ദമാം- കഴിഞ്ഞ അഞ്ച് ആഴ്ചകളിലായി ദമാമിൽ നടന്നു വരുന്ന ഡി റൂട്ട് എം.യു.എഫ്.സി ചലഞ്ചേഴ്സ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ ഗാലപ് യുണൈറ്റഡ് എഫ്‌സി അൽ കോബാർ ചാമ്പ്യൻമാരായി. ശക്തരായ ദിമ ടിഷ്യൂ ഖാലിദിയയെയാണ് കലാശപ്പോരാട്ടത്തിൽ യുണൈറ്റഡ് എഫ്‌സി പരാജയപ്പെടുത്തിയത്. അത്യന്തം ആവേശകരമായ പോരാട്ടത്തിൽ നിശ്ചിത സമയം കഴിയുന്നത് വരെ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ക്ലബുകളിൽ ഒന്നായ മലബാർ യുണൈറ്റഡ് എഫ്‌സി ആണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു ടൂർണമെന്റ്.
ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന എക്‌സിബിഷൻ മത്സരങ്ങളിൽ എംയുഎഫ്‌സി സോക്കർ അക്കാദമിയും ഫോക്കോ സോക്കർ അക്കാദമിയും തമ്മിൽ നടന്ന മത്സരത്തിൽ ഫോക്കോ സോക്കർ അക്കാദമി വിജയികളായി. വനിതകളുടെ പ്രദർശന ഫുട്‌ബോൾ മത്സരം ഫൈനൽ ദിവസത്തിന് മാറ്റ് കൂട്ടി. സൗദി വനിതകളടക്കം വിവിധ രാജ്യങ്ങളിലെ വനിതകൾ മത്സരത്തിൽ പങ്കെടുത്തു. സൗദി ഫസ്റ്റ് ഡിവിഷൻ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന അൽ തറജി ക്ലബ്ബും ഡി റൂട്ട് എംയുഎഫ് സി വനിത ടീമും തമ്മിൽ ആയിരുന്നു മത്സരം.
മത്സരത്തിന് ശേഷം മറ്റൊരു ചരിത്ര മുഹൂർത്തതിന് കൂടെ വേദി സാക്ഷിയായി. ടൂർണമെന്റിന്റെ പ്രധാന സ്‌പോൺസറായ ഡി റൂട്ട് വെപ്രോ അൽ തറജി വനിത ടീമുമായി ഒരു വർഷത്തേക്കുള്ള സ്‌പോൺസർഷിപ് കരാർ ഒപ്പുവെച്ചു.
ആദ്യമായി സൗദിയിലെ ഒരു വനിത ടീമിന്റെ സ്‌പോൺസർഷിപ് ഏറ്റെടുക്കാൻ ഇന്ത്യൻ കമ്പനിക്കു കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അൽ തറജി മാനേജ്‌മെന്റ് പ്രതിനിധി അബു ഹാഷിം പറഞ്ഞു. തുടർന്ന് ദേവിക കലാക്ഷേത്ര നൃത്ത വിദ്യാലയം മത സൗഹാർദ്ദവും കേരളീയ പാരമ്പര്യവും സമന്വയിപ്പിച്ചു സംഘ നൃത്തം അവതരിപ്പിച്ചു.
സാമൂഹ്യ സാംസ്‌കാരിക കലാകായിക മേഖലയിലെ നേതാക്കന്മാർ കളിക്കാരുമായി പരിചയപ്പെട്ടു. യുണൈറ്റഡ് എഫ്‌സിയുടെ ഗോൾ കീപ്പർ അൻസാർ ആണ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്. ടൂർണമെന്റ് ടോപ് സ്‌കോറർ ആയി ജവാദ് (യൂത്ത് ക്ലബ്), പ്ലെയർ ഓഫ് ദി ടൂർണമെന്റ് ഫവാസ് (ഖാലിദിയ), മികച്ച ഗോൾ കീപ്പർ അൻസാർ (യുണൈറ്റഡ് എഫ്‌സി), മികച്ച ഡിഫന്റർ സനൂപ് (യുണൈറ്റഡ് എഫ്‌സി), മികച്ച മാനേജർ സിഫാറത് (ജുബൈൽ എഫ്‌സി) എമെർജിങ് പ്ലെയർ ആഷിഖ് (ഖാലിദിയ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കെപവ എഫ്‌സിക്കാണ് ഫെയർ പ്ലേ അവാർഡ്.
ടൂർണമെന്റിന്റെ ഭാഗമായി നടന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ജബൽ ഇൻഡസ്ട്രിയൽ ഗ്രൂപ്പിന്റെ വക ഐ ഫോൺ 13 മൻസൂർ മങ്കടക്കും, രണ്ടാം സമ്മാനമായ ഇന്റർനാഷണൽ ട്രാവൽസ് കോബാറിന്റെ ദമാം-കോഴിക്കോട് വിമാന ടിക്കറ്റ് ഷാഫി കട്ടിപാറക്കും, എംയുഎഫ്‌സിയുടെ സ്മാർട്ട് ടിവി നന്ദനക്കും ലഭിച്ചു.
ഷാഹിദ് കൊളിയങ്ങടൻ , കാദർ പൊന്മള, ഷിബു ക്യുപിഎസ്, സിനു ഹാംകൊ, ഫവാസ് കിമത് സിഹ, ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ, സെക്രട്ടറി സഹീർ മജ്ദാൽ, ട്രഷറർ അഷ്റഫ് സോണി, സക്കീർ വള്ള ക്കടവ്, ബിജു കല്ലുമല, ആലികുട്ടി ഒളവട്ടൂർ, നജീബ് അരഞ്ഞിക്കൽ, ലിയാകത് കരങ്ങാടൻ, സറഫുദീൻ ജിഎസ്എസ് തുടങ്ങിയവർ പങ്കെടുത്തു. അഫ്താബ്, പ്രേംലാൽ, ഫവാസ് ടികെ, ജസീം കൊടിയെങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.






