ശ്രീനഗർ- രാജ്യത്തുടനീളം ഒരുമയുടെ പൂക്കൾ വിതറി കടന്നുപോയ ഭാരത് ജോഡോ യാത്രയുടെ സമാപന റാലിക്ക് സ്‌നേഹത്തിന്റെ മഞ്ഞുകട്ടകൾ വാരിപ്പുതച്ച് രാഹുലും പ്രിയങ്കയും. ജോഡോ യാത്രയുടെ സമാപന റാലി നടക്കുന്നതിന് തൊട്ടുമുമ്പ് രണ്ടു വലിയ മഞ്ഞു കട്ടകൾ പിറകിൽ പിടിച്ച് സഹോദരി പ്രിയങ്കയുടെ അടുത്തെത്തി ഐസ് കട്ട അവരുടെ മുകളിലേക്ക് അമർത്തിവെച്ചു. പൊതുവേ കൊടുംതണുപ്പായ ശ്രീനഗർ കാലാവസ്ഥയിൽ പ്രിയങ്ക വീണ്ടും തണുത്തു. തിരിഞ്ഞുനടന്ന രാഹുലിന്റെ പിറകെ ഓടിയ പ്രിയങ്ക രാഹുലിന്റെ ശരീരത്തിലും ഐസ് കട്ടകൾ വിതറി. പിന്നീട് ഇരുവരും വാരിപ്പുണർന്നു. സ്‌നേഹത്തിന്റെ മഞ്ഞുകട്ടകൾ എന്ന അടിക്കുറിപ്പോടെ നിരവധി കോൺഗ്രസ് നേതാക്കൾ ഈ വീഡിയോ ഷെയർ ചെയ്തു. നേരത്തെ ഉത്തർപ്രദേശിൽ നടന്ന റാലിയിൽ പ്രിയങ്കയെ രാഹുൽ ചുംബിച്ചിരുന്നു.
പ്രതികൂല കാലാവസ്ഥയ്ക്കിടയിലും ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലെ പാർട്ടി ഓഫീസിൽ പതാക ഉയർത്തിയ ചടങ്ങോടെയാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് ആരംഭിച്ചത്. തൊട്ടുപിന്നാലെ ഒരു സ്റ്റേഡിയത്തിൽ റാലി നടന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും കശ്മീരിലെ ഉന്നത നേതാക്കളായ നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ളയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിലെ മെഹബൂബ മുഫ്തിയും ചടങ്ങിൽ സംസാരിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലിയിൽ സംസാരിച്ചു. 135 ദിവസം നീണ്ട കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കോൺഗ്രസ് മെഗാ റാലി സംഘടിപ്പിച്ചത്.
എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദൾ (ആർജെഡി), നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്), ഉദ്ധവ് താക്കറെയുടെ ശിവസേന, സി.പി.ഐ.(എം), സി.പി.ഐ., വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ.), കേരള കോൺഗ്രസ്, ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു ആന്റ് കശ്മീർ നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി), ഷിബു സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎംഎം മോർച്ച) എന്നീ പാർട്ടികളാണ് റാലിയിൽ പങ്കെടുത്തത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,970 കിലോമീറ്ററാണ് റാലി പിന്നിട്ടത്.
യാത്രയ്ക്കിടെ രാഹുൽ ഗാന്ധി 100 കോർണർ മീറ്റിംഗുകളും 13 വാർത്താ സമ്മേളനങ്ങളും നടത്തി. ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദേശീയ പതാക ഉയർത്തി. ഭാരത് ജോഡോ യാത്രയുടെ സ്മാരകം അനാച്ഛാദനം ചെയ്തു.