Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ബസ് യാത്രക്കാരുടെ  എണ്ണം പാതിയായി ചുരുങ്ങി

കോഴിക്കോട്- കേരളത്തിലെ പൊതുജനങ്ങള്‍ ഗതാഗതത്തിനായി എക്കാലവും ആശ്രയിച്ചിരുന്നവയാണ് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ സ്വകാര്യകെഎസ്ആര്‍ടിസി ബസ് സര്‍വീസുകളില്‍ യാത്രചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. പ്രതിദിനം 68 ലക്ഷം യാത്രക്കാരാണ് ബസ് സര്‍വീസുകളില്‍ നിന്ന് അപ്രത്യക്ഷരായത്.
2013ല്‍ 1.32 കോടി യാത്രക്കാര്‍ ബസുകളെ ആശ്രയിച്ചിരുന്നെങ്കില്‍ 2023 ആകുമ്പോള്‍ ഇത് കേവലം 64 ലക്ഷത്തിനടുത്താണ്. ഒരു ബസ് പിന്‍വാങ്ങുമ്പോള്‍ കുറഞ്ഞത് 550 പേരുടെ യാത്രാ സൗകര്യമെങ്കിലും ഇല്ലാതാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.
ഒരു റൂട്ടില്‍ ഒരു ബസ് സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ അതില്‍ യാത്രചെയ്തിരുന്ന 20 പേരെങ്കിലും ഇരുചക്രവാഹനങ്ങളിലേക്ക് മാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോവിഡ് കാല മുന്‍കരുതലുകളുടെ ഭാഗമായി സമ്പര്‍ക്കം ഒഴിവാക്കാന്‍ പലരും ബസ് യാത്ര ഒഴിവാക്കി സ്വന്തം വാഹനങ്ങള്‍ വാങ്ങി. ഇവര്‍ എന്നേക്കുമായി ബസ്യാത്ര ഒഴിവാക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായത്. സര്‍വീസുകള്‍ കുറഞ്ഞതും യാത്രക്കാരെ ബസുകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് കാരണമായി. യാത്രക്കാര്‍ക്ക് ആവശ്യമുള്ള സമയത്ത് സര്‍വീസ് ഇല്ലാത്ത അവസ്ഥ വന്നതോടെ ഇവര്‍ സ്വന്തംവാഹനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി.
പലര്‍ക്കും ഒരു ദിവസം തന്നെ ഒന്നിലധികം ബസില്‍ യാത്രചെയ്യേണ്ടിവരും. ഈ സമയനഷ്ടം ഒഴിവാക്കാന്‍ ബസ് ഉപേക്ഷിക്കുന്നവരും ഏറെയാണ്.
ബസ് ചാര്‍ജും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള ചെലവും തമ്മില്‍ വലിയ വ്യത്യാസം ഇല്ലാത്ത സ്ഥിതിയായി. അതിനാല്‍ യാത്രക്കാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, ഇരുചക്രവാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി.

Latest News