Sorry, you need to enable JavaScript to visit this website.

ഹിറ വിളിക്കുന്നു, ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വാതിൽ തുറന്നിരിക്കുന്നു

മക്ക - ഹിറാ കൾച്ചറൽ ഡിസ്ട്രിക്ട് പദ്ധതി ലോക മുസ്‌ലിംകൾക്ക് സമർപ്പിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അടക്കമുള്ള മുതിർന്ന നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. 
സൗദി വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി തീർഥാടകരുടെയും മക്ക നിവാസികളുടെയും മതപരവും സാംസ്‌കാരികവുമായ അനുഭവം സമ്പന്നമാക്കാൻ സഹായിക്കുന്ന പദ്ധതി മക്ക റോയൽ കമ്മീഷൻ മേൽനോട്ടത്തിൽ സമായാ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണ് ഹിറാ മലയുടെ അടിവാരത്തിൽ നടപ്പാക്കിയിരിക്കുന്നത്. വിനോദസഞ്ചാര, സാംസ്‌കാരിക നാഴികക്കല്ലായ ഹിറാ കൾച്ചറൽ ഡിസ്ട്രിക്ട് പദ്ധതി സൗദി അറേബ്യയുടെ ചരിത്രപരമായ സ്ഥലങ്ങളുടെ പരിചരണം പ്രകടിപ്പിക്കുന്നു. 
പ്രദേശത്തിന്റെ സ്വാഭാവികതയും ചരിത്രപരമായ മൂല്യവും പദ്ധതി പ്രയോജനപ്പെടുത്തുന്നു. പ്രവാചകന് ദിവ്യവെളിപാട് ആരംഭിച്ച സ്ഥലവും മുസ്‌ലിംകളുടെ ഹൃദയങ്ങളിൽ ഇടം നേടുകയും ചെയ്ത ഹിറാ പർവതവുമായും ഹിറാ ഗുഹയുമായും പദ്ധതി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥലത്തിന്റെ സ്വഭാവത്തിനും സന്ദർശകരുടെ ആഗ്രഹങ്ങൾക്കും അനുയോജ്യമായ രീതിയിൽ ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത ഒരുകൂട്ടം ഘടകങ്ങൾ ഹിറാ കൾച്ചറൽ ഡിസ്ട്രിക്ടിൽ അടങ്ങിയിരിക്കുന്നു. 


ദിവ്യബോധന എക്‌സിബിഷനാണ് ഇതിൽ ഏറ്റവും പ്രധാനം. ദിവ്യവെളിപാട് ഇറങ്ങിയ ഹിറാ ഗുഹയെയും പ്രവാചകൻ മുഹമ്മദ് നബി (സ) യെയും കുറിച്ച് എക്‌സിബിഷൻ സന്ദർശകരെ പരിചയപ്പെടുത്തുന്നു. അത്യാധുനിക ഓഡിയോ, വീഡിയോ സാങ്കേതികവിദ്യകൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. സ്വാഭാവിക അളവുകളിൽ നിർമിച്ച ഹിറാ ഗുഹയുടെ മാതൃകയും ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. മലകയറി ഹിറാ ഗുഹയിലെത്താൻ ആഗ്രഹിക്കുന്നവരുടെ ആവശ്യം നിറവേറ്റാൻ ദിശാസൂചനകളും സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ച റോഡ് നിർമിക്കാനുള്ള ജോലികൾ തുടരുകയാണ്. 


വിശുദ്ധ ഖുർആനിലെ ആദ്യ സൂക്തങ്ങൾ അവതരിച്ചത് ഹിറാ ഗുഹയിലാണെന്ന കാര്യം കണക്കിലെടുത്ത് ഹിറാ കൾച്ചറൽ ഡിസ്ട്രിക്ട് പദ്ധതിയിൽ ഖുർആൻ മ്യൂസിയവും സജ്ജീകരിച്ചിട്ടുണ്ട്. വിശുദ്ധ മുസ്ഹഫിന്റെ അപൂർവ കൈയെഴുത്ത് പ്രതികൾ അടങ്ങിയ മ്യൂസിയം യുഗാന്തരങ്ങളിൽ വിശുദ്ധ ഖുർആൻ പരിചരണത്തിന് നടത്തിയ ശ്രമങ്ങൾ എടുത്തുകാണിക്കുന്നു. 
എല്ലാ പ്രായവിഭാഗത്തിലും പെട്ടവരെയും ആകർഷിക്കുന്ന കേന്ദ്രം എന്നോണമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ഒരേസമയം വിജ്ഞാനവും വിനോദവും ആസ്വദിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്ന ഹാളും ഇവിടെയുണ്ട്. വൈവിധ്യമാർന്ന കഫേകൾ, റെസ്റ്റോറന്റുകൾ, മറ്റു സേവന, വാണിജ്യ സൗകര്യങ്ങൾ എന്നിവ അടങ്ങിയ, പ്രകൃതിയുടെ മടിത്തട്ടിൽ ഒരുക്കിയ ഹിറാ പാർക്കും സന്ദർശകർക്ക് നവ്യാനുഭവം നൽകുന്നു.
 

Tags

Latest News