ദമാം- പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ അധികൃതർ നിരപരാധികളെ വേട്ടയാടുന്നതിൽ ആശങ്കയറിയിച്ച് സമസ്ത ഘടകം ദമാം ചാപ്റ്റർ എസ്.ഐ.സി റവന്യൂ വകുപ്പ് മന്ത്രിയെ കണ്ടു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്തികളുടെ സ്വത്തു വകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും റവന്യൂ മന്ത്രി കെ.രാജന് നൽകിയ നിവേദനത്തിൽ എസ്.ഐ.സി ആവശ്യപ്പെട്ടു.
ഹർത്താലും മിന്നൽ പണിമുടക്കുകളും കാലഹരണപ്പെട്ട സമര രീതിയായാണ് എസ്.ഐ.സി കരുതുന്നത്. ജനാധിപത്യ വിരുദ്ധമായ സമരമുറയാണ് ഹർത്താൽ എന്ന് വിശ്വസിക്കുന്ന ഒരു പ്രസ്ഥാനമാണ് തങ്ങളുടേത്. കടകളും വ്യവസായ സ്ഥാപനങ്ങളും ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും അടപ്പിക്കുക, തല്ലിത്തകർക്കുക, വാഹനങ്ങൾ തടയുക, എതിർക്കുന്നവരെ ആക്രമിക്കുകയും അപായപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ കിരാത പ്രവർത്തനങ്ങളെ അപലപിക്കുകയും യുവജനങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന എസ്.ഐ.സി, ഇത്തരം അക്രമകാരികളെ കൃത്യമായി കണ്ടെത്തി അവരെ നിയമത്തിന് വിട്ടുകൊടുക്കണം എന്ന പക്ഷത്ത് തന്നെയാണ്.
ഇത്തരം വിഷയങ്ങളിൽ പക്ഷപാതങ്ങളില്ലാതെ മുന്നോട്ടു പോകാൻ സർക്കാരിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. പക്ഷേ, കുറ്റവാളികൾക്കെതിരെ മാത്രമായിരിക്കണം നടപടി. മതം നോക്കി നിരപരാധികൾ വേട്ടയാടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ അരുത്. ഹർത്താൽ സംഘടിപ്പിക്കുന്നതിൽ പങ്ക് സുവ്യക്തമാവുകയും ഹർത്താൽ ദിനത്തിൽ മനുഷ്യാവകാശ ലംഘനങ്ങളോ അക്രമങ്ങളോ നടത്തിയതായി തെളിയിക്കപ്പെടുകയും ചെയ്തവരെ മാത്രമേ നിയമ നടപടികൾക്ക്
വിധേയമാക്കാവൂ.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ പി.എഫ്.ഐയുമായോ അവരുടെ ഹർത്താലുമായോ ഒരു ബന്ധവുമില്ലാത്ത പൊതു പ്രവർത്തകരും നാട്ടിൽ ഒരു സംഘർഷത്തിലും ഭാഗഭാക്കാവുകയോ ഒരു പെറ്റിക്കേസിൽ പോലും പ്രതിചേർക്കപ്പെടുകയോ ചെയ്യാത്ത, ഹർത്താൽ ദിനത്തിൽ സ്ഥലത്തില്ലാത്ത, വർഷങ്ങളായി നാട്ടിൽ പോകാത്ത പ്രവാസികളും റവന്യൂ റിക്കവറിയുടെ പേരിൽ വേട്ടയാടപ്പെടുന്നുണ്ട്. ഇത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്. ഈ വസ്തുത സർക്കാർ തിരിച്ചറിയണമെന്നും റവന്യൂ വകുപ്പ് നടത്തുന്ന ജപ്തി നടപടികളിൽ സംഭവിച്ച ഗുരുതര പാകപ്പിഴവുകൾ തിരുത്തപ്പെടണമെന്നും നിരപരാധികൾ ജപ്തി നടപടികൾക്ക് വിധേയമായതിനെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്.ഐ.സി നിവേദനത്തിൽ ആവശ്യപ്പെട്ടു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എസ്.ഐ.സി നേതാക്കളായ സവാദ് ഫൈസി വർക്കല, മൻസൂർ ഹുദവി കാസർകോട്, ഉമർ വളപ്പിൽ, മജീദ് വാണിയമ്പലം, അനീസ് മാസ്റ്റർ മഞ്ചേരി എന്നിവർ സംബന്ധിച്ചു.






