ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത് പ്രവാസികൾ -മന്ത്രി കെ. രാജൻ

സംസ്ഥാന റവന്യൂ മന്ത്രി കെ. രാജൻ ദമാമിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു.

ദമാം- കേരളത്തിന്റെ വളർച്ചയിൽ ഏറ്റവും നിർണായക പങ്കു വഹിക്കുന്നത് പ്രവാസികളാണെന്നും അവരോടൊപ്പം ചേർന്നുനിൽക്കുന്നതാണ് കേരള സർക്കാരിന്റെ സമീപനമെന്നും റവന്യൂ മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. ദമാം നവയുഗം നടത്തുന്ന നവയുഗ സന്ധ്യയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ അദ്ദേഹം ദമാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു. 
ഐക്യകേരളം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചത് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ ആണെങ്കിലും ഇന്ന് കാണുന്ന ഐക്യകേരളത്തെ പുതുക്കിപ്പണിതത് പ്രവാസികളാണ്. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികൾ. പ്രവാസികൾ റവന്യൂ വകുപ്പിൽ വിവിധ തലങ്ങളിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങളിൽ തീർപ്പ് കൽപിക്കാൻ സംവിധാനം അടിയന്തരമായി ഒരുക്കുമെന്നും മന്ത്രി ഉറപ്പു നൽകി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന രീതിയിൽ ഇടതുപക്ഷ സർക്കാർ റവന്യൂ വകുപ്പിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയതായും പൂർണമായ ഡിജിറ്റലൈസേഷൻ നടപ്പാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ പറഞ്ഞ പട്ടയ മിഷനിലൂടെ പട്ടയമില്ലാതെ വർഷങ്ങളായി ബുദ്ധിമുട്ടുന്നവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ആദ്യമായി ആധാറും തണ്ടപ്പേരും കൂട്ടിച്ചേർത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം നിജപ്പെടുത്തുന്ന സംവിധാനം നടപ്പാക്കിയത് കേരളത്തിൽ ആണെന്നും ഇതെല്ലാം കൂടി വരുന്ന സംവിധാനമാണ് പട്ടയമിഷൻ എന്നും മന്ത്രി രാജൻ കൂട്ടിച്ചേർത്തു. 
ഭൂമി അധികം കൈവശം വെച്ച് ഈ സർക്കാരിനെ കബളിപ്പിക്കാൻ ശ്രമിച്ചാൽ എത്ര ഉന്നതൻ ആയാലും  നിയമത്തിനു മുമ്പിൽ കൊണ്ടുവരും. കേരളത്തിലെ ആകെ 1666 വില്ലേജുകളിൽ 915 വില്ലേജുകളിൽ ഭൂമി ഡിജിറ്റൽ റീസർവേ നടത്തുകയും അളന്നു തിട്ടപ്പെടുത്തുന്ന സംവിധാനങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ സർവേയുടെ ഭാഗമായി എന്റെ ഭൂമി എന്ന പോർട്ടൽ ആരംഭിക്കുകയും ഭൂവുടമകളുടെ ഭൂമി അളക്കാൻ പോകുന്നത് മുതൽ അളന്നു തിട്ടപ്പെടുത്തി ഈ പോർട്ടലിൽ രേഖപ്പെടുത്തുന്നതോടെ ഭൂമി സംബന്ധിച്ച ക്രയവിക്രയങ്ങൾ എളുപ്പമാകുമെന്നും മന്ത്രി പറഞ്ഞു. 
റവന്യൂ വകുപ്പിൽ പൂർണമായും ഡിജിറ്റൽ സംവിധാനം വരുന്നതോടെ വിവിധ വകുപ്പുകളിൽനിന്നു ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി ലഭിച്ചു തുടങ്ങിയതായും റവന്യു വകുപ്പിൽ ഇ- സാക്ഷരത യജ്ഞം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതി പൂർണമായും ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ നടത്തുന്ന റവന്യൂ റിക്കവറി രാഷ്ട്രീയ പകപോക്കലെല്ലന്നും നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ടങ്കിൽ പരിഹരിക്കുമെന്നും മന്ത്രി  പറഞ്ഞു. 
മീഡിയ ഫോറം പ്രസിഡന്റ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു. നവയുഗം നേതാക്കളായ എം.എ. വാഹിദ് കാര്യറ, ജമാൽ വില്യാപ്പിള്ളി എന്നിവർ സംബന്ധിച്ചു. സുബൈർ ഉദിനൂർ സ്വാഗതവും പ്രവീൺ കുമാർ തൃപ്രയാർ നന്ദിയും പറഞ്ഞു. 

Tags

Latest News