ജിദ്ദ- മഞ്ചേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം എത്തുന്ന തുന്നിക്കെട്ടിയ മൃതദേഹങ്ങൾ അതാത് മതാചാര പ്രകാരം കുളിപ്പിച്ച് സംസ്‌കരിക്കാൻ മുന്നിൽ നിൽക്കുന്ന മനുഷ്യസ്‌നേഹിയായ മഞ്ചേരി സ്വദേശി ഹമീദ് കൊടവണ്ടിക്ക് ഷറഫിയ കെ.എം.സി.സി ആദരം നൽകുന്നു. ഫെബ്രുവരി 3 വെള്ളിയാഴ്ച രാത്രി 8.30 മണിക്ക് ഷറഫിയ കെ.എം.സി.സി ഓഫീസിൽ വെച്ചാണ് ആദരവ് നൽകുന്നത്.
കെ.എം.സി.സിയുടെ സെൻട്രൽ, ജില്ലാ കമ്മിറ്റി നേതാക്കളടക്കമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. രാഷ്ട്രീയത്തിനപ്പുറം മാനുഷിക പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനാണ് ഹമീദ് കൊടവണ്ടി. മനുഷ്യൻ നിസ്സഹായനും ദുർബലനുമാകുന്ന മോർച്ചറി പരിസരത്ത് പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഉള്ള വേർതിരിവില്ലാതെ ചലനമറ്റു കിടക്കുന്ന മൃതദേഹങ്ങൾ ജാതിയും മതവും നോക്കാതെ സംസ്‌ക്കരിക്കുന്ന ഹമീദിന്റെ സേവനം രണ്ടര പതിറ്റാണ്ടായി തുടരുകയാണ്.
ഇതിനിടയിൽ ഉംറ കർമത്തിനെത്തിയ ഹമീദിന് അർഹിക്കുന്ന പരിഗണന നൽകുകയാണ് പ്രവാസ ലേകത്തു നിന്നും ഷറഫിയ കെ.എം.സി.സി. പരിപാടിയിൽ എല്ലാ പ്രവാസി മനുഷ്യ സ്‌നേഹികളും പങ്കെടുക്കണമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.






