Sorry, you need to enable JavaScript to visit this website.

പെരുന്നാളിന് ബംഗളുരുവിലേക്ക്  കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ 

കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റില്‍  തലയില്‍ ആള്‍ പാര്‍പ്പുള്ളതിന്റെ ലക്ഷണങ്ങള്‍. പെരുന്നാള്‍ സീസണിലെ പണം മുഴുവന്‍ സ്വകാര്യ ആഡംബര ബസും കര്‍ണാടകയുടെ ഐരാവതവും അടിച്ചു മാറ്റേണ്ടെന്ന തീരുമാനത്തിലാണ് ഇത്തവണ കോര്‍പറേഷന്‍. തച്ചങ്കരി എഫക്റ്റാണോ എന്ന് വ്യക്തമല്ല. ഏതായാലും പെരുന്നാളിന്റെ  അഞ്ച് ദിവസങ്ങളിലും മൈസുരു, ബെംഗളുരു എന്നീ കേന്ദ്രങ്ങളിലേക്ക് യഥേഷ്ടം ആഡംബര ബസുകളുണ്ടാവും. 
 കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ജൂണ്‍ 13 മുതല്‍ 17വരെ അഞ്ച് ദിവസത്തേക്കാണ് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്താനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അവധി ദിവസങ്ങളുമായും ആഴ്ചാവസാന അവധിയുമായും ബന്ധപ്പെട്ടാണ് ഈ സര്‍വീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് സഹായകമാവുമെന്നും കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍ നിലവിലെ പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ ബംഗളുരൂ, കൊല്ലൂര്‍ മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ മുടക്കം കൂടാതെ ഈ കാലയളവില്‍ കൃതൃമായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.


      

Latest News