Sorry, you need to enable JavaScript to visit this website.

വിപണി തകർച്ച: കൂടുതൽ വ്യക്തതക്ക് വാരമധ്യം വരെ കാത്തു നിൽക്കുക

ബോംബെ സെൻസെക്‌സ് രണ്ടാഴ്ചകളിൽ തുടർച്ചയായി 360 പോയന്റ് സ്ഥിരത കാഴ്ചവെച്ചപ്പോൾ തന്നെ വായനക്കാർക്ക് മുന്നറിയിപ്പ് നൽകിയതാണ് കൂടുതൽ വ്യക്തതക്കായി പുതിയ സംഭവ വികാസങ്ങളെ വിപണി കാത്തു നിൽക്കുവെന്ന്. അത് നൂറ് ശതമാനം ശരിവെക്കും വിധത്തിലായിരുന്നു വാരാന്ത്യം ഇന്ത്യൻ മാർക്കറ്റ്. ചില വിദേശ ഫണ്ടുകൾ തകർച്ച മണത്തറിഞ്ഞതായി വേണം അനുമാനിക്കാൻ. അവരിൽ പലരും ഷോട്ട് സെല്ലിങിന് കാണിച്ച ഉത്സാഹം വിരൽ ചുണ്ടുന്നതും ഒരേ ദിശയിലേക്ക് തന്നെ. ജനുവരിയിൽ വിദേശ ഓപറേറ്റർമാർ 29,232.3 കോടി രൂപയുടെ ഓഹരികൾ വിറ്റു.  
വെളളിയാഴ്ചത്തെ വൻ തകർച്ചയിൽ നിന്നും വിപണി ശക്തമായ ഒരു തിരിച്ചുവരവിന് ഇന്ന് ഇടപാടുകളുടെ ആദ്യ പകുതിയിൽ ശ്രമിക്കാം. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ നിയമപരമായി നേരിടുമെന്ന അദാനി ഗ്രൂപ്പ് വെളിപ്പെടുത്തൽ ഈ തിരിച്ചുവരവിന് അവസരം ഒരുക്കാം. അതേ സമയം ''എന്നാ താൻ കേസ് കൊട്'' എന്ന ഹിൻഡൻബർഗ് നിലപാടും ശ്രദ്ധേയം. 


കൂടുതൽ വ്യക്തതക്കായി പ്രദേശിക നിക്ഷേപകർ വാരമധ്യം വരെ കാത്ത് നിൽക്കുന്നത്  അഭികാമ്യം. ഇന്ന് വിപണി കലങ്ങി മറിയുമെങ്കിലും നാളെ ഒരു കൺസോളിഡേഷൻ മൂഡിലേക്കും തിരിയും. കാരണം ബുധനാഴ്ചയാണ് കേന്ദ്ര ബജറ്റ്, അന്ന് തന്നെയാണ് യുഎസ് ഫെഡ് റിസർവ് വായ്പ അവലോകനത്തിന് ഒത്തുചേരുന്നത്. വിദേശ ഫണ്ടുകളെ സംബന്ധിച്ച് അമേരിക്കൻ പലിശ വിഷയം നിലനിൽപിന്റെ പ്രശ്‌നം കൂടിയാണ്.  
നിഫ്റ്റി സൂചിക 18,189 ലെ പ്രതിരോധം കൃത്യം പത്ത് പോയന്റിന് തകർത്ത് 18,199 വരെ കയറി. എന്നാൽ ഈ റേഞ്ചിൽ വിപണിയെ മിനിറ്റുകൾ പോലും തുടരാൻ ഫണ്ടുകൾ അനുവദിച്ചില്ല. അവിടെ തുടങ്ങിയ തകർച്ച സെക്കന്റ് സപ്പോർട്ടായ 17,691 പോയന്റും തകർത്ത് 17,493 വരെ നീങ്ങിയ ശേഷം ക്ലോസിങിൽ 17,606 ലാണ്. അതായത് സപ്പോർട്ടിന് മുകളിൽ ഇടം പിടിക്കാനാവാത്ത തകർച്ചയിലാണ്. ഇനി മുന്നിലുള്ള വലിയ കടമ്പ 18,037 പോയന്റാണ്, ആ റേഞ്ചിലേക്ക് ഉയരാൻ അൽപസമയം വേണ്ടിവരാം. ഇതിനിടയിൽ 17,331-17,059 ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് സാധ്യത. പിന്നിട്ട വാരം 423 പോയന്റ് നഷ്ടം. 


ബോംബെ സെൻസെക്‌സ് 1290 പോയന്റ് പ്രതിവാര നഷ്ടത്തിലാണ്. ഓപണിങിലെ മികവ് അവസരമാക്കി വിദേശ ഓപറേറ്റർമാർ വിൽപനക്കാരായത് സൂചികയെ പിരിമുറുക്കത്തിലാക്കി. റിപ്പബ്ലിക് അവധിക്ക് ശേഷം വെളളിയാഴ്ചത്തെ വ്യാപാരത്തിനിടയിലാണ് അദാനി ഗ്രൂപ്പിനെതിരായ വാർത്ത കാട്ടുതീ കണക്കെ പരന്നത്. ഇതോടെ നിക്ഷേപകർ ബാധ്യതകൾ പണമാക്കാൻ തിടുക്കപ്പെട്ടതിനിടയിൽ ഊഹക്കച്ചവടക്കാർ പുതിയ ഷോട്ട് പൊസിഷനുകൾക്കും മത്സരിച്ചു. സൂചിക 58,974 പോയന്റിലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 59,330 പോയന്റിലാണ്. സെൻസെക്‌സിന് മുന്നിൽ 60,655 വൻ കടമ്പ ഉയരുന്നു. 58,489 ലും 57,648 പോയന്റിലും താൽക്കാലിക താങ്ങുണ്ട്, ഇത് നിലനിർത്താനുള്ള ശ്രമങ്ങളാവും ഇനിയുള്ള ദിവസങ്ങളിൽ.  വിദേശ ഫണ്ടുകൾ മൊത്തം 9353 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 7210 കോടി രൂപയുടെ വാങ്ങൽ നടത്തി. രൂപക്ക് മൂല്യ തകർച്ച. ഡോളറിന് മുന്നിൽ രൂപ 81.12 ൽ നിന്നും 80.84 ലേയ്ക്ക് ശക്തി പ്രാപിച്ചതിനിടയിൽ ഡോളറിന് ആവശ്യം ഉയർന്നത് രൂപയെ 81.67 ലേക്ക് ദുർബലമാക്കി ശേഷം 81.51 ലാണ് വ്യാപാരാന്ത്യം. 


ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1926 ഡോളറിൽ നിന്നും 1948 വരെ ഉയർന്നു. ഒൻപത് മാസത്തെ ഉയർച്ച കണ്ട അവസരത്തിൽ ഉടലെടുത്ത വിൽപന തരംഗത്തിൽ 1916 ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിങിൽ 1927 ഡോളറിലാണ്. ഡിസംബർ മധ്യത്തിലെ ബുൾറാലി ആറാം വാരത്തിലേക്ക് കടന്നു. വാരാവസാനം സ്വർണത്തിൽ ക്ഷീണ മനോഭാവം ദൃശ്യമാവുന്നു.  സാങ്കേതിക തിരുത്തലുണ്ടായാൽ 1912-1898 ഡോളറിൽ താങ്ങുണ്ടെങ്കിലും ഇത് നഷ്ടപ്പെട്ടാൽ 1866 വരെ ഇടിയാം. ഫണ്ടുകൾ താഴ്ന്ന റേഞ്ചിൽ വാങ്ങലുകാരായി മാറിയാൽ 1944-1962 ഡോളർ വരെ സ്വർണത്തെ വീണ്ടും ഉയർത്താനാവും. 

Latest News