അബഹ - അബഹ, ഖമീസ് മുഷൈത്ത്, അഹദ് റുഫൈദ എന്നിവിങ്ങളിൽ അടുത്ത വർഷാദ്യം മുതൽ ബസുകൾ ഉപയോഗിച്ചുള്ള പൊതുഗതാഗത സംവിധാനം ആരംഭിക്കുമെന്ന് അസീർ വികസന അതോറിറ്റി അറിയിച്ചു. പൊതുഗതാഗത അതോറിറ്റിയുമായും അസീർ നഗരസഭയുമായുമുള്ള പങ്കാളിത്തത്തോടെയാണ് അബഹ, ഖമീസ് മുഷൈത്ത്, അഹദ് റുഫൈദ എന്നിവിടങ്ങളിൽ പൊതുഗതാഗത പദ്ധതി ആരംഭിക്കുന്നത്. മൂന്നു നഗരങ്ങളിലും ഈ നഗരങ്ങളെ ബന്ധിപ്പിച്ചും ആകെ 321 കിലോമീറ്റർ ദൂരമുള്ള 13 റൂട്ടുകളിൽ 55 ബസുകൾ ഉപയോഗിച്ചുമാണ് സർവീസ് നടത്തുക. ഈ റൂട്ടുകളിൽ ആകെ 196 ബസ് സ്‌റ്റോപ്പുകളുണ്ടാകും. ബസുകളിൽ ജോലി ചെയ്യാൻ 150 ലേറെ ഡ്രൈവർമാരെ നിയമിക്കും. ദിവസേന പതിനെട്ടു മണിക്കൂർ നേരം ബസ് സർവീസുകളുണ്ടാകുമെന്നും അസീർ വികസന അതോറിറ്റി പറഞ്ഞു.






