ഹിന്ദുത്വ ഭീകരതയും വംശഹത്യകളും റിപ്പബ്ലിക്കിനെ തകർത്തു -പ്രവാസി വെൽഫെയർ ദമാം

പ്രവാസി വെൽഫെയർ ദമാം റിപ്പബ്ലിക്ദിന പരിപാടിയിൽ സന്തോഷ് ഗോപനാരായണൻ സംസാരിക്കുന്നു.

ദമാം- പ്രവാസി വെൽഫെയർ ദമാം റീജിയണൽ കമ്മിറ്റി ഇന്ത്യൻ റിപ്പബ്ലിക് സമകാലിക ഇന്ത്യ എന്ന തലക്കെട്ടിൽ ചർച്ചയും സംവാദവും സംഘടിപ്പിച്ചു. പരിപാടിയിൽ വിഷയം അവതരിപ്പിച്ചു കൊണ്ട് റീജിയണൽ കമ്മിറ്റി അംഗം അമീൻ വി.ചുനൂർ സംസാരിച്ചു. ഗുജറാത്ത് അടക്കമുള്ള എല്ലാ വംശഹത്യകളെയും നിരന്തരം ഓർമകൾക്ക് വിധേയമാക്കണമെന്നും ഇന്ത്യയിൽ നടന്ന നെല്ലി വംശഹത്യയും ഭഗൽപൂരും, ബാബരി മസ്ജിദും 1947 ന്റെ മുൻപുണ്ടായ ബീഹാർ കലാപവും ഗുജറാത്ത് വംശഹത്യയും വിസ്മരിച്ചു പോകേണ്ടതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. 
വംശഹത്യകളുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നേതാക്കളായ ഭരണാധികാരികൾക്കുള്ള പങ്കിനെ എപ്പോഴും തുറന്നു കാട്ടേണ്ടതുണ്ട്. തെഹൽക്കയുടെ ആശിഷ് ഖേതന്റെ ജനുവരിയിൽ ഇറങ്ങിയ പുസ്തകം, റാണ അയ്യൂബിന്റെ ഗുജറാത്ത് ഫയൽസ്, വസ്തുതകൾ വ്യക്തമാക്കുന്ന ഡോക്യുമെന്ററികൾ തുടങ്ങിയവ ഉപയോഗിച്ച് വസ്തുതകൾ പ്രചരിപ്പിക്കേണ്ടതുണ്ട്. 


ശേഷം നടന്ന ചർച്ച സംവാദത്തിൽ മഹമൂദ് പുക്കാട്, സന്തോഷ് ഗോപനാരായണൻ എന്നിവർ സംസാരിച്ചു. സമകാലിക ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് കാലത്ത് ഇന്ത്യയുടെ റിപ്പബ്ലിക്കിനെ തിരിച്ചുപിടിക്കാൻ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും തയാറകണമെന്ന് അവർ പറഞ്ഞു. മൗലികാവകാശങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് റദ്ദ് ചെയ്യുകയും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി അട്ടിമറിക്കുകയും ചെയ്യുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് മോഡി ഭരണകൂടം നടപ്പിലാക്കുന്നത്. 
ഭരണഘടനയെ അതിന്റെ മൂല്യങ്ങളെ അട്ടിമറിക്കുന്ന തരത്തിൽ പ്രയോഗവൽക്കരിക്കുന്നതിനെതിരെയും ഭരണകൂടത്തിന്റെ സമഗ്രാധിപത്യ സ്വഭാവത്തിനെതിരെയും കൃത്യമായ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു വരണമെന്നും അവർ അഭിപ്രായപ്പെട്ടു. ഷക്കീർ ബിലാവിനകത്ത് സമാപന പ്രഭാഷണം നിർവഹിച്ചു.


1947 ഓഗസ്റ്റ് 15-ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ശേഷം  ബാബാ സാഹബ് ഡോക്ടർ ബി.ആർ.അംബേദ്കറുടെ നേതൃത്വത്തിൽ തയാറാക്കിയ ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്ന ദിവസമാണ് ജനുവരി 26. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഭരണഘടന ഉറപ്പു നൽകിയ സാമൂഹിക നീതിയിലധിഷ്ഠിതമായ ഭരണ നിർവഹണ വഴിയിൽ രാജ്യത്തിന് എത്ര ദൂരം സഞ്ചരിക്കാൻ കഴിഞ്ഞു എന്നത് വിലയിരുത്തേണ്ട ദിനം കൂടിയാണ് റിപ്പബ്ലിക് ദിനം. ഇത്തരം ഘട്ടത്തിൽ ഇന്ത്യൻ ഭരണഘടനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് അധ്യക്ഷത വഹിച്ചു. റഊഫ് ചാവക്കാട് സ്വാഗതവും ജനറൽ സെക്രട്ടറി ബിജു പൂതക്കുളം, വിവിധ ജില്ലാ റീജിയണൽ കമ്മിറ്റി അംഗങ്ങളായ ഫൈസൽ കുറ്റിയാടി, ഷബീർ ചാത്തമംഗലം, സമീഉല്ല കൊടുങ്ങല്ലൂർ, തൻസീം കണ്ണൂർ, ജാബിർ, ജമാൽ പയ്യന്നൂർ, ആഷിഫ് കൊല്ലം, ജംഷാദലി കണ്ണൂർ, അയ്മൻ, ഷരീഫ് കൊച്ചി, സിദ്ധീഖ് ആലുവ, അനീസ മെഹബൂബ്, സജ്‌ന സക്കീർ, സുനില സലീം, ഫാത്തിമ ഹാഷിം, അബ്ദുല്ല സൈഫുദ്ധീൻ, ഷമീം കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

Tags

Latest News