ജുബൈൽ- കുടുംബ ബന്ധങ്ങൾ ദൃഢമായി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിലേക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ ചുവടു പിടിച്ച് നടത്തുന്ന സാംസ്‌കാരിക അധിനിവേശങ്ങൾ തിരിച്ചറിയണമെന്ന് ജുബൈൽ ദഅവ ആന്റ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം തലവൻ സമീർ മുണ്ടേരി ആവശ്യപ്പെട്ടു.
ജെന്റർ ന്യൂട്രാലിറ്റിയുടെയും ലിബറലിസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ പോലും നടപ്പാക്കാൻ ശ്രമിക്കുന്ന പരിഷ്‌കാരങ്ങൾ കരുതിയിരിക്കണമെന്ന് അദ്ദേഹം
പറഞ്ഞു.
കുടുംബ സംവിധാനങ്ങൾ തകർക്കാനും സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനും മാത്രമേ അത്തരം നടപടികൾ സഹായിക്കുകയുള്ളൂ. ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ് ലാമിക് കോൺഫറൻസിന്റെ ജുബൈൽ തല പ്രചാരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് അർശദ് ബിൻ ഹംസ ആമുഖ ഭാഷണം നടത്തി. ആത്മീയ വാണിഭം ലക്ഷ്യം വെച്ച് മത പൗരോഹിത്യം കള്ളക്കഥകൾ പ്രചരിപ്പിക്കുന്ന സമയത്ത് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് മടങ്ങുകയും അന്ധവിശ്വാസങ്ങളിലകപ്പെടാതെ ചൂഷണങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവിച്ചു. 'മാനവ രക്ഷക്ക് ദൈവിക ദർശനം' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ പ്രൊമോഷണൽ വീഡിയോ പ്രദർശിപ്പിച്ചു. ഇന്ത്യൻ ഫാസിസം, ലിബറലിസം, ആത്മീയ ചൂഷണങ്ങൾ, ഇസ്ലാമിക പ്രമാണങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാവുന്നതാണ്. ഫാഹിം അൽ ഹികമി സമാപന പ്രസംഗം നിർവഹിച്ചു.






