗങ്ങളും തനിക്കിണങ്ങുമെന്ന് തിയേറ്റുകൾക്ക് തീപ്പിടിക്കുന്നത് പോലുള്ള പത്താനിൽ ഷാരൂഖ് തെളിയിച്ചു. റഷ്യ, സ്‌പെയിൻ, അഫ്്ഗാനിസ്ഥാൻ, യു.എ.ഇ എന്നിവിടങ്ങളിലാണ് ഈ സിനിമ ചിത്രീകരിച്ചത്. ജോൺ എബ്രഹാം, സൽമാൻ ഖാൻ തുടങ്ങിയവരും ഷാരൂഖിനൊപ്പം ഗംഭീര പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 
തിങ്കളാഴ്ച രാത്രി മുംബൈ താജ് ഹോട്ടലിൽ ഈ സിനിമയുടെ അഞ്ഞൂറ് കോടി ആഘോഷം അരങ്ങേറിയിരുന്നു. ചരിത്ര വിജയം നേടിയ സിനിമക്ക് രണ്ടാം ഭാഗമുണ്ടാവുമോയെന്ന ചോദ്യത്തിന് ഇൻശാ അല്ലാഹ് എന്നാണ് സിദ്ധാർഥ് ആനന്ദ് മറുപടി നൽകിയത്. വിദ്വേഷം വെടിഞ്ഞ് സ്‌നേഹവും കരുണയും പ്രചരിപ്പിക്കുകയെന്നതാണ് സിനിമയുടെ ലക്ഷ്യമെന്ന് ഷാരൂഖ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ദീപികയെയും ജോൺ എബ്രഹാമിനെയും ചൂണ്ടിക്കാട്ടി ഖാൻ തുടർന്നു. അമർ ഇതാ എന്റെ വലതു ഭാഗത്ത്, ആന്റണി ഇടതു ഭാഗത്തും, അക്്ബർ മധ്യത്തിലും. ഷാരൂഖ്് ഖാൻ പറഞ്ഞതാണ് കാര്യം. എല്ലാ വിഭാഗങ്ങളും ഐക്യത്തോടെയും സ്‌നേഹത്തോടെയും കഴിയുന്ന മനോഹര രാജ്യമാണ് ഇന്ത്യ. ഈ സിനിമ പുറത്തിറങ്ങാനാവുമോയെന്ന കടുത്ത ആശങ്കയിലായിരുന്നു പിന്നിട്ട രണ്ടു മാസങ്ങളിലുമെന്ന് നിർമാതാക്കളും സംവിധായകനും പറഞ്ഞു. 
ഷാരൂഖ് ഖാന്റെ കഥാപാത്രം തികഞ്ഞ ദേശസ്‌നേഹിയാണ്. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് പത്താൻ എന്ന സൈനികൻ ഇന്ത്യക്കായി പൊരുതുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ 2019 ൽ റദ്ദ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് ജിമ്മെന്ന പാക്കിസ്ഥാൻ സൈനിക മേധാവി ഇന്ത്യയോട് പ്രതികാരം ചെയ്യാനിറങ്ങുന്നത്. 
ഔട്ട്് ഫിറ്റ് എക്‌സ് എന്ന തീവ്രവാദി ഗ്രൂപ്പുമായി ഇതിനായി പാക് മേധാവി കൈകോർക്കുന്നു. ഇന്ത്യയെ നശിപ്പിക്കാനുള്ള ജിമ്മിന്റെ പദ്ധതി തകർത്തെറിഞ്ഞ് രാജ്യത്തെ പത്താൻ രക്ഷിക്കുന്നതിന്റെ ആശ്വാസത്തോടെയാണ് പ്രേക്ഷകർ തിയേറ്റർ വിടുന്നത്. ഇന്ത്യയിലാകെ സമാധാനപരമായി ഈ സിനിമ ഇപ്പോഴും പ്രദർശിപ്പിക്കാനാവുന്നില്ലെന്നതാണ് വസ്തുത. മധ്യപ്രദേശിലെ നഗരങ്ങളിൽ ബജ്്‌റംഗ്ദളുകാർ തിയേറ്ററുകൾക്ക് മുമ്പിൽ പ്രതിഷേധാഗ്നി പടർത്തുകയാണ്. ആടെന്തറിഞ്ഞു അങ്ങാടി വാണിഭം? 

Latest News