ദമാം നവയുഗം സഫിയ അജിത്ത് അവാർഡ് മന്ത്രി കെ.രാജന് സമ്മാനിച്ചു

നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് കേരള റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി സുനീർ സമ്മാനിക്കുന്നു.

ദമാം- നവയുഗം സാംസ്‌കാരിക വേദിയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള 2021 ലെ സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും, കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.രാജന് സമ്മാനിച്ചു. ദമാം ഉമ്മുൽ സാഹിഖിൽ നവയുഗ സന്ധ്യയോടനുബന്ധിച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാനുമായ പി.പി സുനീറാണ് മന്ത്രിയ്ക്ക് അവാർഡ് 
സമ്മാനിച്ചത്. 
നവയുഗം കേന്ദ്ര കമ്മിറ്റി ഖജാൻജി കെ.സാജൻ കാഷ് പ്രൈസ് സമ്മാനിച്ചു. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സൗദിയിലെ പ്രവാസികൾ ഏറെ സ്‌നേഹത്തോടെ ഓർമിയ്ക്കുന്ന ജീവകാരുണ്യ പ്രവർത്തകയായ സഫിയ അജിത്തിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, ഇത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം വർധിപ്പിയ്ക്കുന്നു എന്നും മന്ത്രി കെ.രാജൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. 
നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്ര നേതാക്കളായ ഷാജി മതിലകം, എം.എ വാഹിദ് കാര്യറ, മഞ്ജു മണിക്കുട്ടൻ, ബിജു വർക്കി, നാസ് വക്കം (സാമൂഹ്യ പ്രവർത്തകൻ), നൗഷാദ് അകോലത്ത് (നവോദയ), സിദ്ധീഖ് പാണ്ടികശാല (കെ.എം.സി.സി), ഇ.കെ.സലീം (ഒ.ഐ.സി.സി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags

Latest News