യാമ്പു- മഹാത്മാ ഗാന്ധിയുടെ 74-ാം രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ യാമ്പു ഏരിയ കമ്മിറ്റി വിവിധ ആശയക്കാരെ പങ്കെടുപ്പിച്ച് ചർച്ചാ സംഗമം സംഘടിപ്പിച്ചു. റോയൽ കമ്മീഷൻ യൂത്ത് ബീച്ചിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ യാമ്പു, മദീന തബൂക്ക് മേഖല പ്രസിഡന്റ് നസീറുദ്ദീൻ ഇടുക്കി അധ്യക്ഷത വഹിച്ചു.
അസഹിഷ്ണുതയുടെയും ചരിത്ര നിരാസത്തിന്റെയും വർഗീയ വിദ്വേഷത്തിന്റെയും ഇരുൾ പടർത്തുന്ന കാലത്ത് മഹാത്മാവിന്റെ അനശ്വരസ്മരണ കൈമാറുന്നതിന്റെ പ്രസക്തി ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങളിൽ നിന്ന് അകന്നു പോയതിന്റെ ശൂന്യത വല്ലാതെ നമ്മുടെ രാജ്യം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മഹിതമായ ജീവിത മൂല്യങ്ങൾ നമുക്കെല്ലാം ഏറെ പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ.ഐ.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖുൽ അക്ബർ സംഗമം ഉദ്ഘാടനം ചെയ്തു. അഹിംസ ആയുധമാക്കി സാമ്രാജ്യത്വ ഭീകരതയോട് പടപൊരുതി ജയിച്ച മഹാത്മാ ഗാന്ധി ലോകമെങ്ങുമുള്ള വിമോചന പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം കാണിച്ചു തന്ന വ്യക്തിയാണെന്നും ഗാന്ധിയൻ സ്മരണകൾ കെടാതെ സൂക്ഷിക്കുവാനും അദ്ദേഹത്തിന്റെ ജീവിത ശൈലി നാം സ്വീകരിക്കാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ മുഖ്യ പ്രഭാഷണം നടത്തി. ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തിന്റെ പ്രതീകമെന്നൊന്നുണ്ടെങ്കിൽ അത് മഹാത്മാ ഗാന്ധിയാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായും മാനവ മൈത്രിക്കായും അദ്ദേഹം നയിച്ച ജീവിതചര്യ മാതൃകാപരമാണെന്നും അത് നിലനിർത്താൻ കൂട്ടായ ശ്രമങ്ങൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യാമ്പു വിചാരവേദി പ്രസിഡന്റ് അഡ്വ.ജോസഫ് അരിമ്പൂർ, ഗൾഫ് മധ്യമം യാമ്പു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ്, പ്രവാസി വെൽഫെയർ യാമ്പു ആർ.സി ഏരിയ പ്രസിഡന്റ് സോജി ജേക്കബ്, സാമൂഹ്യ പ്രവർത്തകരായ മിദ്‌ലാജ് റിദ, വേണുഗോപാൽ പാലക്കാട്, ശംസുദ്ദീൻ മംഗലാപുരം, സിക്കന്ദർ മംഗലാപുരം എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ മേഖല കമ്മിറ്റിയംഗം നിയാസ് യൂസുഫ് സ്വാഗതവും നൗഷാദ് വി.മൂസ നന്ദിയും പറഞ്ഞു. ഗാന്ധിജിയുടെ മൂല്യങ്ങൾ ജീവിതത്തിൽ ഉയർത്തിപ്പിടിക്കണമെന്ന് ഉദ്‌ഘോഷിച്ചു കൊണ്ട് പരിപാടിയിൽ പങ്കെടുത്ത എല്ലാവരും യൂത്ത് ബീച്ച് സിന്തറ്റിക് ട്രാക്കിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.






