സൗദി ബാങ്കുകൾക്ക് റെക്കോർഡ് ലാഭം

റിയാദ് - സൗദി ബാങ്കുകൾ കഴിഞ്ഞ വർഷം റെക്കോർഡ് ലാഭം നേടിയതായി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 2022 ൽ 6,930 കോടി റിയാലാണ് ബാങ്കുകൾ ലാഭം നേടിയത്. ബാങ്കുകളുടെ ലാഭത്തിൽ 29 ശതമാനം വളർച്ച രേഖപ്പെടുത്തി. 2021 ൽ ബാങ്കുകളുടെ ആകെ ലാഭം 5,390 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ലാഭത്തിൽ 1,540 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. 
പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിച്ച് അമേരിക്കൻ ഫെഡറൽ റിസർവ് അടക്കം ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന് സൗദിയിലും വായ്പാ നിരക്കുകൾ വർധിപ്പിച്ചതാണ് റെക്കോർഡ് ലാഭം നേടാൻ ബാങ്കുകളെ സഹായിച്ചത്. സൗദി റിയാലിനെയും അമേരിക്കൻ ഡോളറിനെയും സ്ഥിരവിനിമയ നിരക്കിൽ ബന്ധിപ്പിച്ചതിനാൽ വായ്പാ നിരക്കുകളിൽ അമേരിക്കൻ ഫെഡറൽ റിസർവിന്റെ അതേ നയം പിന്തുടരുകയാണ് സൗദി അറേബ്യ ചെയ്യുന്നത്. 


ഡിസംബറിൽ ബാങ്കുകൾ 620 കോടി റിയാൽ ലാഭം നേടി. 2021 ഡിസംബറിൽ ഇത് 510 കോടി റിയാലായിരുന്നു. ഇതിനെക്കാൾ 110 കോടി റിയാൽ അധിക ലാഭം കഴിഞ്ഞ മാസം ബാങ്കുകൾ നേടി. ഡിസംബറിൽ ബാങ്കുകളുടെ ലാഭം 21 ശതമാനം തോതിൽ വർധിച്ചു. പത്തു സൗദി ബാങ്കുകളും സൗദിയിൽ പ്രവർത്തിക്കുന്ന പതിനഞ്ചു വിദേശ ബാങ്കുകളുടെ ശാഖകളും ആകെ നേടിയ ലാഭത്തിന്റെ കണക്കാണിത്. 
2021 ൽ ബാങ്കുകളുടെ ലാഭം 39.3 ശതമാനം തോതിൽ ഉയർന്നിരുന്നു. 2020 ൽ ബാങ്കുകളുടെ ലാഭം 3,870 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് 2021 ൽ ബാങ്കുകൾ 1,520 കോടി റിയാൽ അധിക ലാഭം നേടി. സൗദി ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ലാഭമാണ് 2021 ൽ നേടിയത്. 2013 ൽ 3,553 ഉം 2014 ൽ 4,007 ഉം 2015 ൽ 4,242 ഉം 2016 ൽ 4,038 ഉം 2017 ൽ 4,385 ഉം 2018 ൽ 4,814 ഉം 2019 ൽ 5,031 ഉം 2020 ൽ 3,870 ഉം 2021 ൽ 5,390 ഉം 2022 ൽ 6,930 ഉം കോടി റിയാലാണ് ബാങ്കുകൾ ലാഭം നേടിയത്.

Tags

Latest News