ദമാം- ദ്വിദിന സന്ദർശനത്തിനായി സൗദി കിഴക്കൻ പ്രവിശ്യയിലെത്തിയ സംസ്ഥാന റവന്യൂ ഭവന വകുപ്പ് മന്ത്രി കെ.രാജന് പ്രവാസികളുടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് കെ.എം.സി.സി നിവേദനം നൽകി. കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, സെക്രട്ടറി സിറാജ് ആലുവ, ദമാം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര തുടങ്ങിയവർ നേതൃത്വം നൽകി.
കോവിഡാനന്തരം പ്രവാസ ലോകത്തുണ്ടായ തൊഴിൽ പ്രതിസന്ധി മൂലം നാട്ടിൽ നിന്നും തിരികെ വരാൻ കഴിയാത്ത പ്രവാസികൾ രണ്ടു ലക്ഷത്തിലേറെയുണ്ടെന്ന സംസ്ഥാന സി.ഡി.എസ് പുറത്തുവിട്ട കണക്ക് പ്രകാരം ഇവരിൽ അർഹരായ പ്രവാസികളെ കണ്ടെത്തി വളരെ വേഗത്തിൽ ബി.പി.എൽ കാറ്റഗറിയിൽ ഉൾപ്പെടുത്താനും ഇവർക്ക് സ്വയം തൊഴിലിനായി 5 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സർക്കാർ ജാമ്യത്തിൽ നൽകാനും ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഹർത്താലിനോടനുബന്ധച്ച് റവന്യൂ ആഭ്യന്തര വകുപ്പുകൾ ചേർന്നു നടത്തി വരുന്ന ജപ്തി നടപടികളിൽ നിരപരാധികളായ പ്രവാസികളടക്കം ഉൾപ്പെട്ടുവെന്നത് വളരെ ഗൗരവകരമാണെന്നും ഇത്തരം മനുഷ്യത്വരഹിതമായ നടപടികൾ അടിയന്തരമായി നിർത്തിവെക്കാനും ഇവർ ആവശ്യപ്പെട്ടു. പ്രവാസികളുടെ നിരവധി വിഷയങ്ങൾക്ക് പരിഹാരം കാണാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവാസി സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും കഴിഞ്ഞ ലോക കേരളസഭ സമ്മേളനത്തിൽ പ്രഖ്യാപിച്ചത് പോലെ സാധാരണക്കാരായ പ്രവാസികൾ ഏറെയുള്ള സൗദി അറേബ്യയിൽ വെച്ച് തന്നെ ലോക കേരളസഭ സമ്മേളനം നടത്തണമെന്നും നിർദേശിച്ചു.
തൊഴിലില്ലായ്മയടക്കം ജനകീയ ആവശ്യങ്ങൾ ഉയർത്തി സമരം നടത്തുന്ന പ്രതിപക്ഷ യുവജന നേതാക്കളെ ലാത്തിച്ചാർജ് കൊണ്ടും അനാവശ്യ അറസ്റ്റ് നടപടി സ്വീകരിച്ചും നേരിടുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നടപടികളിലുള്ള പ്രവാസികളുടെ ശക്തമായ പ്രതിഷേധം റവന്യൂ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചുവെന്നും നിവേദക സംഘത്തിലുണ്ടായ സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല, സെക്രട്ടറി സിറാജ് ആലുവ, ദമാം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര എന്നിവർ വ്യക്തമാക്കി.






