പ്രവാസി ക്ഷേമനിധി ബോർഡ് തട്ടിപ്പ്; അന്വേഷണം വേണം -ജിദ്ദ ഒ.ഐ.സി.സി

ജിദ്ദ- പ്രവാസി ക്ഷേമനിധി ബോർഡിൽ തട്ടിപ്പു നടത്തിയ  സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയിൽ ഒരു മാസത്തിൽ നിരവധി അക്കൗണ്ടുകളാണ് തിരുത്തിയത്. 50 ലക്ഷം രൂപക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് നടന്നതായി പറയപ്പെടുന്നു.
ബോർഡിന്റെ സോഫ്റ്റ്വെയർ ദുരുപയോഗം ചെയ്താണ് ജീവനക്കാരിയായ ലിനി അനർഹരായവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കേരള പ്രവാസി വെൽഫെയർ ബോർഡ് വിവിധ പദ്ധതികളിൽ അംഗങ്ങളായവരുടെ യൂണിക് ഐ.ഡി മാറ്റാതെ ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്താണ് ലിനി തട്ടിപ്പ് നടത്തിയത്. ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളവർക്ക് പകരം അനർഹരായവരുടെ മേൽവിലാസവും ബാങ്ക് അക്കൗണ്ട് നമ്പറും സോഫ്റ്റ്വെയറിൽ ലിനി അപ്‌ഡേറ്റ് ചെയ്തു.
ആനുകൂല്യം ലഭിച്ചിരുന്ന പ്രവാസി മരിച്ചതിനെ തുടർന്ന് മരണാനന്തര സഹായത്തിനായി ഇയാളുടെ ബന്ധുക്കൾ കേരള പ്രവാസി വെൽഫെയർ ബോർഡ് ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം ബോർഡ് അറിയുന്നത്. സോഫ്റ്റ്വെയർ തകരാറാണെന്ന് കരുതി ബോർഡ് കെൽട്രോണിനോട് വിശദീകരണം ചോദിച്ചു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സോഫ്റ്റ്വെയറിൽ തെറ്റായി വിവരങ്ങൾ നൽകി ലിനി നടത്തിയ തട്ടിപ്പ് പുറത്തറിയുന്നത്. 
പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുന്ന ഇത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം.  ഉന്നത തലത്തിലുള്ള ഗൂഢാലോചനയില്ലാതെ ഈയൊരു തട്ടിപ്പ് സാധ്യമാകില്ല. സാധാരണക്കാരായ  പ്രവാസികൾ തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്ന് പ്രവാസി ക്ഷേമനിധിയിലേക്ക് അടക്കുന്ന  പണം തട്ടിയെടുക്കുന്ന പ്രവണതകൾ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികളാണ്. അവരെ വഞ്ചിക്കാൻ അനുവദിക്കുകയില്ലെന്ന് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. തുച്ഛമായ വരുമാനത്തിന് വേണ്ടി നാടും വീടും വിട്ട് പ്രവാസിയായവർ എല്ലാം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് മടങ്ങിയാൽ ശിഷ്ടകാലം ഉപജീവന മാർഗമായി തങ്ങൾക്ക് ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നൽകുന്ന തുച്ഛമായ സംഖ്യയിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസി ക്ഷേമനിധിയിൽ അംഗമായ ഒട്ടനവധി പ്രവാസികളുണ്ട്. എന്നാൽ അതിന്റെ സാങ്കേതിക വശം അറിയാത്ത സാധാരണക്കാരാണ് ഇത്തരം ചതിക്കുഴിയിൽ വീണു പോകുന്നത്. പ്രവാസികൾക്ക് വേണ്ടിയുള്ള സർക്കാർ സംവിധാനങ്ങൾ തന്നെ ഇത്തരം തട്ടിപ്പുകൾക്ക് പിന്തുണ കൊടുക്കുന്നത് ലജ്ജാവഹമാണ്. ഇത്തരം ഉദ്യോഗസ്ഥ ലോബികളെയും വ്യക്തികളെയും തിരിച്ചറിയാൻ പ്രവാസി സമൂഹം ജാഗ്രത പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നേതാക്കളായ ഹക്കീം പാറക്കൽ, ഹുസൈൻ ചുള്ളിയോട്, മുസ്തഫ പെരുവള്ളൂർ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ആസാദ് പോരൂർ, ഇസ്മായിൽ കൂരിപ്പൊയിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
 

Tags

Latest News