ദമാം- കേരളത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്‌കാരിക വികസന പദ്ധതികളിൽ പ്രവാസികൾ വഹിച്ച പങ്ക് ചെറുതല്ലെന്നും അതിനനുസരിച്ച പരിഗണന പ്രവാസികൾക്കു നൽകണമെന്നും പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നവർക്ക് പ്രത്യേക പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും റവന്യു മന്ത്രി കെ. രാജന് നൽകിയ നിവേദനത്തിൽ രിസാല സ്റ്റഡി സർക്കിൾ ആവശ്യപ്പെട്ടു.
കുറഞ്ഞ അവധിയിൽ നാട്ടിലെത്തുന്ന പ്രവാസികൾ സർക്കാർ ഓഫീസുകളിൽ ക്രയവിക്രയങ്ങൾക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കാൻ ഡിജിറ്റൽ സംവിധാനം ഒരുക്കണം. എല്ലാ ജില്ലകളിലും പ്രവാസികൾക്ക് ഓറിയന്റേഷൻ സെന്റർ, വിമാനക്കൂലിയിലെ അനിയന്ത്രിതമായ വർധനവ് നിയന്ത്രിക്കൽ, സർക്കാർ ആവിഷ്‌കരിക്കുന്ന ക്ഷേമ പദ്ധതികൾക്ക് കക്ഷി രാഷ്ട്രീയ മുക്ത ചാനൽ, ഉന്നത വിദ്യാഭ്യാസ അവസരങ്ങൾക്കായി സർവകലാശാലകളുടെ ഓഫ് സെന്ററുകൾ, മെഡിക്കൽ എഞ്ചിനീയറിംഗ് സീറ്റ് സംവരണം തുടങ്ങിയ ആവശ്യങ്ങളും രിസാല സ്റ്റഡി സർക്കിൾ നിവേദനത്തിൽ ഉന്നയിച്ചു. കഴിഞ്ഞ ദിവസം ദമാമിൽ നവയുഗം സാംസ്‌കാരികവേദി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ആർ.എസ്.സിയെ പ്രതിനിധീകരിച്ച് നാഷനൽ സെക്രട്ടറിമാരായ സാദിഖ് സഖാഫി, അനസ് വിളയൂർ, ദമാം സോൺ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജിഷാദ് ജാഫർ, അൽ ഖോബാർ സോൺ ചെയർമാൻ ഉസ്മാൻ കല്ലായി എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.






