റിയാദ്- റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്റർ നടത്തുന്ന റിയാദ് സലഫി മദ്രസയുടെ വാർഷിക ദിനം ഫെബ്രുവരി മൂന്നിന് വിപുലമായ പ്രോഗ്രാമുകളോടെ എക്‌സിറ്റ് പതിനെട്ടിലുള്ള അൽമനാഖ് ഓപൺ ഗ്രൗണ്ട് ഇസ്തിറാഹയിൽ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമിൽ കുട്ടികൾക്കായി കിഡ്‌സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വ്യത്യസ്ത മത്സരങ്ങൾ വിവിധ വേദികളിൽ അരങ്ങേറും.
ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെ അധ്യാപക, രക്ഷാകർതൃ മീറ്റിംഗ് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് കെ.ജി കുട്ടികളുടെ പ്രത്യേക പ്രോഗ്രാം വേദി ഒന്നിൽ അരങ്ങേറും. ടീനേജ് കുട്ടികൾക്കായി 'അറിവ്' എന്ന പേരിൽ ഹാൾ രണ്ടിൽ വൈകിട്ട് 4.45ന് ടീനേജ് സെഷൻ ആരംഭിക്കും. രാത്രി 8.00 മണിക്ക് ഓപൺ ഗ്രൗണ്ടിൽ വാർഷിക സമാപന സമ്മേളനം നടക്കും. പ്രമുഖ വാഗ്മിയും യുവ സംഘാടകനുമായ സുബൈർ പീടിയേക്കൽ സമാപന സമ്മേളനത്തിൽ 'ലൈഫ് ട്രെയിനിംഗ് ജീവിത ആസ്വാദനത്തിന്റെ പൂർണത' എന്ന പ്രത്യേക സെഷന് നേതൃത്വം കൊടുക്കും. അക്കാദമിക് വിജയികളെ ആദരിക്കും.
റിയാദിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. റിയാദ് സലഫി മദ്രസയിലെ മുന്നൂറോളം കുട്ടികൾ വ്യത്യസ്ത പരിപാടികളിലായി പങ്കെടുക്കും. നാലു പതിറ്റാണ്ടായി റിയാദിലെ ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്രസ മലയാളികൾക്ക് വേണ്ടിയുള്ള റിയാദിലെ ആദ്യ മദ്രസ സംവിധാനമാണ്. മലയാളഭാഷ പഠനത്തിനുള്ള സൗകര്യവുമുണ്ട്. ഹ്യൂമൻ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ, സൊസൈറ്റിയുടെ അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നത്.
റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, മദ്രസ പ്രിൻസിപ്പൽ അംജദ് അൻവരി, മാനേജർ മുഹമ്മദ് സുൽഫിക്കർ, ദഅവ സെന്റർ പ്രബോധകൻ മുഹമ്മദ്കുട്ടി കടന്നമണ്ണ, പി.ടി.എ പ്രസിഡന്റ് മഹറൂഫ് പരപ്പനങ്ങാടി, സെക്രട്ടറി ഫൈസൽ പൂനൂർ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഷറഫുദ്ദീൻ പുളിക്കൽ, ബാസിൽ പുളിക്കൽ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.






