കാപ്പിരിമുത്തപ്പൻ, നാമിയ മൂത്ത, കുഞ്ഞി മരക്കാർ: ജന്മനാടിന്റെ പുരാവൃത്തത്തിന് കലാവിഷ്‌കാരമൊരുക്കി നൗറിൻ

കൊച്ചി- സ്റ്റുഡന്റസ് ബിനാലെയിലെ 'അർബൻ മിത്ത്സ്' എന്ന കലാവതരണത്തിൽ കൊച്ചിക്കാരി സി.എസ്. നൗറിൻ പ്രമേയമാക്കുന്നത് ജന്മനാടിന്റെ വാമൊഴി പുരാവൃത്തം. പ്രദേശിക ആരാധനാമൂർത്തികളായ 
കാപ്പിരിമുത്തപ്പൻ, നാമിയ മൂത്ത, കുഞ്ഞി മരക്കാർ എന്നിവരുടെ ചരിത്ര -നിഗൂഢ -രഹസ്യാത്മക പശ്ചാത്തലങ്ങൾ അന്വേഷിക്കുകയാണ് ഗുജറാത്ത് ഗാന്ധിനഗർ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിംഗിലെ ഈ മാസ്റ്റർ ഓഫ് ഫോട്ടോഗ്രഫി ഡിസൈനിംഗ് അവസാന വർഷ വിദ്യാർത്ഥിനി.


പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാരുടെ വരവോടെ കേരളതീരത്തുനിന്നു പൊടുന്നനെ പലായനത്തിനു നിർബന്ധിതരായ പോർച്ചുഗീസുകാർ, കേരളത്തിലെ തങ്ങളുടെ ധനമെല്ലാം പിന്നീട് വീണ്ടെടുക്കാമെന്ന വിചാരത്തിൽ പലയിടങ്ങളിലായി കുഴിച്ചിട്ടെന്നും, നിധികാക്കാനും, പ്രേതഭയം ഉണ്ടായി മറ്റാരും അത് അപഹരിക്കാതിരിക്കാനുമായി നിധിക്കൊപ്പം കിഴക്കൻ ആഫ്രിക്കയിൽനിന്നു കൊണ്ടുവന്നിരുന്ന തങ്ങളുടെ 'കാപ്പിരി' അടിമകളിൽ ഓരോരുത്തരെ കുഴിച്ചിട്ടെന്നുമുള്ള വിശ്വാസത്തിൽ നിന്നാണ് കാപ്പിരിമുത്തപ്പൻ സങ്കല്പം രൂപപ്പെട്ടത്. കാപ്പിരി മുത്തപ്പന്റെ പ്രത്യക്ഷാനുഭവം ഉണ്ടായെന്ന അവകാശവാദങ്ങൾ കൊച്ചിയിൽ സാധാരണം. രോഗശാന്തിക്കും നല്ല കാലത്തിനുമായി മുത്തപ്പനെ ഉപാസിക്കുന്നവർ ഏറെ. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കൊച്ചിയിലെ യഹൂദ സമൂഹത്തിൽ ജീവിച്ച കബ്ബാലിസ്റ്റ് മിസ്റ്റിക്കും കവിയും ആയിരുന്നു നാമിയ മൂത്ത എന്ന നെഹമിയ ബെൻ അബ്രാഹം മോട്ടാ. 1570-കളിലെങ്ങോ യെമനിൽ ജനിച്ചതായി കരുതപ്പെടുന്ന നെഹമിയ, 1615-ൽ കൊച്ചിയിൽ മരിച്ചു. മട്ടാഞ്ചേരിയിൽ കടവുംഭാഗത്തെ മലബാറി യഹൂദ സെമിത്തേരിയിലുള്ള 'നാമിയ മൂത്ത'യുടെ കബറിടം, നാനാജാതിമതസ്ഥരെ ആകർഷിക്കുന്നു. മലബാറി, പരദേശി യഹൂദസമൂഹങ്ങളും ഇതര സമുദായക്കാരും നെഹമിയായെ പുണ്യപുരുഷനായി കരുതി ബഹുമാനിക്കുകയും കബറിടത്തിലെ പ്രാർത്ഥനവഴി അഭീഷ്ടങ്ങൾ സാധിക്കാമെന്നു വിശ്വസിക്കുകയും ചെയ്യുന്നു. 
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരോട് യുദ്ധം ചെയ്തു വീരമൃതു വരിച്ച മാപ്പിള പോരാളിയാണ് കുഞ്ഞി മരക്കാർ എന്ന ശഹീദ് കുഞ്ഞി മരക്കാർ. വിവാഹ നാളിൽ പോർച്ചുഗീസ് പട തട്ടിയെടുത്ത പ്രതിശ്രുത വധുവിനെ ഒറ്റയ്ക്ക് പോരാടി രക്ഷിച്ച കുഞ്ഞി മരക്കാർ പക്ഷെ രണ്ടു കപ്പലുകളിലായി പോർച്ചുഗീസുകാർ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. രണ്ടു കപ്പലുകളിലുമായി അപ്പോൾ പക്ഷെ അവശേഷിച്ചത് ഒരു പോർച്ചുഗീസ് സൈനികൻ മാത്രമായിരുന്നത്രെ. കുഞ്ഞി മരക്കാരിന്റെ മൃതദേഹം ഏഴു കഷ്ണങ്ങളായി വെട്ടിയെറിഞ്ഞു കടലിലൊഴുക്കിയാണ് പോർച്ചുഗീസുകാർ പക തീർത്തത്. ഇവയിലൊരു ശരീരഭാഗം മട്ടാഞ്ചേരിയിലും അടിഞ്ഞു. ഇത് അടക്കം ചെയ്തതാണ് മരക്കാർ ഔലിയ ജാറം. സിദ്ധന്മാരിലെ ഉന്നത പദവി വാഹകനായും പ്രകീർത്തനങ്ങളിലൂടെ ജീവിക്കുന്ന രക്തസാക്ഷികളുടെ നേതാവുമായി കുഞ്ഞി മരിക്കാർ വിശേഷിപ്പിക്കപ്പെടുന്നു.


ഫോട്ടോഗ്രാഫുകളും ചാർക്കോൾ അനിമേഷനും ഉൾപ്പെട്ട വീഡിയോ പ്രതിഷ്ഠാപന (ഇൻസ്റ്റലേഷൻ)മാണ് 'അർബൻ മിത്ത്സ്'. 'ബ്രാസ് ബജാ' എന്ന മറ്റൊരു കലാവിഷ്‌കാരവും നൗറിന്റേതായുണ്ട്. അഹമ്മദാബാദിലെ വിവാഹ സീസണുകളിൽ ബ്രാസ് എന്ന സംഗീതോപകരണം ഉപയോഗിച്ച് ബാൻഡ് വാദ്യം ചെയ്യുന്നവരെക്കുറിച്ചുള്ള അന്വേഷണവും അവതരണവുമാണ് ബ്രാസ് ബജാ. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള കർഷകരാണ് അഹമ്മദാബാദിലെ വിവാഹ സീസണായ ഡിസംബർ മുതൽ ഏപ്രിൽ വരെ കാലത്ത് അവിടേക്കെത്തി ബ്രാസ് ബാൻഡ് അവതരിപ്പിക്കുന്നത്. ആറുമാസം കർഷകരായും ആറുമാസം ബാൻഡ് വാദ്യക്കാരായുമുള്ള ആ സമൂഹത്തിന്റെ സമാന്തര ജീവിതവും സംഗീതം ഒരു തനത് സമൂഹത്തെ സൃഷ്ടിക്കുന്നതും ഫോട്ടോഗ്രാഫുകളുടെ വേറിട്ട വിന്യാസത്തിലൂടെ നൗറിൻ സ്റ്റുഡന്റസ് ബിനാലെയിൽ അവതരിപ്പിച്ചിരിക്കുന്നു. മട്ടാഞ്ചേരി കെ.വി.എൻ ആർക്കേഡിലാണ് രണ്ട് അവതരണങ്ങളും.

 

Latest News