മദീന- മദീനയിൽ മസ്ജിദുനബവിക്ക് സമീപം ഒരു സ്റ്റൂളിലിരുന്ന് എന്റെ ഉപ്പ മിസ്‌വാക് വിൽക്കുന്നുണ്ട്. അവിടെനിന്ന് ഒരു മിസ്‌വാക് വാങ്ങാമോ. മദീനയിൽ പോകുന്നവരും പിതാവിനെ കാണുന്നവരും ഒരു മിസ്‌വാക് എങ്കിലും വാങ്ങണം. മിസ്‌വാക് വാങ്ങുന്നത് ഉപ്പയെ എത്രമാത്രം സന്തോഷവാനാക്കുമെന്ന് നിങ്ങൾക്ക് കാണാം. കനഡയിൽനിന്നാണ് ഒരു വിദ്യാർഥിനി ഇങ്ങിനെ ട്വീറ്റ് ചെയ്തത്.
കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന പിതാവിനോടുള്ള അടങ്ങാത്ത സ്‌നേഹവും കരുതലും വിളിച്ചോതുന്നതായിരുന്നു സൗദി വിദ്യാർഥിനിയുടെ ട്വിറ്റർ സന്ദേശം. അധികം വൈകാതെ ട്വീറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ മനസ്സ് കീഴടക്കി.
മദീനയിൽ പ്രവാചക മസ്ജിദിനു സമീപം ചെറിയ സ്റ്റാളിൽ മിസ്‌വാക് കച്ചവടം ചെയ്യുന്ന പിതാവിന്റെ സ്റ്റാളിൽനിന്ന് മിസ്‌വാക് വാങ്ങണമെന്ന അഭ്യർഥനയാണ് സർക്കാർ സ്‌കോളർഷിപ്പോടെ കാനഡയിൽ ഉപരിപഠനം നടത്തുന്ന അംജാദ് മുഹമ്മദ് അലി പോസ്റ്റ് ചെയ്തത്. മിസ്‌വാക് കെട്ടുകൾക്ക് പിന്നിൽ ഇരിക്കുന്ന പിതാവിന്റെ ഫോട്ടോയും അംജാദ് സന്ദേശത്തിൽ ഉൾപ്പെടുത്തി.
എല്ലാ കാര്യങ്ങളിലും പിതാവിനെ സഹായിക്കണമെന്ന് മനസ്സ് ആഗ്രഹിക്കുന്നു. എന്നാൽ ഇപ്പോൾ തനിക്കതിന് കഴിയില്ല. മസ്ജിദുന്നബവിക്കു സമീപം പിതാവിന് മിസ്‌വാക് സ്റ്റാളുണ്ട്. മദീനയിൽ പോകുന്നവരും പിതാവിനെ കാണുന്നവരും ഒരു മിസ്‌വാക് എങ്കിലും വാങ്ങണം. മിസ്‌വാക് വാങ്ങുന്നത് പിതാവിനെ എത്രമാത്രം സന്തോഷവാനാക്കുമെന്ന് നിങ്ങൾക്ക് കാണാം- ഇതായിരുന്നു അംജാദിന്റെ ട്വിറ്റർ പോസ്റ്റ്.
തന്റെ അഭ്യർഥനയോട് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രതികരണം കണ്ട് അംജാദ് അമ്പരന്നു. വിദ്യാർഥിനിയെ അഭിനന്ദിച്ച നിരവധി പേർ ഈ ട്വീറ്റ് ഷെയർ ചെയ്തു.
പിതാവിനെ സന്തോഷിപ്പിക്കാനാണ് താൻ ഇത് ചെയ്തതെന്ന് അംജാദ് പറഞ്ഞു. നന്മ ആഗ്രഹിക്കുന്ന നിരവധി നല്ല മനുഷ്യർ സമൂഹത്തിലുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും അംജാദ് മുഹമ്മദ് അലി പറഞ്ഞു. അംജാദിനൊപ്പം ഭർത്താവും കാനഡയിലുണ്ട്.
ട്വിറ്ററിൽ തനിക്ക് കൂടുതൽ ഫോളോവേഴ്‌സില്ല. തന്റെ ട്വീറ്റ് ആരെങ്കിലും ഗൗനിക്കുമെന്നോ ഇത്രയും വലിയ തോതിൽ പ്രചരിക്കുമെന്നോ കരുതിയതല്ല.
തന്റെ ട്വീറ്റ് കണ്ട് ധാരാളം ആളുകൾ സ്റ്റാളിലെത്തിയതോടെ പിതാവ് അത്യധികം ആഹ്ലാദത്തിലാണ്. ദൈവം തനിക്കു വേണ്ടി ഇങ്ങനെ ഒരു സഹായം ചെയ്യുമെന്ന് അദ്ദേഹം നിനച്ചതല്ല. പിതാവിന്റെ പക്കൽനിന്ന് മിസ്‌വാക് വാങ്ങുന്നതിനു വേണ്ടി മാത്രം ആളുകൾ അദ്ദേഹത്തെ അന്വേഷിച്ച് മസ്ജിദുന്നബവിക്കു സമീപം എത്തി.
പിതാവിന്റെ സ്റ്റാളിനു മുന്നിൽ നിന്നെടുത്ത ഫോട്ടോകൾ നിരവധി പേർ തന്റെ ട്വിറ്റർ അക്കൗണ്ടിലേക്ക് അയച്ചുതന്നിട്ടുണ്ട്. സൈനിക സർവീസിൽനിന്ന് വിരമിച്ചയാളാണ് പിതാവ്. ആറു മാസം മുമ്പാണ് മസ്ജിദുന്നബവിക്കു സമീപം മിസ്‌വാക് സ്റ്റാൾ തുറന്നതെന്നും അംജാദ് പറഞ്ഞു.