Sorry, you need to enable JavaScript to visit this website.

ഹജ്ജ് യാത്രയിലെ തടസ്സം അറിയിച്ച്, പ്രതീക്ഷകൾ പറഞ്ഞ് ശിഹാബ് ചോറ്റൂർ

- നാലുമാസത്തിലേറെയായി വാഗാ അതിർത്തിയിൽ കുടുങ്ങിയ ശിഹാബിന് നാലുദിവസത്തിനകം യാത്ര തുടരാനാകുമെന്നാണ് പ്രതീക്ഷ.
- പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് യാത്രാ തടസ്സമുണ്ടായതെന്നും ശിഹാബ്.
- കാത്തിരിക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിന്റെ രേഖ ലഭിക്കാൻ

പഞ്ചാബ് (ആഫിയ സ്‌കൂൾ) - മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ യാത്രയുടെ പുരോഗതി അറിയിച്ച് രംഗത്ത്. നാലുമാസത്തിലേറെയായി ഇന്ത്യാ-പാക് അതിർത്തി കടയ്ക്കാനാകാതെ വാഗയിൽ കുടുങ്ങിയ ശിഹാബ്, പഞ്ചാബിലെ ആഫിയാ സ്‌കൂളിലാണ് താൻ ഇപ്പോഴുള്ളതെന്ന് പുതിയ വീഡിയോയിൽ വ്യക്തമാക്കി.
 വിസ നൽകാമെന്ന് അധികൃതർ പറഞ്ഞതായും മൂന്ന്-നാല് ദിവസത്തിനുള്ളിൽ കാൽനടയായി ഹജ്ജ് യാത്ര തുടരുമെന്നും വിവരങ്ങൾ പങ്കുവെക്കരുതെന്ന് നിർദേശമുണ്ടായതിനാലാണ് ഇതുവരെയും വിവരങ്ങൾ പങ്കുവെക്കാതിരുന്നതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ അറിയിച്ചു. പഞ്ചാബിലെ ഷാഹി ഇമാം ദൽഹിയിൽ നിന്ന് തിരിച്ചെത്തിയതോടെ അദ്ദേഹത്തോടൊപ്പമാണ് ശിഹാബ് വീഡിയോ പുറത്തുവിട്ടത്.
 തന്നെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്ന യൂട്യൂബേഴ്‌സിനോട് ഒന്നും പറയാനില്ലെന്നും അത് അവരും അല്ലാഹുവുമായിട്ടാവട്ടെയെന്നും പറഞ്ഞു. പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് യാത്രാതടസ്സമുണ്ടായതെന്നും ശിഹാബ് പറഞ്ഞിരുന്നു. 
 തനിക്ക് ഇപ്പോൾ അനുവദിച്ച ടൂറിസ്റ്റ് വിസ ഒരു മണിക്കൂർ കൊണ്ട് ലഭിക്കുന്നതാണ്. എന്നാൽ തനിക്ക് വേണ്ടത് ട്രാൻസിറ്റ് വിസയാണ്. ടൂറിസ്റ്റ് വിസയിൽ പോയാൽ തനിക്ക് പാകിസ്താൻ സന്ദർശിച്ച് തിരികെ വരാമെന്നും എന്നാൽ തനിക്ക് പാകിസ്താനിലെത്തി ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസയാണ് വേണ്ടതെന്നും ശിഹാബ് വിശദീകരിച്ചു. വാഗാ ബോർഡർ വഴി പാകിസ്താനിൽ കയറി ഇറാനിലെ തഫ്താൻ ബോർഡർ വഴിയാണ് പോകേണ്ടണ്ടതെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു രേഖ കൂടി ലഭിക്കണമെന്നും ശിഹാബ് പറഞ്ഞു.
 ഇന്ത്യാ-പാക് അതിർത്തിയായ വാഗയിൽ തടഞ്ഞുവെക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ശിഹാബിനെ കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. അപ്പോഴും ശിഹാബിന്റെ യാത്രാലക്ഷ്യം പൂവണിയാൻ പ്രാർത്ഥിക്കുകയായിരുന്നു വിശ്വാസികൾ. യാത്രാ തടസ്സങ്ങൾ എത്രയും വേഗത്തിൽ നീങ്ങി ശിഹാബിന് യാത്ര പുനരാംഭിക്കാനും ഹജ്ജ് നിർവഹിക്കാനും സാധിക്കട്ടെ എന്ന് പ്രാർത്ഥനയിലാണ് ശിഹാബിനെ സ്‌നേഹിക്കുന്നവരെല്ലാം.   ആദ്യകാലത്ത് കാൽനടയായും പിന്നീട് കപ്പലിലും ഇപ്പോൾ വിമാനത്തിലുമുള്ള ഹജ്ജ യാത്രയിൽ ശിഹാബിന്റെ യാത്ര പല നിലയ്ക്കും  വാർത്താമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. മണിക്കൂറുകൾ കൊണ്ട് വിശുദ്ധഭൂമിയിൽ എത്താമെന്നിരിക്കെ അത്യാധുനിക സംവിധാനങ്ങൾ ഉപേക്ഷിച്ച് പഴയകാലത്തെ പോലെ സാഹസികമായുള്ള ഈ 30കാരന്റെ നടന്നുള്ള ഹജ്ജ യാത്ര പല നിലയിലാണ് ചർച്ചയിലിടം പിടിച്ചത്. യാത്രയെ പിന്തുണച്ചും ഒറ്റപ്പെട്ട ചില കോണുകളിൽനിന്ന് അപക്വമായും ഇതിനെ വിലയിരുത്തുകയുണ്ടായി. 
 വളാഞ്ചേരിക്കടുത്തുള്ള ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽനിന്ന് 2022 ജൂൺ രണ്ടിന് സുബ്ഹ് നമസ്‌കരിച്ച് കാൽനടയായി ഇറങ്ങിയതാണ് ശിഹാബ്. ചരിത്രസ്മൃതികൾ തേടി വിശുദ്ധ മക്കയിലെത്തി പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുകയാണ് ലക്ഷ്യം. 2023ലെ ഹജ്ജിന്റെ ഭാഗമാകാൻ 8,640 കിലോമീറ്റർ ദൂരമാണ് ഈ ചെറുപ്പക്കാരൻ താണ്ഡിക്കടക്കേണ്ടത്. 280 ദിവസം കൊണ്ട് യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടതെങ്കിലും 2022 സെപ്തംബർ ഏഴു മുതൽ വാഗ അതിർത്തിയിലുണ്ടായ യാത്രാ തടസ്സംമൂലം നടത്തം തുടരാനായില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ തന്നെയാണ് ശിഹാബുള്ളത്. മക്കയിലേക്ക് കാൽനടയായി തന്നെ യാത്ര ചെയ്ത് തന്റെ തീവ്രമായ ആഗ്രഹം നിറവേറ്റാനാകുമെന്നാണ് ശിഹാബിന്റെ ഇപ്പോഴത്തെയും പ്രതീക്ഷ. നിലവിലെ തടസ്സങ്ങൾ മറികടന്ന് നിശ്ചിതസമയത്ത് അവിടെ എങ്ങനെ എത്തുമെന്നതിൽ മാത്രമാണ് നിവിലെ അദ്ദേഹത്തിന്റെ ഫോക്കസിംഗ് പോയിന്റ്.
 വാഗാ അതിർത്തി കടന്ന് പാകിസ്താൻ വഴി ഇറാൻ, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബ്യയിൽ എത്തുംവിധമാണ് യാത്രാ ക്രമീകരണങ്ങൾ.
 വളാഞ്ചേരിക്കടുത്ത കഞ്ഞിപുരയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ശിഹാബ് വിസ, യാത്രാ ഇൻഷൂറൻസുകൾ എല്ലാം റെഡിയാക്കിയാണ് വിശുദ്ധ ഭൂമിയിലേക്ക് യാത്ര തിരിച്ചത്. യാത്രയിൽ വിവിധ പള്ളികളിലും മറ്റുമായാണ് ഭക്ഷണവും താമസവും വിശ്രമവുമെല്ലാം. ആറ് രാജ്യങ്ങൾ കടന്ന് സൗദിയിൽ എത്തിയാൽ 2023ലെ ഹജ്ജിന് അപേക്ഷിക്കാനാണ് പദ്ധതി. അര നൂറ്റാണ്ടിന് ശേഷമാണ് കേരളത്തിൽനിന്ന് ഒരാൾ കാൽനടയായി വീണ്ടും ഹജ്ജിന് പുറപ്പെട്ടത്. ചരിത്രമുറങ്ങുന്ന പുണ്യനഗരിയിലെത്തി ശിഹാബിന് 2023-ലെ വിശുദ്ധ ഹജ്ജ് കർമം ഭംഗിയായി നിർവഹിച്ച് തിരിച്ചെത്താനാവാട്ടെ എന്ന മനസ്സറിഞ്ഞ പ്രാർത്ഥനയിലാണ് മലയാളികൾ.

Latest News