അജ്ഞാത മൃതദേഹമായി മൂന്നു മാസം; കേളി ഇടപെടലിൽ തിരിച്ചറിഞ്ഞ് ഖബറടക്കി

റിയാദ്- അജ്ഞാത മൃതദേഹമായി മൂന്നു മാസം മോർച്ചറിയിൽ കഴിഞ്ഞ ബോഡി ഒടുവിൽ കേളി ഇടപെടലിൽ തിരിച്ചറിഞ്ഞ് ഖബറടക്കി. ഹൃദയാഘാതത്തെ തുടർന്ന് മൂന്നു മാസം മുമ്പ് മരണമടഞ്ഞ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഷംസുദ്ദീന്റെ (38) മൃതദേഹമാണ് ഇന്നലെ അൽഖർജിൽ ഖബറടക്കിയത്. 
അൽഖർജ് കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ മൂന്നു മാസമായി അജ്ഞാത മൃതദേഹം എന്ന നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മുഹമ്മദ് ഷംസുദ്ദീന്റെ മൃതദേഹം. 
മോർച്ചറിയിൽ കഴിയുന്ന മൃതദേഹത്തെ കുറിച്ച് ആശുപത്രി അധികൃതർ അൽഖർജ് പോലീസിൽ വിവരമറിയിക്കുകയും ഇഖാമ പരിശോധനയിൽ ഇന്ത്യക്കാരനാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും തുടർ നടപടികൾ കൈക്കൊള്ളുന്നതിനുമായി ഇന്ത്യൻ എംബസി, കേളി കലാ സാംസ്‌കാരിക വേദിയെ ചുമതലപ്പെടുത്തി.
ഇഖാമ നമ്പറിലൂടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച കേളിയുടെ അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ മുഹമ്മദ് ഷംസുദ്ദീന്റെ കുടുംബവുമായി ബന്ധപ്പെട്ടു. ഉത്തർപ്രദേശ് മുറാദാബാദ് ജില്ലയിലെ ടാക്കൂദ്വാർ സ്വദേശിയായ ഷംസുദ്ദീൻ, പതിനൊന്നു വർഷം മുമ്പ് ദമാമിലാണ് ജോലിക്കെത്തിയത്. പിന്നീട് സ്‌പോൺസറുടെ ജോലിയിൽ നിന്നും മാറി കഴിഞ്ഞ എട്ടു വർഷമായി അൽഖർജിൽ ജോലി ചെയ്തു വരികയായിരുന്നു. 
ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വീണ്ടും നാട്ടിലുള്ള പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും ഷംസുദ്ദീന്റെ റിയാദിലുള്ള ബന്ധുവിനെ കണ്ടെത്തുകയും ചെയ്തു. ശേഷമാണ് തുടർ നടപടികൾ പൂർത്തിയാക്കി കുടുംബാംഗങ്ങളുടെ സമ്മതത്തോടെ മൃതദേഹം അൽഖർജ് ഖബർസ്ഥാനിൽ ഖബറടക്കിയത്.

Tags

Latest News