എ.സി.സി ജിദ്ദയ്ക്ക് പുതിയ പാട്രൺ; ഇനി എൻകംഫേർട്സ് എ.സി.സി ടീം

ജിദ്ദ- ജിദ്ദയിലെ ഇന്ത്യൻ പ്രവാസികളുടെ പ്രമുഖ ഫുട്‌ബോൾ ക്ലബായ ടീം എ.സി.സിയും ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്തർദേശീയ റിയൽ എസ്റ്റേറ്റ് കമ്പനിയായ എൻകംഫേർട്സ് ഇന്റർനാഷണൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പും തമ്മിൽ ഫുട്‌ബോൾ രംഗത്ത് സഹകരിക്കാൻ ധാരണയായി. ധാരണ പ്രകാരം അടുത്തയാഴ്ച നടക്കുന്ന ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ എ.സി.സിയുടെ എ, ബി ടീമുകൾ എൻകംഫേർട്സ് എ.സി.സി എന്നാണ്  അറിയപ്പെടുക.
സൗദിയിലെ വിവിധ നഗരങ്ങളിലും, ജി.സി.സി രാജ്യങ്ങളിലും ജോർജിയയിലും ഇന്ത്യയിലും റിയൽ എസ്റ്റേറ്റ് ബിസിനസുകളുള്ള എൻകംഫേർട്‌സ് സി.ഇ.ഒ ലത്തീഫ് കാപ്പുങ്ങലും എ.സി.സി ജനറൽ സെക്രട്ടറി ബഷീർ വാണിയമ്പലവും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. പെരിന്തൽമണ്ണ ഖാദറലി ഫുട്‌ബോൾ ടൂർണമെന്റിൽ സഹ സ്പോൺസർ കൂടിയായിരുന്ന ലത്തീഫ് ആയിരിക്കും ഇനി മുതൽ എ.സി.സിയുടെ പാട്രൺ.
ചടങ്ങിൽ എൻകംഫേർട്‌സ് മാനേജർ മുഹ്‌സിൻ, എ.സി.സി മുൻ ഭാരവാഹിയും ഇപ്പോൾ ഉപദേശക സമിതി അംഗവുമായ സിദ്ധീഖ് കത്തിച്ചാൽ (കണ്ണൂർ), സീനിയർ കളിക്കാരൻ ശിഹാബ് കാളികാവ്, കളിക്കാരൻ സനൂപ് സി.കെ (ചെറി), എക്‌സിക്യൂട്ടീവ് അംഗം റഷീദ് പാണ്ടിക്കാട് എന്നിവർ സംബന്ധിച്ചു. ജിദ്ദയിലെ ഇന്ത്യൻ ഫുട്‌ബോൾ ക്ലബുകളുടെയും ആരാധകരുടെയും ആവേശത്തിൽ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്ന് ജിദ്ദ റുവൈസിലുള്ള എൻകംഫേർട്സ്  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലത്തീഫ് കാപ്പുങ്ങൽ പറഞ്ഞു.


കഴിഞ്ഞ മുപ്പത് വർഷമായി ജിദ്ദയിലെ ഫുട്‌ബോൾ മൈതാനങ്ങളിൽ സജീവമായി നിറഞ്ഞു നിൽക്കുന്ന എ.സി.സിക്ക് നിലവിൽ സെവൻസ് ടീമുകൾക്കു പുറമെ, സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് ഇലവൻസ് ടീമുകളും മറ്റു രാജ്യങ്ങളിലെ പ്രവാസി ടീമുകളുമായി മത്സരിക്കുന്ന ജാലിയാത്തിൽ രജിസ്റ്റർ ചെയ്ത എ.സി.സി  ഇന്റർനാഷണൽ എന്ന ഒരു ടീമുമുണ്ട്.
സിഫ് നടത്തിയ 18 സീസണുകളിൽ എട്ടു തവണയും എ.സി.സി സീനിയർ ടീം ചാമ്പ്യൻഷിപ്പ് നേടി. മാത്രമല്ല സിറിയ, ലെബനോൻ, മൊറോക്കോ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ടീമുകളെ പരാജയപ്പെടുത്തി ഇന്റർനാഷണൽ ടീമും ഫുട്‌ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. നൂറോളം മെമ്പർമാരും ആയിരത്തിലേറെ ഫാൻസും ഉള്ള എ.സി.സിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എൻകംഫേർട്ടിന്റെ സഹകരണം വളരെയധികം ഗുണം ചെയ്യുമെന്ന് എ.സി.സി ഭാരവാഹികൾ പറഞ്ഞു. മുജീബ് വി.പി (പ്രസിഡന്റ്), ഖലീൽ പട്ടിക്കാട് (ട്രഷറർ) എന്നിവരാണ് എ.സി.സിയുടെ മറ്റു ഭാരവാഹികൾ.

Tags

Latest News