ബി ബി സി ഡോക്യുമെന്ററി ഇന്ത്യയില്‍ വിലക്കിയതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂദല്‍ഹി : ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ബി ബി സി ഡോക്യൂമെന്ററിക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ  സുപ്രീം കോടതിയില്‍ ഹര്‍ജി. സുപ്രീം കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് എം എല്‍ ശര്‍മയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി സുപ്രീം കോടതി പരിശോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കൂടാതെ, ഡോക്യുമെന്ററി ലിങ്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്ന് ട്വിറ്ററിനോടും യൂട്യൂബിനോടും ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നടപടി റദ്ധാക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
അടിയന്തരവസ്ഥ പ്രഖ്യാപിക്കാതെ മൗലികാവകാശമായ മാധ്യമസ്വാതന്ത്ര്യം നിയന്തിക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന് പരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.   

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി ബി സി തയ്യാറാക്കിയ ഡോക്യുമെന്ററി വിവാദമായിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെയാണ് കലാപം അരങ്ങേറുന്നത്. അടുത്ത വര്‍ഷം  ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിന് ഈ ഡോക്യുമെന്ററി കാരണമാകുമെന്നതിനാലാണ്  കേന്ദ്ര സര്‍ക്കാര്‍ നിരോധനം അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News