Sorry, you need to enable JavaScript to visit this website.

അസാധ്യമെന്ന് കരുതിയത് യാഥാർഥ്യമാക്കി രാഹുൽ ഗാന്ധി

കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര തുടങ്ങുമ്പോൾ ഇത്രമാത്രം വിജയിച്ച  പരിപാടിയായി അത് മാറുമെന്ന് ആരും കരുതിയിരുന്നില്ല. കോൺഗ്രസിനെ തിരിച്ചു കൊണ്ടുവരാൻ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങി നടക്കുക എന്ന ആശയം 2019 ൽ പാർട്ടിക്ക് മുന്നിൽ അവതരിപ്പിച്ചത് രാഹുൽ ഗാന്ധി തന്നെയായിരുന്നു. നടക്കാനോ, ഇക്കാലത്തോ എന്ന് സഹപ്രവർത്തകർ  നിരാശപ്പെടുത്തി നോക്കി. കാറിലാകാം എന്ന് ചിലർ ഒത്തുതീർപ്പ് പറഞ്ഞു. നടക്കാനാണെങ്കിലേ താനുള്ളൂ എന്ന് രാഹുൽ ഉറപ്പിച്ചു പറഞ്ഞപ്പോൾ തീരുമാനം ആ വഴിക്ക് തന്നെയായി. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ തുടങ്ങാനായിരുന്നു പ്ലാൻ. കോവിഡ് തടസ്സമായി. ഒടുവിൽ കോൺഗ്രസുകാർക്ക് ഞെട്ടലും ആശങ്കയുമായി ആ തീയതി കുറിച്ചു- സെപ്റ്റംബർ 7 ന് തുടങ്ങുക. കേരള ഘടകത്തിനായിരുന്നു നിർദേശം. ആവേശപൂർവം തന്നെ കേരള ഘടകം ആ ദൗത്യം ഏറ്റെടുത്തു. യാത്ര കന്യാകുമാരിയിൽ നിന്ന് കടന്നു വരുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരമാകെ പാർട്ടി പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന അനൗൺസ്‌മെന്റ് വാഹനങ്ങൾ പാഞ്ഞു നടന്നു. ഏറ്റവും പതിയ ചലച്ചിത്ര ഗാനത്തിന്റെ പാരഡികൾ ജോഡോ യാത്രയുടെ പ്രചാരണ മാധ്യമമായി.  കന്യാകുമാരിയിലെ ആരംഭ ചടങ്ങിൽ സങ്കോചലേശമില്ലാതെ തമിഴ്‌നാട് മുഖ്യമന്ത്രി  എം. കരുണാനിധി സ്റ്റാലിൻ അണി ചേർന്നപ്പോൾ തന്നെ ലക്ഷ്യ പൂർത്തീകരണത്തിന്റെ സൂചന ലഭിച്ചിരുന്നു. ഒടുവിലെത്തിയപ്പോഴേക്കും കശ്മീരിന്റെ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രാഹുലിനെ  സ്‌നേഹാദരങ്ങളോടെ അങ്ങോട്ട് ക്ഷണിക്കുന്നതാണ് രാജ്യം കണ്ടത്.  പ്രതിപക്ഷ യോജിപ്പിന്റെ ശുഭസൂചനകൾ.  4080 കിലോമീറ്റർ പിന്നിട്ട യാത്രയുടെ സമാപനം ഇന്നാണ്. പന്താചൗക്കിൽ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും. തുടർന്ന് രാഹുൽ ഗാന്ധി അവിടെ പതാക ഉയർത്തുന്നതോടെ പദയാത്രയുടെ സമാപനമാകും.
ക്ഷണിച്ച 23  പ്രതിപക്ഷ കക്ഷികളിൽ 13 കക്ഷികളാണ്  സമാപന യോഗത്തിൽ പങ്കെടുക്കുന്നത്. ജെ.ഡി.യു, ജെ.ഡി.എസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം തുടങ്ങിയ കക്ഷികൾ വിട്ടുനിൽക്കുന്നു. രാജ്യത്തെ ബദൽ രാഷ്ട്രീയ മുന്നേറ്റത്തെ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന വിമർശം സി.പി.എമ്മിനെതിരെ ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിൽ ടി.ആർ.എസിന്റെ പരിപാടിയിൽ പങ്കെടുത്തത് നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും ഗൂഢാലോചനയുടെ ഫലമാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ കുറ്റപ്പെടുത്തൽ സി.പി.എം നേരിടാൻ പോകുന്ന വിമർശനത്തിന്റെ തുടക്കമായി കാണാം. 
14 സംസ്ഥാനങ്ങൾ പിന്നിട്ട യാത്ര ഇന്ന് സമാപിക്കുമ്പോൾ അതൊരു ചരിത്ര സന്ധി കൂടിയായി മാറുന്നുണ്ട്. ജനുവരി 30 രാഷ്ട്രപിതാവ് കൊല്ലപ്പെട്ടതിന്റെ എഴുത്തിയഞ്ചാം വാർഷിക ദിനമാണ് എന്നതാണത്. ഗാന്ധിജിയുടെ കൊച്ചു മകൻ തുഷാർ ഗാന്ധി യാത്രക്കനുകൂലമായ എഴുത്തും പ്രസംഗവുമൊക്കെയായി പരിപാടിയുടെ ആത്മാവിലിറങ്ങി കൂടെ തന്നെയുണ്ട്. എല്ലാതരം വിദ്വേഷ പ്രചാരണങ്ങളെയും നിർഭയമായി നേരിട്ടുകൊണ്ടാണ് യാത്ര മുന്നോട്ട് നീങ്ങിയത്. നിർഭയരായിരിക്കൂ... രാഹുൽ  ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു.  ഗാന്ധി സിനിമ കണ്ടവർ ഒരു രംഗം ഓർക്കുന്നുണ്ടാകും- കുളിക്കടവിലെ വസ്ത്രമില്ലാത്ത സ്ത്രീക്കായി തന്റെ അധിക വസ്ത്രങ്ങളിലൊന്ന് ഒഴുക്കിക്കൊടുക്കുന്ന ബാപ്പുജിയെ. താൻ കഠിന തണുപ്പിലും ഒറ്റ ടീഷർട്ടുമായി ഇന്ത്യയാകെ നടന്നത് ഗാന്ധിജിയാൽ പ്രചോദിതനായാണെന്ന് രാഹുൽ ഗാന്ധി പിന്നീട് പറയുകയുണ്ടായി- ഗാന്ധി മാർഗം ചേർന്നുള്ള യാത്ര. ഗാന്ധിജിയും ഇതുപോലെ എത്രയോ യാത്രകൾ  നടത്തിയിരുന്നു. 1930 ൽ സബർമതിയിൽ നിന്ന് ദണ്ഡിയിലേക്കുള്ള യാത്ര പരമപ്രധാനം,  ഗാന്ധിജിയുടെ ജനപക്ഷ യാത്രകളാണ് കോൺഗ്രസിനെ ഇന്ത്യയുടെ പ്രിയപ്പെട്ട സംഘടനയാക്കി മാറ്റിയത്. എത്രയോ കാലം ആ ശക്തിയിൽ കോൺഗ്രസ് ഇന്ത്യ ഭരിച്ചു. അതെ, പോരായ്മകൾക്കിടയിലും അവർ നവ ഇന്ത്യയെ സൃഷ്ടിച്ചെടുത്തു. ആ പ്രതാപത്തിലേക്ക് കോൺഗ്രസിനെ എത്തിക്കുകയാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. 14 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോയി. രാഹുൽ ഗാന്ധി ഉൾപ്പെടെ 126 പേർ. അവരിൽ 35 പേർ വനിതകളായിരുന്നു. കൂടെ നടന്നവരിലും സംഘാടകരിലും നല്ലൊരു പങ്ക് മലയാളികൾ. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്റെ സംഘാടന മികവ് അടയാളപ്പെടുത്തിയ പാർട്ടി പരിപാടിയാണിത്. എത്രയോ പ്രതിസന്ധികൾ അതിജീവിക്കാൻ കെ.സി.യുടെ മിടുക്കിലൂടെ സാധിച്ചു. കൂടെ നടന്നവരിൽ ഏറെ ശ്രദ്ധേയനായത്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ്.
കാലിൽ ചെരിപ്പിടാതെയായിരുന്നു  വഴിയത്രയും  ചാണ്ടി ഉമ്മൻ നടന്നു തീർത്തത്. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി തന്റെ പാർട്ടി വിരുദ്ധ ഭാവം  പുറത്തെടുത്തപ്പോൾ  ചാണ്ടി ഉമ്മനെ കണ്ടു പഠിക്കാനായിരുന്നു ജയറാം രമേശിന്റെ തത്സമയ പ്രതികരണം. രാജ്യത്തിന്റെ ഐക്യവും മത സൗഹാർദവും ദൃഢമാക്കാനായി നടന്നവർക്ക് പിന്തുണ നൽകാനാണ് താൻ യാത്രയിൽ പങ്കാളിയായതെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ തന്റെ ജോഡോ യാത്ര പങ്കാളിത്തം വിശദീകരിച്ചിട്ടുണ്ട്.  മുൻ പൊതുസേവകനോ, സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നയാളോ എന്ന നിലയിലല്ല, രാജ്യത്തെക്കുറിച്ച് ആശങ്കാകുലനായ പൗരൻ എന്ന നിലയിലാണ് തന്റെ പങ്കാളിത്തം എന്ന രഘുറാം രാജന്റെ വാക്കുകളിൽ എല്ലാം അടങ്ങിയിരിക്കുന്നു. 

Latest News