കഴിഞ്ഞ വർഷം 8.7 ശതമാനം സാമ്പത്തിക വളർച്ച

റിയാദ് - കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 8.7 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. പതിനൊന്നു വർഷത്തിനിടെ സൗദി അറേബ്യ കൈവരിക്കുന്ന ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയാണിത്. ഇതിനു മുമ്പ് 2011 ൽ 10 ശതമാനം സാമ്പത്തിക വളർച്ച നേടിയിരുന്നു. 
കഴിഞ്ഞ വർഷം 8.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ഈ കൊല്ലത്തേക്കുള്ള പുതിയ ബജറ്റ് അംഗീകരിക്കുന്നതിനോടനുബന്ധിച്ച് സൗദി ധനമന്ത്രാലയം പ്രതീക്ഷിച്ചിരുന്നത്. സൗദിയിൽ കഴിഞ്ഞ വർഷം സാമ്പത്തിക വളർച്ച 8.3 ശതമാനമാണെന്ന് ഈ മാസം ലോക ബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയായി അന്താരാഷ്ട്ര നാണയനിധി ഒക്‌ടോബറിൽ 7.6 ശതമാനവും ജനുവരിയിൽ 8.7 ശതമാനവുമാണ് കണക്കാക്കിയത്. സൗദി ധനമന്ത്രാലയവും ലോക ബാങ്കും ഐ.എം.എഫും പ്രതീക്ഷിച്ചതിൽ കവിഞ്ഞ വളർച്ച കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു. 


2022 ൽ എണ്ണ മേഖല 15.4 ശതമാനവും പെട്രോളിതര മേഖല 5.4 ശതമാനവും സർക്കാർ മേഖല 2.2 ശതമാനവും വളർച്ചയാണ് കൈവരിച്ചത്. 2021 നാലാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നാലാം പാദത്തിൽ സാമ്പത്തിക വളർച്ച 5.4 ശതമാനമാണ്. നാലാം പാദത്തിൽ എണ്ണ മേഖല 6.1 ശതമാനവും പെട്രോളിതര മേഖല 6.2 ശതമാനവും സർക്കാർ മേഖല 1.8 ശതമാനവും വളർച്ച നേടി. 2021 രണ്ടാം പാദം മുതൽ തുടർച്ചയായി ഏഴാം പാദത്തിലാണ് സൗദി അറേബ്യ സാമ്പത്തിക വളർച്ച നേടുന്നത്. കൊറോണ മഹാമാരി വ്യാപനത്തോടെ സൗദി സമ്പദ്‌വ്യവസ്ഥ തുടർച്ചയായി ഏഴു പാദങ്ങളിൽ ശോഷണം നേരിട്ടിരുന്നു. 2021 രണ്ടാം പാദം മുതൽ വളർച്ച വീണ്ടെടുത്തു. 2021 രണ്ടാം പാദത്തിൽ 1.9 ശതമാനവും മൂന്നാം പാദത്തിൽ 7 ശതമാനവും നാലാം പാദത്തിൽ 6.7 ശതമാനവും കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 9.9 ശതമാനവും രണ്ടാം പാദത്തിൽ 12.2 ശതമാനവും മൂന്നാം പാദത്തിൽ 8.8 ശതമാനവുമായിരുന്നു സാമ്പത്തിക വളർച്ച. 


അതേസമയം, സൗദി അറേബ്യ ഈ വർഷം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാമ്പത്തിക വളർച്ച 2.6 ശതമാനമായി അന്താരാഷ്ട്ര നാണയനിധി കുറച്ചു. ഈ കൊല്ലം സൗദിയിൽ സാമ്പത്തിക വളർച്ച 3.7 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ഒക്‌ടോബറിൽ ഐ.എം.എഫ് റിപ്പോർട്ട് പറഞ്ഞിരുന്നു. പ്രതീക്ഷിക്കുന്ന വളർച്ചയിൽ 1.1 ശതമാനത്തിന്റെ കുറവാണ് ഐ.എം.എഫ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി എണ്ണയുൽപാദനം കുറഞ്ഞതാണ് സാമ്പത്തിക വളർച്ച കുറയാൻ കാരണം. ഈ വർഷം സൗദിയിൽ പെട്രോളിതര മേഖല ശക്തമായ വളർച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത കൊല്ലം 3.4 ശതമാനം സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2024 ൽ 2.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് ഐ.എം.എഫ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. 

Tags

Latest News