പട്ടിയെ വിട്ട് എക്‌സൈസ് സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച ലഹരി വില്‍പ്പനക്കാരന്‍ പിടിയില്‍

കൊച്ചി- പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ സൈബീരിയന്‍ ഹസ്‌കിയെന്ന വിദേശ ഇനം നായയെ ഇറക്കിവിട്ട ലഹരി വില്‍പ്പരനക്കാരന്‍ അറസ്റ്റില്‍. കാക്കനാട് നിലംപതിഞ്ഞ മുകള്‍ സ്വദേശി ലിയോണ്‍ റെജി (23) ആണ് പിടിയിലായത്. 

തുതിയൂരില്‍ വാടക വീടെടുത്ത് ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. റെജിയുടെ പക്കല്‍ നിന്ന് അഞ്ച് ഗ്രാം എം ഡി എം എയും മൂന്നു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.  

നാലു ദിവസം മുന്‍പാണ് തുതിയൂര്‍ സെന്റ് ജോര്‍ജ്ജ് കപ്പേള റോഡിലെ ഒരു വീട്ടില്‍ ഐ. ടി. ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇയാള്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇയാള്‍ താമസിക്കുന്ന മുറിയില്‍ തന്നെയാണ് പട്ടിയും കഴിഞ്ഞിരുന്നത്. ഇന്‍ഫോ പാര്‍ക്ക് കേന്ദ്രീകരിച്ച് രാസലഹരി വില്‍പ്പന നടത്തുന്ന ആളെക്കുറിച്ച് നേരത്തെ തന്നെ സിറ്റി മെട്രോ ഷാഡേയ്ക്കും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനും സൂചന ലഭിച്ചിരുന്നെങ്കിലും കൃത്യമായ സ്ഥലം മനസ്സിലായിരുന്നില്ല. 

താമസം തുടങ്ങിയ ദിവസം മുതല്‍ മുറിക്കു പുറത്തിറങ്ങിയിട്ടില്ലാത്ത ലിയോണ്‍ റെജി ഓണ്‍ലൈന്‍ മുഖേനയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിച്ചിരുന്നത്. മയക്കുമരുന്ന് ആവശ്യമുള്ളവര്‍ ഓണ്‍ലൈന്‍ മുഖേന പണം നല്‍കി കഴിഞ്ഞാല്‍ ഇയാള്‍ ലൊക്കേഷന്‍ അയച്ചുകൊടുത്ത് വീട്ടില്‍ വച്ച് ഇടപാട് നടത്തിവരികയുമായിരുന്നു. ഇയാളില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി മെട്രോ ഷാഡോയും ഇന്റലിജന്‍സ് വിഭാഗവും സ്ഥലത്തെത്തിയത്. ഇവര്‍ക്കെതിരെ ലിയോണ്‍ റെജി പട്ടിയെ അഴിച്ചുവിടുകയായിരുന്നു. 

ബലപ്രയോഗത്തിലൂടെ മുറിയില്‍ പ്രവേശിച്ച എക്‌സൈസ് സംഘം പട്ടിയെ തന്ത്രപൂര്‍വ്വം മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് മയക്കുമരുന്ന് വില്‍പ്പനക്കാരനെ കീഴ്‌പ്പെടുത്തിയത്. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ പിടിയിലായ ശേഷവും മാരക അക്രമം അഴിച്ചു വിട്ട് അലറി വിളിച്ച ഇയാള്‍ കണ്ടു നിന്ന നാട്ടുകാരില്‍ ഭീതി പടര്‍ത്തി. ഇയാള്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്നവരെക്കുറിച്ചുള്ള വ്യക്തമായ സൂചന എക്‌സൈസിന് ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇത് കൂടാതെ നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചതിനെതിരെയും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

മയക്കുമരുന്ന് ഗ്രാമിന് 2500ല്‍ പരം രൂപയ്ക്ക് വാങ്ങി 4000 മുതല്‍ 6000 രൂപ നിരക്കില്‍ മറിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നു. പാര്‍ട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍, സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗ്ഗീസ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍. ഡി. ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി. ഇ. ഒ. ടി. ആര്‍. അഭിലാഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest News