അൽബാഹ - വാനരന്മാരുടെ വിളയാട്ടത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ദക്ഷിണ സൗദി നിവാസികൾ. ബാബൂൺ ഇനത്തിൽ പെട്ട കുരങ്ങുകളുടെ ശല്യം വർധിച്ചത് ജനജീവിതം ദുസഹമാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് കുരങ്ങുകളുടെ ആക്രമണം കൂടിയത്. കൂട്ടംകൂട്ടമായാണ് കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലൂടെ ചുറ്റിനടക്കുന്നത്. ചില കൂട്ടങ്ങളിൽ 100-ലേറെ കുരങ്ങുകളുണ്ടാകും. സൗദിയിൽ മൂന്നു ലക്ഷത്തിലേറെ കുരങ്ങുകളുള്ളതായി കാലാവസ്ഥാ പ്രൊഫസർ ഡോ. അബ്ദുല്ല അൽമിസ്നദ് പറയുന്നു. കുരങ്ങുകളുടെ ആധിക്യം പരിസ്ഥിതി സന്തുലനം തകർക്കുകയാണ്. ഇവയുടെ എണ്ണം 90 ശതമാനം തോതിൽ കുറക്കുക മാത്രമണ് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം. കുരങ്ങ് ശല്യത്തിന് പരിഹാരം കാണാൻ നിരവധി കമ്മിറ്റികളും സമിതികളും രൂപീകരിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്തെങ്കിലും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
തീറ്റ നൽകുന്നതിലൂടെ കുരങ്ങുകളുടെ ആധിക്യത്തിന് സൗദി പൗരന്മാരാണ് കാരണക്കാരാകുന്നതെന്ന് ചില വിദഗ്ധർ കുറ്റപ്പെടുത്തുന്നു. പ്രശ്നത്തിന് കാരണക്കാർ സൗദി പൗരന്മാരാണെന്ന് പറഞ്ഞ് കൈ കഴുകുന്ന അധികൃതർ കുരങ്ങുകൾ നഗരങ്ങളിലും ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലും എത്തി ജനങ്ങളെ ആക്രമിക്കുന്ന പ്രശ്നം അവസാനിപ്പിക്കാൻ സത്വരവും ഫലപ്രദവുമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. 90 ശതമാനം കുരങ്ങുകളെയും ഇല്ലാതാക്കുക മാത്രമാണ് പ്രശ്നത്തിനുള്ള ഏക പരിഹാരം. ഇത് ഏതു രീതിയിലാണ് നടപ്പാക്കേണ്ടത് എന്ന് പരിസ്ഥിതി, നിയമ, മതകാര്യ വിദ്ഗധർ ആണ് തീരുമാനിക്കേണ്ടതെന്നും ഡോ. അബ്ദുല്ല അൽമിസ്നദ് പറഞ്ഞു.
വലിയവരെയും ചെറിയവരെയും ഒരുപോലെ ആക്രമിക്കുന്ന കുരങ്ങുകൾ വീടുകളിൽ പറ്റിപ്പിടിച്ച് കയറുകയും വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഉൽപന്നങ്ങൾ കവരുകയും വസ്തുവകകൾ നശിപ്പിക്കുകയുമാണ്. കുരങ്ങുകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർഷകരും പരാതിപ്പെടുന്നു. ആളുകൾ തീറ്റ നൽകുന്നതാണ് ജനവാസ കേന്ദ്രങ്ങളിൽ കുരങ്ങുകൾ വ്യാപിക്കാൻ കാരണമെന്ന് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ സമിതികൾ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ വർഷം അൽമഖ്വായിലെ വീടിനു സമീപത്തുനിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ വാനരന്മാർ ശ്രമിച്ചിരുന്നു. സഹോദരിയാണ് പിഞ്ചുബാലനെ രക്ഷിച്ചത്. ബാലികയെയും ബാലനെയും കുരുങ്ങുകൾ ആക്രമിച്ചു. ആക്രണത്തിൽ തുടയിൽ മുറിവേറ്റ ബാലനെ ദിവസങ്ങളോളം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകി. ഇതിനു മൂന്നു മാസത്തിനു ശേഷം അൽബാഹയിൽ വീട്ടുമുറ്റത്തു വെച്ച് സൗദി പൗരനെ കുരങ്ങുകൾ ആക്രമിച്ചു. ഇദ്ദേഹത്തിന്റെ കൈയിൽ മുറിവേൽക്കുകയും ചുമലിൽ പരിക്കേൽക്കുകയും ചെയ്തു. അയൽവാസികൾ ചേർന്ന് സൗദി പൗരനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഇദ്ദേഹത്തെ അൽബാഹ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. ഈ സംഭവത്തിനു ശേഷം കുരങ്ങുകളുടെ ശല്യത്തെ കുറിച്ച് നഗരസഭയിലും പിന്നീട് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖക്കും താൻ പരാതികൾ നൽകിയെങ്കിലും കുരങ്ങുകളെ കൈകാര്യം ചെയ്യൽ തങ്ങളുടെ ജോലിയല്ലെന്ന് പറഞ്ഞ് ഇരു വിഭാഗവും കൈമലർത്തി. ഇതേ തുടർന്ന് നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫിലും പരാതി നൽകിയതായി സൗദി പൗരൻ പറഞ്ഞു.
അസീർ പ്രവിശ്യയിലെ ശആർ ചുരംറോഡിൽ ലോറി നിർത്തിയ വിദേശിയെ മാസങ്ങൾക്കു മുമ്പ് കുരങ്ങുകൾ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. ഒരു മാസത്തിനു ശേഷം അൽമഖ്വായിലെ അൽമുഖശഅ് ഗ്രാമത്തിൽ വെച്ച് വൃദ്ധനെ കുരങ്ങുകൾ ആക്രമിച്ചു. ആടുകൾക്ക് തീറ്റ നൽകാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സൗദി പൗരനെ കുരങ്ങുകൾ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. കൂട്ടത്തിൽ ഒരു കുരങ്ങ് ഇദ്ദേഹത്തിന്റെ കൈയിൽ മുറുകെ കടിച്ചു. കരച്ചിൽ കേട്ട് മക്കൾ ഓടിയെത്തിയാണ് കുരങ്ങിന്റെ വായിൽ നിന്ന് ഇദ്ദേഹത്തിന്റെ കൈ വേർപ്പെടുത്തിയത്.
അടുത്തിടെ അൽബാഹക്കു സമീപം മിനിമാർക്കറ്റിൽ കയറി കുരങ്ങുകൾ ഭക്ഷ്യവസ്തുക്കൾ കൈക്കലാക്കി ഓടിരക്ഷപ്പെട്ടു. തന്റെ ടൂറിസ്റ്റ് റിസോർട്ടിൽ കുരങ്ങുകളുടെ വലിയ ശല്യമുള്ളതായി അൽനമാസിലെ സൗദി വ്യവസായി പരാതിപ്പെടുന്ന ലൈവ് വീഡിയോയും അടുത്തിടെ പുറത്തുവന്നു. മജാരിദയിലെ റോഡുകളിലും ജനവാസ കേന്ദ്രങ്ങളിലും കൂട്ടംകൂട്ടമായി ഇറങ്ങുന്ന കുരങ്ങുകൾ വീടുകളിൽ പറ്റിപ്പിടിച്ച് കയറുകയും കുപ്പത്തൊട്ടികളിലെ മാലിന്യങ്ങൾ വാരിവലിച്ച് പുറത്തിടുകയും ചെയ്യുന്നു.






