ശാന്തിനികേതന്‍- ബംഗ്ലാദേശില്‍ അഭയം തേടിയ പത്ത് ലക്ഷത്തോളം റോഹിംഗ്യ മുസ്ലിംകളെ പുനരധിവസിപ്പിക്കാന്‍ മ്യാന്മര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയുടെ സഹായം തേടി. ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ അവസരമൊരുക്കണമെന്നും മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും ശാന്തനിനികേതനില്‍ വിശ്വഭാരതി സര്‍വകശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം പങ്കെടുത്ത ശൈഖ് ഹസീന പറഞ്ഞു.
ഇന്ത്യയുമായി ഇനിയും പരിഹരിക്കപ്പെടാത്ത പല പ്രശ്‌നങ്ങളുമുണ്ടെന്നും അവയെല്ലാം രമ്യമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ബിരുദദാന ചടങ്ങും ബംഗ്ലാദേശ് ഭവന ഉദ്ഘാടനവുമാണ് സര്‍വകലാശാലയില്‍ നടന്നത്. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ചരിത്രം വിളിച്ചോതുന്ന സാംസ്‌കാരിക സമുച്ചയമാണ് ബംഗ്ലാദേശ് ഭവന.
ഇന്ത്യയുമായി നിലവിലുളള ഉഭയകക്ഷി പ്രശ്‌നങ്ങള്‍ എടുത്തു പറഞ്ഞ് ചടങ്ങിന്റെ ഭംഗി നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പല പ്രശ്‌നങ്ങളും രമ്യമായി പരിഹരിച്ചിട്ടുണ്ട്. ബാക്കിയുള്ളവയും സംഭാഷണത്തിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ-ശൈഖ് ഹസീന പറഞ്ഞു.