ഭാരത് ജോഡോ യാത്രയെ അവഹേളിച്ച് ബി.ജെ.പി, പങ്കെടുത്തത് തുക്ക്‌ടെ തുക്ക്‌ടെ ഗ്യാങ്ങുകാര്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്‌ക്കെതിരേ കടുത്ത വിമര്‍ശമുയര്‍ത്തി ബി.ജെ.പി. ഭാരത് ജോഡോ യാത്രവഴി സാമൂഹിക വിരുദ്ധരായ എല്ലാവരെയും ഒന്നിച്ച് ഒരു പാളയത്തില്‍ കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞെന്ന് ബി.ജെ.പി ദേശീയ വക്താവ് സുധാംശു ത്രിവേദി പറഞ്ഞു.
ബി.ജെ.പി നേതാക്കള്‍ സഹിച്ച ത്യാഗം കൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ കഴിഞ്ഞത്. യാത്രക്കിടെ കേരളത്തിലെ റോഡുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബീഫ് പാര്‍ട്ടി നടത്തിയെന്നും സുധാംശു വിമര്‍ശിച്ചു. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുധാംശുവിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ പരാമര്‍ശം.
രാഷ്ട്രീയപ്രേരിതവും വിദ്വേഷവാദികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതുമായിരുന്നു യാത്ര. രാജ്യത്തെയും സമൂഹത്തെയും വിഭജിച്ച പാര്‍ട്ടിയിപ്പോള്‍ അവരെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ്. യാത്രക്കിടെ കേരളത്തിലെ റോഡുകളില്‍വെച്ച് കോണ്‍ഗ്രസ് നേതൃത്വം ബീഫ് പാര്‍ട്ടി നടത്തി. യാത്രയില്‍ പങ്കെടുത്ത കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തുക്ക്‌ടെ തുക്ക്‌ടെ ഗ്യാങ്ങില്‍പ്പെട്ടവരാണ്. ഇത്തരം ആള്‍ക്കാരെ കൂടെക്കൂട്ടി എന്തുതരം സ്‌നേഹപ്രചാരണമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് സുധാംശു ചോദിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നരേന്ദ്ര മോഡിയോട് നന്ദി പറയാന്‍ രാഹുല്‍ മറന്നെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും വിമര്‍ശനമുന്നയിച്ചു. 2014 ന് ശേഷമാണ് കശ്മീരിലെ സ്ഥിതിഗതികള്‍ അപ്പാടെ മാറിയതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News