Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ സമ്പാദ്യവും നിക്ഷേപവും; പഠന ക്ലാസൊരുക്കി ബിഗ്

സിജിയുടെ കീഴിലുള്ള ബിസിനസ് ഇനീഷ്യേറ്റീവ് ഗ്രൂപ്പ് (ബിഗ്) സംഘടിപ്പിച്ച ക്ലാസ് നയിച്ച ഫസ്‌ലിൻ അബ്ദുൽ ഖാദറിനെ ഭാരവാഹികൾ ആദരിക്കുന്നു.


പ്രവാസികളിൽ നിക്ഷേപ ശീലം വളർത്തുന്നതിനും അതിനുള്ള പോംവഴികളിലേക്ക് സൂചന നൽകുന്നതുമായിരുന്നു ''പ്രവാസികളുടെ സമ്പാദ്യ ശീലവും നിക്ഷേപവും'' എന്ന വിഷയത്തിൽ  സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ കീഴിലുള്ള  ബിസിനസ് ഇനീഷ്യേറ്റീവ് ഗ്രൂപ്പ് (ബിഗ്) സംഘടിപ്പിച്ച ക്ലാസ്. വിവിധ മേഖലകളിലെ നിക്ഷേപകരും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേർ ക്ലാസിൽ പങ്കെടുത്തു. ജി.എസ്.കെ മിഡിൽ ഈസ്റ്റ് ആഫ്രിക്ക റീജനൽ സപ്ലൈ പ്ലാനിംഗ് മാനേജറും ബിസിനസ് ഇനീഷ്യേറ്റീവ് ഗ്രൂപ്പ്  ഡെപ്യൂട്ടി ഹെഡുമായ ഫസ്‌ലിൻ അബ്ദുൽ ഖാദർ ക്ലാസ് നയിച്ചു.
ലോകം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്നും തൊഴിൽ മേഖലകൾ കെണ്ടത്തി വരുമാനം ഉണ്ടാക്കുന്നതോടൊപ്പം അതിലൊരു വിഹിതം നിക്ഷേപമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്നും അതിനുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിക്കുന്നതായിരുന്നു ഫസ്‌ലിന്റെ ക്ലാസ്.  


ആധുനിക സമ്പദ്‌വ്യവസ്ഥയിൽ ഏറെ നിർണായകമായ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ചും അതിൽ എങ്ങനെ നിക്ഷേപം നടത്താമെന്നും നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. ഏതു നിക്ഷേപത്തിനിറങ്ങുമ്പോഴും എമർജൻസി ഫണ്ട് മാറ്റിവെച്ചുകൊണ്ടു വേണം നിക്ഷേപം നടത്താൻ. വളരെ കുറഞ്ഞ തുക കൊണ്ട് ഷെയർ മാർക്കറ്റിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേം തുടങ്ങാം. അതു സൂക്ഷിച്ചു കൈകാര്യം ചെയ്താൽ അധിക വരുമാനത്തിനുള്ള മാർഗമായി അതിനെ മാറ്റാനാവും.  
പ്രവാസിയായിരിക്കേ ഇന്ത്യൻ വിപണിയിലെന്ന പോലെ സൗദിയിലെയും അമേരിക്ക പോലുള്ള വിദേശ ഷെയർ വിപണിയിലും നിക്ഷേപം നടത്താമെന്നും അതിനു പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയെന്നും അദ്ദേഹം വിശദീകരിച്ചു. സ്ത്രീകളുൾപ്പെടെയുള്ള സദസ്യരുടെ സംശയങ്ങൾക്കും ഫസ്‌ലിൻ മറുപടി നൽകി. 


സീസൺസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യയുടെ പ്രവർത്തനങ്ങളെ കുറിച്ച് ജിദ്ദ ചാപ്റ്റർ വൈസ് ചെയർമാൻ റഷീദ് അമീർ വിവരിച്ചു. പ്രോഗ്രാം കൺവീനർ അഷ്ഫാഖ് മേലേക്കണ്ടി, കെ.എം.റിയാസ്, സമീർ, സലാം കാളികാവ്, ഫിറോസ്  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മലയാളി കൂട്ടായ്മയായ ബിസിനസ് ഇനീഷ്യേറ്റീവ് ഗ്രൂപ്പ് (ബിഗ്) ഹെഡ് മുഹമ്മദ് ബൈജു സ്വാഗതവും സിജി ജിദ്ദ ചാപ്റ്റർ വൈസ് ചെയർമാൻ  മുഹമ്മദലി ഓവുങ്ങൽ നന്ദിയും പറഞ്ഞു. 
സിജി ഇന്റർനാഷണൽ ട്രഷറർ കെ.ടി.അബൂബക്കർ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. സിജി വിഷനറി ലീഡർ എ.വി. അഷ്‌റഫ് ഫസ്‌ലിനെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. എച്ച്.ആർ.ഡി ഹെഡ് എം.എം. ഇർഷാദ് അവതാരകനായിരുന്നു. 

Latest News