ഹജ് ഇൻവോയ്‌സ് ഇഷ്യൂ ചെയ്ത ശേഷം ആശ്രിതനെ നീക്കാമെന്ന്‌ മന്ത്രാലയം

മക്ക - ഹജ് ബുക്കിംഗിന്റെ ഭാഗമായി തെരഞ്ഞെടുത്ത പാക്കേജ് പ്രകാരമുള്ള ഇൻവോയ്‌സ് ഇഷ്യൂ ചെയ്ത ശേഷം മെയിൻ അപേക്ഷകന് ആശ്രിതരിൽ ഒരാളെ ബുക്കിംഗിൽ നിന്ന് നീക്കം ചെയ്യാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ആശ്രിതനെ കാൻസൽ ചെയ്തത് കൺഫേം ചെയ്ത് പുതിയ ഇൻവോയ്‌സ് ഇഷ്യൂ ചെയ്ത ശേഷം ആശ്രിതനെ വീണ്ടും ഹജ് ബുക്കിംഗിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.
അതേസമയം, ഇത്തവണ വിദേശങ്ങളിൽ നിന്ന് എത്തുന്ന ഹജ് തീർഥാടകർക്ക് പാർപ്പിട സൗകര്യം നൽകാൻ മക്കയിൽ ആകെ അഞ്ചു ലക്ഷം മുറികളുള്ള നാലായിരം കെട്ടിടങ്ങൾക്ക് ലൈസൻസുകൾ അനുവദിക്കാൻ ലക്ഷ്യമിടുന്നതായി മക്ക നഗരസഭ വക്താവ് ഉസാമ അൽസൈത്തൂനി പറഞ്ഞു. സ്വന്തം വീടുകൾ ഹജ് തീർഥാടകരുടെ താമസത്തിന് വാടകക്ക് നൽകാൻ ആവശ്യമായ ലൈസൻസ് നേടാൻ മക്ക നിവാസികളായ സൗദി പൗരന്മാർ വലിയ തോതിൽ മുന്നോട്ടു വരുന്നുണ്ട്. വിദേശങ്ങളിൽ നിന്ന് എത്തുന്ന ഇരുപതു ലക്ഷത്തോളം വരുന്ന ഹജ് തീർഥാടകരെ ഉൾക്കൊള്ളാൻ ശേഷിയിൽ അഞ്ചു ലക്ഷം മുറികളുള്ള നാലായിരം കെട്ടിടങ്ങൾക്ക് ലൈസൻസുകൾ നൽകാനാണ് മക്ക നഗരസഭ ലക്ഷ്യമിടുന്നത്.
ഹജ് തീർഥാടകർക്ക് താമസ സൗകര്യം നൽകാൻ വീടുകളും കെട്ടിടങ്ങളും വാടകക്ക് നൽകാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ലൈസൻസ് അപേക്ഷകൾ സ്വീകരിക്കാൻ ഇപ്പോൾ നിർണയിച്ച സമയം അവസാനിക്കുകയും ലക്ഷ്യമിട്ടത്ര കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകാൻ സാധിക്കാതെ വരികയും ചെയ്യുന്ന പക്ഷം അപേക്ഷ സ്വീകരിക്കുന്ന സമയം ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. ഹാജിമാരുടെ താമസത്തിന് വാടകക്ക് നൽകുന്ന കെട്ടിടങ്ങൾക്ക് നിശ്ചിത മാനദണ്ഡങ്ങളും വ്യവസ്ഥകളും ബാധകമാണ്. ഇവ പൂർണമാണെന്ന് ഉറപ്പു വരുത്തിയാണ് കെട്ടിടങ്ങൾക്ക് ലൈസൻസുകൾ അനുവദിക്കുന്നത്. ഹജ് തീർഥാടകരുടെ താമസത്തിന് വില്ലകൾക്കും ഇസ്തിറാഹകൾക്കും ലൈസൻസുകൾ അനുവദിക്കില്ലെന്നും മക്ക നഗരസഭ വക്താവ് പറഞ്ഞു.

Tags

Latest News